Select Page

ലെപാന്തോ യുദ്ധം

ലെപാന്തോ യുദ്ധം

 Andrea de Michielis Vicentino (с. 1542—c. 1617) Battle of Lepanto (1603); Oil on canvas, Palazzo Ducale, Venice

വീഡിയോ കാണുന്നതിന്:  https://whywebelieve.net/the-battle-of-lepanto-video/

ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക യുദ്ധങ്ങളുടെ ഏതു വിധത്തിലുള്ള കണക്കുകളെടുത്താലും അവയിലെല്ലാം സലാമിസ് യുദ്ധം പോലെയോ ലെയ്ത് ഗൾഫ് യുദ്ധം പോലെയോ സ്ഥാനം പിടിക്കുന്ന യുദ്ധമാണ് 1571 ഒക്റ്റോബർ 7-ന് തുർക്കി നാവിക സേനയും വെനീസിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ സേനയും തമ്മിൽ നടന്ന ലെപാന്തോ യുദ്ധം. അനേക വർഷങ്ങളുടെ പിന്നണി സംഘർഷങ്ങൾക്ക്  ശേഷം നടന്ന ഈ യുദ്ധം ഉപയോഗിക്കപ്പെട്ട കപ്പലുകളുടെ വൈവിധ്യം കൊണ്ടും പരീക്ഷിക്കപ്പെട്ട യുദ്ധതന്ത്രങ്ങളുടെ സൂക്ഷ്മത കൊണ്ടും അനന്യമായിരുന്നു.

അപ്രതിരോധ്യമായ തുർക്കി സൈന്യശക്തി

ഓട്ടോമൻ തുർക്കികൾ അവരുടെ ശക്തിയുടെ പരമോന്നതിയിൽ നിൽക്കുന്ന സമയമായിരുന്നു പ്രസ്തുത കാലഘട്ടം. എ.ഡി. 711-ൽ സ്പാനിഷ് അധിനിവേശം ‘റീകോൺക്വിസ്റ്റാ’യിലൂടെ 1492-ൽ അവസാനിച്ചിരുന്നെങ്കിലും, 1453-ലെ കോൺസ്റ്റാൻറ്റിനോപ്പിളിന്റെ പതനവും, 1526-ൽ മോഹാക്സ് യുദ്ധത്തിൽ പരാജയപ്പെട്ട ഹംഗറിയിലെ ലൂയി രണ്ടാമനെ തുർക്കികൾ കൊന്നതിനു ശേഷം യൂറോപ്പിൽ പല മേഖലകളിലും നേരിട്ടും അല്ലാതെയും ഭരണം നടത്തിയിരുന്നതും അവരുടെ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്നതിന് കാരണമായിരുന്നു.

വളരെ സൂക്ഷമമായ ആസൂത്രണത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ, ബൾഗേറിയ, ബാൽക്കൻ നാടുകൾ, സെർബിയ, ബോസ്നിയ, ക്രൊയേഷ്യ, അൽബേനിയ, ഹംഗറി, മോൾഡോവിയ, വാലാച്ചിയ തുടങ്ങിയ യൂറോപ്യൻ ക്രിസ്തീയ രാജ്യങ്ങൾ കീഴടക്കിയ ഓട്ടോമാനുകൾ അവയെല്ലാം ഇസ്‌ലാംവൽക്കരിക്കുന്നതിൽ വളരെ തൃഷ്‌ണരായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി യൂറോപ്പിലെ രാഷ്ട്രങ്ങളെയെല്ലാം വിഴുങ്ങുന്ന തുർക്കികളുടെ തന്ത്രത്തിൽ ഇതര യൂറോപ്യൻ ശക്തികൾ പരിഭ്രാന്തരായിരുന്നെങ്കിലും, ക്രിസ്ത്യൻ രാജാക്കന്മാർ തമ്മിൽ ഐക്യം ഉണ്ടാകാതെയിരിക്കുന്നതിൽ തുർക്കികൾ അതീവ ശ്രദ്ധാലുക്കളായിരുന്നു.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നതിനും, അവശേഷിക്കുന്ന ക്രിസ്ത്യൻ ദേശങ്ങളെയെങ്കിലും രക്ഷിക്കുന്നതിനും അന്ന് മാർപാപ്പായായിരുന്ന പീയൂസ്അഞ്ചാമൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തോടെയുള്ള മുന്നറിയിപ്പുകൾ താൽക്കാലിക ലാഭം മോഹിച്ച് യൂറോപ്യൻ രാജാക്കന്മാർ പലരും തൃണവല്ഗണിച്ചുപോന്നു.

