Select Page

തോറ, താൽമൂദ്, മിഷ്ണ, ഗെമാറ (Torah, Talmud, Mishnah, Gemara)

തോറ, താൽമൂദ്, മിഷ്ണ, ഗെമാറ (Torah, Talmud, Mishnah, Gemara)

യഹൂദ നിയമവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സാധാരണ പ്രതിപാദിക്കപ്പെടുന്ന വാക്കുകളാണല്ലോ തോറ, താൽമൂദ്, മിശ്നാ, ഗെമാറ എന്നിവ. ഇവ നാലും യഹൂദ നിയമ സംഹിതകളാണ്. പരസ്പരം അഭേദ്യമായ ബന്ധമുള്ള ഇവയിൽ ഒരു പക്ഷെ നമുക്ക് ഏറ്റവും സുപരിചിതമായത് വിശുദ്ധ ബൈബിളിൻറെ  ഭാഗമായ തോറ ആയിരിക്കും. ഇവ നാലിനെക്കുറിച്ചും നമുക്ക് ചുരുക്കമായി പഠിക്കുവാൻ ശ്രമിക്കാം.

തോറ

“കല്പനകൾ”, “ബോധനം” എന്നെല്ലാം അർഥം വരുന്ന ‘തോറ’ യഹൂദ ബൈബിളിലെ 24 പുസ്തകങ്ങളിൽ[i] ആദ്യത്തെ അഞ്ച് ഗ്രന്ഥങ്ങൾ ആണ് (ക്രൈസ്തവ ബൈബിളിലും അപ്രകാരം തന്നെയാണ്). മോശയ്ക്ക് സീനായി മലമുകളിൽ വച്ച് യഹോവ നൽകിയ നിയമ സംഹിതയാണ് ഇത്.  എഴുതപ്പെട്ട തോറ കൂടാതെ, കുറേക്കൂടി ബ്രഹുത്തായ വാങ്മയമായ തോറയും ഉണ്ട്. ലിഖിതരൂപത്തിലുള്ള തോറയിൽ പഞ്ചഗ്രന്ഥി മാത്രമാണ് ഉൾക്കൊള്ളുന്നത്. പാരമ്പര്യപ്രകാരം ചുരുളുകളായാണ് തോറ രേഖപ്പെടുത്തി വയ്ക്കുന്നത്. യഹൂദ രീതിയനുസരിച്ച് പഞ്ചഗ്രന്ഥിയിലെ ഗ്രന്ഥങ്ങളുടെ പേരുകൾ അവയുടെ ആരംഭത്തിലെ വാക്കുകളാണ്. ഉദാഹരണമായി ഒന്നാം ഗ്രന്ഥം അറിയപ്പെടുന്നത്  ‘ബരേഷിത്’ അഥവാ ‘ആരംഭത്തിൽ’ എന്നും, രണ്ടാമത്തേത് ‘ഷ്‌മോത്’ അഥവാ ‘ നാമങ്ങൾ’ എന്നുമാണ്. പണ്ഡിതമതപ്രകാരം, പ്രധാനമായും വാചികരൂപത്തിൽ ആയിരുന്ന തോറ ബി.സി. ആറാം നൂറ്റാണ്ടിൽ ബാബിലോൺ വിപ്രവാസകാലത്താണ് ഇന്നത്തെ രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടത്.

യഹൂദ പാരമ്പര്യപ്രകാരം തോറയുടെ കർത്താവ് മോശയും, അതിൻറെ ഉള്ളടക്കം യഹോവ സീനായി മലമുകളിലും സമാഗമകൂടാരത്തിലുമായി മോശയ്ക്ക് പറഞ്ഞുകൊടുത്ത നിയമാനുഷ്ഠാന പരമായ കാര്യങ്ങളും ആണ്.

താൽമുദ്

എഴുതപ്പെട്ട തോറ കൂടാതെ, കുറേക്കൂടി ബ്രഹുത്തായ വാങ്മയമായ തോറയും ഉണ്ട് എന്നു നാം കണ്ടു കഴിഞ്ഞല്ലോ? ഇതാണ് യഥാർത്ഥത്തിൽ താൽമുദ് ആയി രൂപപ്പെട്ടത്. തോറയുടേത് പോലെ തന്നെ താൽമൂദിന്റെയും അർത്ഥം “കല്പനകൾ”, “ബോധനം” എന്നെല്ലാമാണ്. യഹൂദ മത നിയമങ്ങളും സാമൂഹ്യ നിയമങ്ങളും ഒന്നായിരുന്നതിനാൽ താൽമുദ് ആയിരുന്നു സാമൂഹ്യ നിയമ വ്യവസ്ഥയായ ‘ഹലാക്ക’യുടെ അടിസ്ഥാനം. ലിഖിത, വാചിക തോറകൾ തമ്മിൽ വ്യത്യാസമുണ്ട്. രേഖപ്പെടുത്തപ്പെട്ട തോറയ്ക്കപ്പുറം, വാമൊഴിയായ തോറയിൽ യഹൂദ റബ്ബിമാർ തലമുറകളിലൂടെ പകർന്നു നൽകിയ നിയമ വ്യാഖ്യാനങ്ങളും, അവയുടെ വിവക്ഷിതാർത്ഥങ്ങളും ഉണ്ട്. ഇതാണ് പിന്നീട് മിഷ്ണയ്ക്കും മിദ്രാഷിനും (യഹൂദ ബൈബിൾ വ്യാഖ്യാനങ്ങൾ) അടിത്തറയായത്. താൽമുദ് ബവ്‌ലി (ബാബിലോണിയൻ താൽമുദ്) എന്നും താൽമുദ് യെരുശലേമി (ജെറുസലേം താൽമുദ്) എന്നും രണ്ട് പ്രസിദ്ധ ഭാഷ്യങ്ങൾ അതിനുണ്ട്. ഇതിൽ ആദ്യത്തേത് സുദീർഘവും, കൂടുതൽ സുഗ്രാഹ്യവുമാണെങ്കിൽ, താൽമുദ് യെരുശലേമി ഹ്രസ്വവും, അതിനാൽത്തന്നെ ദുർഗ്രാഹ്യവുമാണ്. പിൽക്കാലത്ത് താൽമുദ് യെരുശലേമി, താൽമുദ് ബവ്ലിയോട് കൂട്ടിച്ചേർക്കപ്പെട്ടു.

