Select Page

മിഖായേലിൻറെയും ലൂസിഫറിൻറെയും ആയുധങ്ങൾ

മിഖായേലിൻറെയും  ലൂസിഫറിൻറെയും ആയുധങ്ങൾ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

മിഖായേലും ലൂസിഫറുമായി സ്വർഗ്ഗത്തിൽ നടന്ന യുദ്ധത്തെക്കുറിച്ചു നമുക്കറിയാം. എന്നാൽ എന്ത് തരം ആയുധങ്ങൾ ആയിരുന്നിരിക്കണം അവർ തമ്മിൽ ഏറ്റുമുട്ടുന്നതിന് ഉപയോഗിച്ചത്?

പ്രസ്തുത യുദ്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വെളിപാട് 12.7 “അനന്തരം സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവൻറെ ദൂതന്മാരും സർപ്പത്തോട് പോരാടി.” “സർപ്പവും അവൻറെ ദൂതന്മാരും എതിർത്തു യുദ്ധം ചെയ്തു. എന്നാൽ  പരാജിതരായി. അതോടെ അവർക്ക് സ്വർഗ്ഗത്തിൽ സ്ഥലമില്ലാതായി” എന്ന ഭാഗം അക്കാര്യത്തെക്കുറിച്ചു സൂചനയൊന്നും തന്നെ തരുന്നില്ല. ഈ സംഭവത്തിൻറെ തന്നെ വിവരണമായ ലൂക്ക 10:18[i], ആയുധസംബന്ധിയായ സൂചനകൾ നൽകുന്നേയില്ല.

എന്നാൽ ഐസയ്യ 14:12-15 -ലെ “വെട്ടി വീഴ്ത്തി, വാളിനിരയായി” എന്നിവ അക്ഷരാത്ഥത്തിൽ സ്വീകരിക്കുവാൻ ദൈവശാസ്ത്രജ്ഞന്മാർ ആരംഭം മുതൽ വിമുഖരായിരുന്നു. മാലാഖാമാരും അവരുടെ പതിത വിഭാഗമായ പിശാചുക്കളും പൂർണ്ണമായും അരൂപികളായതിനാൽ ‘വാളുകൊണ്ട് വെട്ടിവീഴ്ത്തുക’ എന്നതെല്ലാം തീർച്ചയായും പ്രതീകാത്മകമാണ്. കാരണം, അരൂപികളുടെ സംഘർഷത്തിൽ മനുഷ്യായുയുധങ്ങൾ ഉപയോഗിക്കപ്പെടുക എന്നത് തന്നെ അർത്ഥശൂന്യമാണല്ലോ?

എന്തായാലൂം ലൂസിഫറും അവൻറെ അനുയായികളും ഈ സംഘർഷത്തിന് കാരണമായ തങ്ങളുടെ തീരുമാനം എടുത്തത് പരിപൂർണ്ണമായ ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു എന്നതിൽ സംശയമില്ല. മാലാഖാമാർക്ക് മനുഷ്യരെപ്പോലെ ജ്ഞാനം ക്രമേണ വർദ്ധിച്ചു വരുന്നതിനു പകരം, അവരുടെ സൃഷ്ടിയുടെ നിമിഷത്തിൽ തന്നെ (അവർക്ക് ദൈവതിരുമുഖദർശനം, അഥവാ beatification ലഭിക്കുന്നതിന് മുൻപ് തന്നെ) അവരറിയേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് പൂർണ്ണമായ അളവിൽ ദൈവം സന്നിവേശിപ്പിച്ചിരുന്നു. അതിനാൽ തന്നെ തങ്ങൾ എടുക്കുന്ന തീരുമാനത്തിൻറെ സകല വരും വരായ്കകളെക്കുറിച്ചും, അതിൻറെ നിത്യതയെക്കുറിച്ചും പൂർണ്ണമായ ബോധ്യം അവർക്കുണ്ടായിരുന്നു. ആ തിരിച്ചറിവിൽ നിന്നുകൊണ്ടുതന്നെയാണ് അവർ ദൈവനിഷേധമെന്ന തീരുമാനം എടുത്തതും. അതായത് അവർക്കവരുടെ തീരുമാനത്തിൽ പശ്ചാത്താപം ഉണ്ടാകുക അസാധ്യമാണെന്ന് സാരം.

മുൻപ് നാം കണ്ടതുപോലെ, മനുഷ്യസൃഷ്ടിക്ക് മുൻപാണ് മാലാഖമാരുടെ ഈ വിപ്ലവം ഉണ്ടാകുന്നതും ഏതാണ്ട് മൂന്നിലൊന്ന് മാലാഖാമാർ നിപതിക്കുന്നതും[ii]. കാരണം മനുഷ്യസൃഷ്ടി നടന്നയുടനെ തന്നെ പ്രലോഭനവുമായി പിശാച് ആഗതനായി എന്ന് പറയുമ്പോൾ തന്നെ മാലാഖാമാരുടെ പതനം അതിന് മുൻപേ സംഭവിച്ചു എന്ന് വ്യക്തമാണല്ലോ?