മാത്രവുമല്ല, പ്രോട്ടസ്ടന്റ് റീഫോർമേഷൻ ശക്തികൾ തുർക്കികളുമായി ധാരണയിലായിരുന്നതിനാൽ, അവർ താന്താങ്ങളുടെ ദേശങ്ങളിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമനെപ്പോലെയുള്ള രാജാക്കന്മാർ. എന്നിരിക്കിലും, മാർപാപ്പ തൻറെ ദൗത്യം അക്ഷീണം തുടർന്നുപോന്നു.

വെനീസും മുട്ടുമടക്കുന്നു

മറ്റു യൂറോപ്യൻ ശക്തികളുടെ സഹായം കേണപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നിട്ടും, 1540 വരെ തുർക്കികളോട് എതിർത്തുനിന്ന നാവീകശക്തി ആയിരുന്ന വെനീസും അവസാനം ഓട്ടോമൻ സുൽത്താൻ സുലൈമാൻ ഒന്നാമനോട് അപമാനകരമായ സന്ധിയ്ക്ക് വഴങ്ങേണ്ടിവന്നതോടുകൂടി, മധ്യധരണ്യാഴിയുടെമേൽ തുർക്കികൾക്ക് ഏതാണ്ട് സമ്പൂർണ്ണ ആധിപത്യം ലഭിച്ചിരുന്നു. ഈ സന്ധി നിലനിൽക്കെ തന്നെ തുർക്കികൾ വെനീസിന്റെ ആധിപത്യത്തിലുള്ള ഫാമഗുസ്തായും നിക്കോഷ്യയും ആക്രമിച്ചു കീഴടക്കിയതാണ് ലേപാന്തോ യുദ്ധത്തിൻറെ പെട്ടന്നുള്ള കാരണമായത്.

ഫാമഗുസ്താ കീഴടക്കിയതോടുകൂടി അഡ്രിയാറ്റിക് സമുദ്രത്തിൽ ചുവടുറപ്പിച്ച തുർക്കികൾ തങ്ങളുടെ ചിരകാല അഭിലാഷമായ റോം ആക്രമിച്ചു കീഴടക്കുവാൻ ഇനി അധികം താമസമില്ല എന്ന് തിരിച്ചറിഞ്ഞ മാർപാപ്പ യൂറോപ്യൻ രാജാക്കന്മാരുടെ ഒരു സംയുക്ത സൈന്യം എന്ന തന്റെ ആശയം ശക്തമായി വീണ്ടും അവതരിപ്പിച്ചു. ഇത്തവണ കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ  രാജാക്കന്മാർ സംയുക്ത സൈന്യം രൂപീകരിക്കുന്നതിന് തയ്യാറാവുകയും ചെയ്തു.

ഫാമഗുസ്തായിലെ കൊടും ക്രൂരത

യഥാർത്ഥത്തിൽ, ഫാമഗുസ്താ ആക്രമണത്തിൽ നടന്ന ചില സംഭവങ്ങളാണ് പെട്ടന്ന് തന്നെ ഐക്യം ഉണ്ടാകുന്നതിന് കാരണമായത്. ലാലാ കാര മുസ്തഫ പാഷയുടെ നേതൃത്വത്തിലുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം കരസേനയും, 150 കപ്പലുകളിലെ നാവിക സേനയും 1500 പീരങ്കികളടക്കം ആക്രമിച്ചിട്ടും, വെറും 8,500 പട്ടാളക്കാരുമായി മാർക്കോ അന്തോണിയോ ബരാഗ്ദിൻ എന്ന വെനീഷ്യൻ ജെനറൽ ഒരു വർഷത്തോളം അവരെ പ്രതിരോധിച്ചു. വൻകരയിൽ നിന്നും യാതൊരുവിധ സഹായവും എത്തില്ല എന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും, അണുവിട വിട്ടുകൊടുക്കാതെ പൊരുതിയ ആ വീരേതിഹാസം ലോകചരിത്രത്തിൽ തന്നെ ഒരു വിസ്മയമാണ്.