മിഷ്ണ

‘ആവർത്തിച്ച് ഉരുവിട്ട് ഹൃദിസ്ഥമാക്കുക’ എന്നാണ് മിഷ്ണ എന്നതിൻറെ അർത്ഥം. ആരംഭ കാല യഹൂദ വിശ്വാസം അനുസരിച്ച് താൽമുദ് രേഖപ്പെടുത്തുന്നത് അനുവദനീയമായിരുന്നില്ല.  ഈ വിലക്ക് ഉണ്ടായിരുന്നത് കൊണ്ട് ചില യഹൂദ വിഭാഗങ്ങൾ മിഷ്ണയുടെ രേഖപ്പെടുത്തലിനെ അനുകൂലിച്ചിരുന്നില്ല എങ്കിലും ജൂദാ ഹനാസി (എ.ഡി. 135 -217) എന്ന മഹാ പണ്ഡിതൻ ഈ മഹാഗ്രന്ഥ രചന നടത്തി. മിശ്നാ പൂർണ്ണമായും രേഖപ്പെടുത്തുന്നതിന് അഞ്ച് തലമുറകളിലായി 130 വർഷങ്ങൾ  കാത്തിരിക്കേണ്ടി വന്നു. ഹെബ്രായയിലാണ് മിശ്നാ രേഖപ്പെടുത്തപ്പെട്ടത്. മിഷ്ണയുടെ കർത്താക്കൾ ‘തന്നായെം’ എന്നാണറിയപ്പെട്ടിരുന്നത്. വലിയ സ്വീകാര്യതയാണ് മിഷ്ണയ്ക്ക് ലഭിച്ചത്. തൽമുദിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച റബ്ബിമാരുടെ സംവാദങ്ങളും, നിഗമനങ്ങളും, വിധിതീർപ്പുകളുമാണ് മിഷ്ണയുടെ ഉള്ളടക്കം. ആറ് ഓർഡറുകളായാണ് മിഷ്ണയുടെ രചന. അവയോരോന്നും ഏഴു മുതൽ പന്ത്രണ്ടുവരെ സുദീർഘങ്ങളായ പ്രബന്ധങ്ങൾ (ആകെ 63) ഉൾക്കൊള്ളുന്നു. 613 നിയമങ്ങളുടെ വിശദമായ വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളുന്ന മിഷ്ണ ഒരു ബ്രഹത്ഗ്രന്ഥമാണ്. അതീവ ഗഹനമായിരുന്നു മിഷ്ണ. മഹാപണ്ഡിതർ അത് അതീവ ശ്രദ്ധയോടെ വിശകലനം ചെയ്ത് പഠിച്ചു. പ്രധാനമായും ഏഴു തലമുറകളിലെ പണ്ഡിതരാണ് സുദീർഘമായ ഈ പഠനങ്ങൾ നടത്തിയത്. ഇവർ ‘അമ്മോറായേം’ എന്നറിയപ്പെടുന്നു. ഇനി മേൽ മിഷ്ണയ്ക്ക് വ്യതിയാനങ്ങൾ വരുത്തുന്നത് അവർ നിരോധിച്ചു.

ഗെമാറ

ജൂദാ ഹനാസി തൽമുദിലെ വാചിക നിയമങ്ങൾ ലിഖിതരൂപത്തിൽ രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ അവയെക്കുറിച്ചു അനേകം തലമുറകളിലെ റബ്ബിമാർ (അമ്മോറായേം) വിശകലങ്ങളും, വ്യാഖ്യാനങ്ങളും നടത്തി.റബ്ബിമാരുടെ ഈ പഠനങ്ങൾ ‘സുഖിയോട്ട്’’ എന്നറിയപ്പെടുന്നു. സുഖിയോട്ടുകളുടെ ക്രോഡീകരണമാണ് ‘പഠനം’ എന്നർത്ഥമുള്ള ഗെമാറ. മിശ്നാ രേഖപ്പെടുത്തപ്പെട്ടത് ഹെബ്രായയിലായിരുന്നെങ്കിൽ, ഗെമാറയുടെ ഭാഷ അരമായിക് ആയിരുന്നു. യഥാർത്ഥത്തിൽ, മിഷ്ണയുടെയും ഗെമാറയുടെയും സംക്ഷിപ്ത രൂപത്തെയാണ് ഇന്ന് താൽമുദ് എന്ന് വിളിക്കുന്നത്. അതായത്, ‘ഗെമാറ’ എന്നതുകൊണ്ട് ഈ കാലത്ത് പലപ്പോഴും അർത്ഥമാക്കുന്നത് മിഷ്ണയുടെയും ഗെമാറയുടെയും സംക്ഷിപ്ത രൂപം എന്നാണ് എന്ന് സാരം.

[i] The Jewish Tanakh (the Hebrew Bible) contains 24 books divided into three parts: the five books of the Torah (“teaching”); the eight books of the Nevi’im (“prophets”); and the eleven books of Ketuvim (“writings”).

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031