ഉല്പത്തിയുടെ പുസ്തകത്തിൽ തന്നെ  മാലാഖാമാരുടെ  സൃഷ്ടിയെക്കുറിച്ചും, അതിലൊരു വിഭാഗത്തിൻറെ പതനത്തെക്കുറിച്ചും  പ്രതിപാദിക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായം. ഉല്പ.1:3-5 യഥാർത്ഥത്തിൽ മാലാഖാമാരുടെയും പിശാചുക്കളുടെയും ഉത്ഭവത്തെക്കുറിച്ചാണ് എന്നാണ് അവരുടെ ഭാഷ്യം.

അവിടെ കാണുന്ന ദൈവം സൃഷ്ടിച്ച “വെളിച്ചം” മാലാഖാമാരാണെന്നും, “ഇരുൾ” ആകട്ടെ, വീണുപോയതിനാൽ കൃപനഷ്ടപ്പെട്ടു പിശാചുക്കളായിത്തീർന്ന വിഭാഗമാണെന്നും കാണുമ്പോൾ ‘അവിടുന്ന് വെളിച്ചത്തെ ഇരുളിൽ നിന്നും വേർതിരിച്ചു’ എന്നതിന് വലിയ അർത്ഥവ്യാപ്തിയുണ്ടല്ലോ?

വി. ആഗസ്തീനോസ് ചൂണ്ടിക്കാണിക്കുന്നത് പോലെ, വെളിച്ചം പ്രഥമ ദിവസത്തെ സൃഷ്ടിയാണ്. അതേസമയം, സൂര്യനും, ചന്ദ്രനും നാലാം നാൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് കാണുമ്പോൾ, പ്രഥമ സൃഷ്ടിയായ വെളിച്ചം ദിനരാത്ര വ്യതിയാനത്തിന് കാരണങ്ങളായവയെക്കുറിച്ചല്ല എന്ന് വ്യക്തമാണല്ലോ? അതായത്, ഈ വെളിച്ചം മറ്റെന്തോ തരം പ്രകാശമാണെന്ന് സാരം.

വിശുദ്ധ ആഗസ്തീനോസ് തൻറെ “ദൈവത്തിൻറെ നഗരം” എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നതനുസരിച്ച്‌, “വെളിച്ചമുണ്ടാകട്ടെ എന്ന് ദൈവം അരുൾചെയ്തപ്പോൾ മാലാഖാമാർ ഉത്ഭവിച്ചെങ്കിൽ, ദൈവസ്നേഹമെന്ന മഹാജ്ഞാനമാകുന്ന നിത്യവെളിച്ചത്തിൽ അവർ പങ്കുകാരാണ് എന്നാണ് അർത്ഥമാക്കുന്നത്. അതായത്, അരൂപികളായ അവരുടെ സ്വത്വ ലക്ഷണമായ “ജാജ്വലത” കൂടാതെ, അവർക്ക് പകർന്ന് നൽകപ്പെട്ട ജ്ഞാനവെളിച്ചത്തെക്കുറിച്ചും ഇവിടെ സൂചനയുണ്ടെന്ന് സാരം.

ഇനി നമുക്ക് ആരംഭത്തിൽ ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചുപോകാം: എന്തായിരുന്നു ലൂസിഫറും വി.മിഖായേലും ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവം? മുൻപ് വിവരിച്ച വിധത്തിൽ ഈ ഭാഗത്തെ വ്യാഖ്യാനിക്കുന്ന  ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കയുള്ള സംവാദമായിരുന്നു ലൂസിഫറും മിഖായേലും തമ്മിൽ നടന്നത്.

ലൂസിഫർ താൻ ദൈവമാണ് എന്ന് സ്വയം പ്രഖ്യാപിച്ചപ്പോൾ, “മിഖാ, എൽ” അഥവാ, (നിത്യസത്യമായ) ‘ദൈവത്തെപ്പോലെ ആരുണ്ട്’ (അഥവാ, ദൈവതുല്യനെന്ന് നടിക്കുന്നതാര്), എന്ന് ചോദിച്ചത്  കൊണ്ടാണല്ലോ അദ്ദേഹത്തിന് ‘മിഖായേൽ’ എന്ന പേര് ലഭിച്ചത് തന്നെ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവമെന്ന നിത്യസത്യമാകുവാൻ സൃഷ്ടി മാത്രമായ ലൂസിഫറിന് അതിനാൽ തന്നെ സാധ്യമല്ല എന്ന ന്യായവാദമാണ് മിഖായേൽ മാലാഖാ ഉയർത്തിയത്. തൻറെ വാദങ്ങൾക്ക് അടിസ്ഥാനമായി, സൃഷ്ടി എത്ര മേന്മയുള്ളതായാലൂം അതിനൊരിക്കലും സൃഷ്ടാവിനെ നിയന്ത്രിക്കുന്നതിനോ എന്തിന്, സൃഷ്ടാവിന് തുല്യമാകുന്നതിനോ പോലും  സാധ്യമല്ല എന്ന പ്രഥമതത്വം അദ്ദേഹം ഉന്നയിച്ചിരിക്കണം. ദൈവമായ കർത്താവിൻറെ അനന്തജ്ഞാനത്തിൽ അവിടുന്ന് അനുയോജ്യമെന്ന് നിശ്ചയിച്ചിരിക്കുന്ന ദൗത്യം അനുഷ്ഠിക്കാൻ മാത്രമാണ് സൃഷ്ടിക്ക് സാധ്യമാകുക; മറിച്ച് സൃഷ്ടിക്ക് അഗ്രാഹ്യമായ അവിടുത്തെ അനന്തജ്ഞാനത്തിൻറെ ന്യായാന്യായങ്ങൾ ചോദ്യം ചെയ്യുന്നത് അതിനാൽത്തന്നെ അർത്ഥശൂന്യമാണ് എന്നും വി. മിഖായേൽ ന്യായവാദം ചെയ്തിട്ടുണ്ടാകാം.