അവസാനം മുറിവേറ്റവരടക്കം വെറും 900 പേർ അവശേഷിച്ചപ്പോൾ മാന്യമായ സന്ധിക്ക് ബരാഗ്ദിൻ തയ്യാറായി. സന്ധി പ്രകാരം, അവശേഷിക്കുന്ന എല്ലാ യോദ്ധാക്കളെയും ഒരാപകടവും കൂടാതെ, തുർക്കി കപ്പലുകളിൽ തന്നെ വെനീസിൻറെ ക്രീറ്റിൽ  എത്തിച്ചു നല്കാമെന്നുള്ള വ്യവസ്ഥ വിശ്വസിച്ച് കോട്ട വിട്ടു കൊടുത്ത ക്രിസ്ത്യാനികളെ തുർക്കികൾ കൊന്നു കളഞ്ഞു എന്ന് മാത്രമല്ല, പാഷ തന്നെ നേരിട്ട് ബരാഗ്ദിൻറെ ചെവികൾ മുറിച്ചുകളഞ്ഞ ശേഷം രണ്ടാഴ്ചക്കാലം അദ്ദേഹത്തെ തടവറയിലാക്കി. ശേഷം, മുറിവുകൾ അണുബാധയേറ്റ് വലഞ്ഞ ആ ധീരൻ്റെ കഴുത്തിൽ ഭാരം കെട്ടി കോട്ടയ്ക്കു ചുറ്റും വലിച്ചിഴച്ചിട്ട്, അവസാനം നഗരമധ്യത്തിൽ അദ്ദേഹത്തെ കെട്ടിത്തൂക്കിയിട്ട് ജീവനോടെ ഉരിച്ചെടുത്ത തൊലി തുന്നിച്ചേർത്ത് മനുഷ്യ രൂപമാക്കി അതിനുള്ളിൽ വൈക്കോൽ നിറച്ച്  ബരാഗ്ദിൻറെ സ്ഥാനചിഹ്നങ്ങൾ അണിയിച്ച് നഗരപ്രദിക്ഷണം ചെയ്തു.

എന്നിട്ടും കലിയടങ്ങാതെ, ഈ ഭീകര ‘വിജയസ്മാരകം’ പാഷയുടെ പതാകവാഹിനിയുടെ കൊടിമരത്തിൽ ബരാഗ്ദിൻറെ സഹപ്രവർത്തകരായിരുന്ന ആൽവിസ് മാര്ടിനെങ്കോ, ജിയാന്തോണിയോ ക്വറിനി, ആന്ദ്രേയ ബരാഗ്ദിൻ  എന്നിവരുടെ ഛേദിച്ചെടുത്ത തലകളുമായി തൂക്കിയിട്ട് ഡമാസ്‌ക്കസിൽ സുൽത്താൻ സാലിം രണ്ടാമന് കാഴ്ചയർപ്പിക്കുവാൻ കൊണ്ടുപോയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. (സുൽത്താന്റെ യുദ്ധസ്മാരകങ്ങളിൽ പ്രമുഖമായി സൂക്ഷിക്കപ്പെട്ടിരുന്ന ബരാഗ്ദിൻറെ ജീവനോടെ ഉരിച്ചെടുത്ത തൊലി, 1580-ൽ ഗിറോളമോ പൊളിഡോറി എന്ന വെനീഷ്യൻ യുവ നാവികൻ കവർന്നെടുത്ത് വെനീസിൽ കൊണ്ടുവന്നു. യുദ്ധം ജയിച്ചുവരുന്ന ജെനെറലിനെ സ്വീകരിക്കുന്നതുപോലെ വെനീസുകാർ ആ സ്മാരകം സ്വീകരിച്ചു. ആദ്യം അത് സാൻ ഗ്രിഗോറിയോ ദേവാലയത്തിലും, പിന്നീട് സാൻ ജോയോവാന്നി പൗളോ ബസിലിക്കയിലും സ്ഥാപിച്ച ആ മഹാസ്മാരകം ഇന്നും അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.)

ഈ ക്രൂരത സകലരെയും ക്രൂദ്ധരാക്കിയെങ്കിലും, ഈ രക്തസാക്ഷിത്തത്തിന് പകരം വീട്ടാതെ തിരികെ വെനീസിൽ കാലു കുത്തുകയില്ല എന്ന് വെനീഷ്യൻ നാവികർ പ്രതിജ്ഞയെടുത്തു.

 

“ഹോളി ലീഗ്” രൂപപ്പെടുന്നു

അവസാനം “ഹോളി ലീഗ്” എന്ന പേരിൽ രൂപപ്പെട്ട ഐക്യ സേനയുടെ സർവ്വ സൈന്യാധിപൻ ഫിലിപ്പ് രാജാവിന്റെ അർത്ഥ സഹോദരനായിരുന്ന ഓസ്ട്രിയയിലെ ഡോൺ യുവാൻ ആയിരുന്നു. വളരെ സവിശേഷമായ ഒരു കൊടിക്കൂറ സംയുക്ത സൈന്യത്തിന്റെ ഐക്യസ്മാരകമായി ഡോൺ യുവാൻ രൂപകൽപ്പന ചെയ്തു. 7.3 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുണ്ടായിരുന്ന പട്ടുവസ്ത്രത്തിൽ സ്വർണ്ണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ആ കൊടിക്കൂറയിൽ വെനീസിലെ പീയൂസ് V, തൻറെ പിതാവായിരുന്നു  ചാൾസ് V, ഓസ്ട്രിയയിലെ ഡോൺ യുവാൻ എന്നിവരുടെ അംഗമുദ്രകൾ പശ്ചാത്തലം തീർത്തു. ഈ അംഗമുദ്രകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടിരുന്ന ചങ്ങല അവരുടെ ഐക്യം സൂചിപ്പിച്ചിരുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം അവയ്ക്ക് മുകളിൽ വിളങ്ങി നിൽക്കുന്നതു പോലെ രൂപകൽപ്പന ചെയ്തിരുന്ന, മാർപാപ്പാ ആശീർവ്വദിച്ച, ആ കൊടിക്കൂറ അദ്ദേഹം തൻറെ പതാകവാഹിനിയിൽ ഉയർത്തിക്കെട്ടി. കൂടാതെ, പിച്ചളയിൽ തീർത്ത വലിയ ഒരു ക്രൂശിതരൂപം അദ്ദേഹം തൻറെ കൊടിമരത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

വലിയ മരിയ ഭക്തനായിരുന്ന ഡോൺ ആൻഡ്രിയാ ആകട്ടെ ആ കാലഘട്ടങ്ങളിൽ സുപ്രസിദ്ധമായിക്കൊണ്ടിരുന്ന തെക്കേ അമേരിക്കയിലെ റ്റപ്പായക്ക് മലനിരകളിൽ 1531-ൽ ഉണ്ടായ പരി. മാതാവിന്റെ പ്രത്യക്ഷപ്പെടലിൽ അത്ഭുതകരമായി പതിയപ്പെട്ട ‘ഗ്വാഡലൂപ്പെ’ ചിത്രത്തിൻറെ ആദ്യകാല കോപ്പികളിലൊന്ന് തൻറെ പടക്കപ്പലിൻറെ കൊടിമരത്തിൽ തൂക്കുകയും, ‘ഈ മാതാവിൻറെ മധ്യസ്ഥതയിൽ നാം യുദ്ധം ജയിക്കു’മെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ദൈവീക ഇടപെടൽ

തുർക്കികളുടെ സൈന്യം ആളുകൊണ്ടും അർത്ഥം കൊണ്ടും കിടപിടിക്കാനാവാത്തത്ര വലുതായിരിക്കുമെന്ന് അറിയാമായിരുന്ന മാർപാപ്പാ, മാനുഷീക ശക്തിവച്ച് ആ സൈന്യത്തെ തോൽപ്പിക്കുക അസാധ്യമെന്ന് കണ്ട്, വരാനിരിക്കുന്ന യുദ്ധത്തിൻറെ പ്രാധാന്യം മനസ്സിലാക്കി  ഒരുവർഷക്കാലം യൂറോപ്പിലാകമാനമുള്ള ക്രിസ്ത്യാനികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. വിശ്വാസത്തെ സമൂലം തുടച്ചുനീക്കുവാനായി വരുന്ന തുർക്കി പടയുടെ പരാജയത്തിനായി ലക്ഷക്കണക്കിനാളുകൾ ഈ നിയോഗം അനുസരിച്ചിരുന്നു. കൂടാതെ, തൻറെ സൈന്യത്തിലുള്ള സകലരും കൃപാവരത്തിന്റെ അവസ്ഥയിലായിരിക്കണമെന്നും, ദിവ്യകാരുണ്യം സ്വീകരിച്ചിരിക്കണമെന്നും ഡോൺ ഡോറിയ കല്പന പുറപ്പെടുവിച്ചിരുന്നു. മാനുഷീക ദൃഷ്ടിയിൽ യുദ്ധം ജയിക്കുക അസാധ്യമെന്നറിയാമായിരുന്ന പട്ടാളക്കാരെല്ലാം പ്രസ്തുത നിർദ്ദേശം അനുസരിക്കുകയും ചെയ്തിരുന്നു.