താൻ അപ്രകാരം ആയിരിക്കുന്നവൻ ആയതിനാൽ “ഞാൻ ആയിരിക്കുന്നവൻ ആകുന്നു” എന്ന് പറയാനാർഹതയുള്ള ദൈവം ഒരേയൊരു നിത്യസത്യമായിരിക്കെ, താൻ ‘അങ്ങനെ അല്ലാതിരിക്കെ അപ്രകാരമാണ്’ എന്ന് നടിക്കുന്ന ലൂസിഫർ യഥാർത്ഥത്തിൽ പറയുന്നത് “ഞാൻ അതല്ല/അവനല്ല” എന്നാണ് എന്ന പരമസത്യം വി.മിഖായേൽ ചൂണ്ടിക്കാണിച്ചപ്പോൾ ലൂസിഫറിൻറെ അഹന്തയിൽ കെട്ടിപ്പടുത്ത മിഥ്യാബോധം തകർന്നുവീണു. അഹന്തയുടെ  നിറവായ ലൂസിഫറിനും, അവൻറെ വാദത്തെ അനുകൂലിച്ചവർക്കും ദൈവ സന്നിധിയിൽ നിന്നും ഓടിയൊളിക്കുകയല്ലാതെ പിന്നീട് മറ്റെന്തു വഴിയാണുണ്ടായിരുന്നത്?

അതായത്, സത്യം അസത്യം എന്നീ ആയുധങ്ങൾ ഉപയോഗിച്ച് അവർ തമ്മിൽ നടന്ന ന്യായവാദമാണ് അവിടെ യഥാർത്ഥത്തിൽ ഉണ്ടായത് എന്ന് സാരം. സ്വർഗ്ഗത്തിൻറെ വ്യവസ്ഥയിൽ ദൈവത്തോട് ഏറ്റവും അടുത്ത നിൽക്കുന്ന മാലാഖാമാരായ സെറാഫുകൾക്കാണ് ഏറ്റവുമധികം ദൈവീക ജ്ഞാനം പകർന്ന് നല്കപ്പെട്ടിട്ടുള്ളത്.

മാലാഖമാരുടെ ഒൻപത് ഗണങ്ങൾക്കും, അവരുടെ ക്രമമനുസരിച്ച് ഈ ജ്ഞാനത്തിൽ കുറവുണ്ടെന്നിരിക്കെ, മാലാഖമാരിൽ എട്ടാമത്തെ ഗണമായ പ്രധാന മാലാഖമാരിൽ ഒരുവൻ മാത്രമായ വിശുദ്ധ മിഖായേൽ ഏറ്റവും ഉന്നതസ്ഥാനത്തുണ്ടായിരുന്ന ലൂസിഫറിനെ ന്യായവാദത്തിൽ പരാജയപ്പെടുത്തി എന്ന് പറയുമ്പോൾ, വലിയൊരു തിരിച്ചറിവാണ് നമുക്ക് തുറന്നു കിട്ടുന്നത്. അസത്യത്തിൻറെ ശക്തികൾ എത്രമേൽ വലുതാണെങ്കിലും, ദൈവദത്തമായ സത്യത്തിനു മുന്നിൽ അവ തുലോം നിഷ്പ്രഭരാണെന്നും, അവർക്ക് ആ വെളിച്ചത്തിൽ നിന്നും ഓടിയൊളിക്കുകയല്ലാതെ മാറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നും നാം മനസ്സിലാക്കുന്നു.

സത്യവുമായുള്ള ഏറ്റുമുട്ടലിൽ അസത്യത്തിനുണ്ടാകുന്നത് അനിവാര്യവും സുനിശ്ചിതവുമായ പരാജയമാണ് എന്ന യാഥാർഥ്യമാണ് ഈ അർത്ഥത്തിൽ കാണുമ്പോൾ, ‘ഇരുളിനെ വെളിച്ചത്തിൽ നിന്നും മാറ്റി നിർത്തി’ എന്ന ഉല്പത്തി വാക്യത്തിൻറെ സാരം.

[i] “സാത്താൻ സ്വർഗ്ഗത്തിൽ നിന്നും ഇടിമിന്നൽ പോലെ നിപതിക്കുന്നത് ഞാൻ കണ്ടു”

[ii] City of God; Book 11, Chapter 9

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031