ഫാമഗുസ്താ വിജയലഹരിയിലായിരുന്ന സുൽത്താൻ എത്രയും പെട്ടന്ന് ക്രിസ്ത്യൻ നാവിക സേനയുമായി ഏറ്റുമുട്ടണമെന്ന് നിർദ്ദേശം കൊടുത്തിരുന്നതിനാൽ ആലി പാഷ സൈപ്രസ്സിൽ നിന്നും ഐക്യ സേന നങ്കൂരമിട്ടിരുന്ന മെസ്സീനയ്ക്ക് പുറപ്പെട്ടു. ഇതറിഞ്ഞ ഡോൺ യുവാനും, തൻറെ സൈന്യത്തിന്റെ ആത്മധൈര്യം ചോരാതിരിക്കാനായി ഗ്രീസിന്റെ തീരം ചുറ്റി തുർക്കി സൈന്യം വരുവാനുള്ള വഴിയിലുള്ള ലേപാന്തോ ഉൾക്കടലിലേക്ക് തിരിച്ചു. അവസാനം, 1571 ഒക്റ്റോബർ 7-ന് നാവിക സേനകൾ തമ്മിൽ കൊറീന്തിന് 32 കിലോമീറ്റർ മാറി കണ്ടുമുട്ടി.

 

സൈനീക വിന്യാസം

അടുത്ത കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ കപ്പൽ പടകളെയാണ് ഇരുവിഭാഗവും അണിനിരത്തിയിരുന്നതെങ്കിലും, ആൾ ബലം കൊണ്ടും, കപ്പലുകളുടെ എണ്ണം കൊണ്ടും തുർക്കിപ്പട വളരെ മുന്നിലായിരുന്നു[i].

120,000 യോദ്ധാക്കളും, 40,000 തുഴക്കാരുമായി വന്ന തുർക്കിപ്പട 40000/30,000 യോദ്ധാക്കളും 26,000 തുഴക്കാരുമായി വന്ന ഐക്യ സൈന്യത്തേക്കാൾ വളരെ ശക്തമായിരുന്നു. തുർക്കിപ്പടയിലെ തുഴക്കാർ അധികവും, അടിമകളായി പിടികൂടപ്പെട്ടിരുന്ന ക്രിസ്ത്യാനികളായിരുന്നു. ഇവരെല്ലാം ചങ്ങലകളാൽ ബന്ധിതരും, ക്രിസ്ത്യൻ കപ്പലുകളിലെ തുഴച്ചിക്കാർ സ്വതന്ത്രരുമായിരുന്നു.

മുൻപ് സൂചിപ്പിച്ചിരുന്നത് പോലെ, തുർക്കി സേനയുടെ പ്രധാന കപ്പിത്താൻ ലാലാ കാര മുസ്തഫ പാഷ ആയിരുന്നു. അദ്ദേഹത്തിന്റെ നാവിക വിന്യാസത്തിൻറെ മധ്യനിര 87 നവീന കപ്പലുകളുമായി അദ്ദേഹം തന്നെ നയിച്ചു.  അദ്ദേഹത്തെ സഹായിക്കുവാൻ 25 കപ്പലുകളുടെ ഒരു പിൻ നിരയും ഉണ്ടായിരുന്നു. ഇടത് പാർശ്വം 93 പടക്കപ്പലുകളുമായി ഉലൂക് അലി പാഷ എന്ന കുപ്രസിദ്ധ കോഴ്‌സാർ (കടൽ കൊള്ളക്കാരൻ) ആയിരുന്നു നയിച്ചത്.  63 കപ്പലുകളുമായി മഹ്മൂദ് സിറാക്കോ എന്ന മറ്റൊരു കോഴ്‌സാർ ആയിരുന്നു വലതു പാർശ്വം കാത്തത്. 30 കപ്പലുകളുമായി ഈ വൻ കപ്പൽപ്പടയുടെ പിന്നണി സൈന്യം തീർത്തത് അമോറെത് ഡ്രാഗോട്ട് റെയ്‌സ് എന്ന കപ്പിത്താനായിരുന്നു.

മേൽ പറഞ്ഞ കപ്പലുകൾ കൂടാതെ അസംഖ്യം ചെറു യുദ്ധക്കപ്പലുകളും ആ സൈന്യ വ്യൂഹത്തിലുണ്ടായിരുന്നു. പരമ്പരാഗത തുർക്കി നാവിക വിന്യാസമായ അർദ്ധചന്ദ്രാകൃതിയിലാണ് പാഷ തൻറെ വ്യൂഹം വിന്യസിച്ചത്.

 

അതേസമയം ഹോളി ലീഗ് കപ്പൽപ്പടയുടെ നേതൃത്വം മാർക് അന്തോണിയോ കൊളോണയുടെ സഹായത്തോടെ ഡോൺ യുവാൻ തന്നെ വഹിച്ചു. അദ്ദേഹം തന്നെ സേനയുടെ മധ്യനിര 64 കപ്പലുകളുമായി കാത്തപ്പോൾ, ഇടത് പാർശ്വം 55 കപ്പലുകളുമായി അഗസ്റ്റോ ബാർബറീഗോയും, വലത് പാർശ്വം 55 കപ്പലുകളുമായി ജോയോവാന്നി ആൻഡ്രിയ ഡോറിയയും നയിച്ചു.

കാറ്റിൻറെ ആനുകൂല്യം തുർക്കികൾക്കായിരുന്നതിനാൽ യുവാൻ പെട്ടന്ന് ഒരു ഏറ്റുമുട്ടലിന് തുനിയാതെ കാത്തുനിൽക്കുമ്പോൾ, ഉടനെ ഏറ്റുമുട്ടണമെന്ന സുൽത്താന്റെ കർശന നിർദ്ദേശവും, കാറ്റിൻറെ ആനുകൂല്യവുമുണ്ടായിരുന്ന പാഷ തന്റെ പതാകവാഹിനിയായ ‘സുൽത്താന’ അതിവേഗം യുവാൻറെ പതാക വാഹിനിയായ ‘റിയാൽ’ (രാജകീയം) ലക്ഷ്യമാക്കി പായിച്ചു. ശത്രു കപ്പലുകളിൽ തങ്ങളുടെ ബലമേറിയ കപ്പലുകൾ ഇടിച്ചുകയറ്റി ആക്രമിക്കുന്ന കോഴ്സാറുകളുടെ തന്ത്രമായിരുന്നു തുർക്കി കപ്പിത്താൻ പ്രയോഗിച്ചത്. ബരാഗ്ദിന്റെ തൊലിയുരിച്ച മൃതദേഹം വിജയ ചിഹ്നമായി ഒരിക്കൽ തൂക്കിയിട്ടിരുന്ന അലി പാഷയുടെ ‘സുൽത്താന’ ഏറ്റവും മുന്നിൽ ആക്രമണസജ്ജമായി കടന്നുവരുന്നത് കണ്ട ക്രിസ്തീയ സൈന്യം പൊതുവെയും, വെനീസ്‌കാർ  പ്രത്യേകിച്ചും കോപാക്രാന്തരായി.

 

ദൈവ കൃപയുടെ സൂചനകൾ

എന്ന് മാത്രമല്ല, ദൈവ കൃപ തങ്ങൾക്കുണ്ട് എന്ന് അവർക്ക് പ്രത്യക്ഷത്തിൽ മനസ്സിലായ  ഒന്ന് രണ്ട്  സംഭവങ്ങളും ഉണ്ടായി. അതുവരെ തുർക്കികൾക്ക് അനുകൂലവും, ഐക്യ സൈന്യത്തിന് പ്രതികൂലവുമായി വീശിക്കൊണ്ടിരുന്ന കാറ്റ് ആ നിമിഷം തിരിഞ്ഞു വീശുവാൻ തുടങ്ങുകയും, പിന്നീട് യുദ്ധം കഴിയുവോളം ആ നില തുടരുകയും ചെയ്തു. കൂടാതെ യുദ്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് പാഷയുടെ പീരങ്കിസേന യുവാൻറെ കൊടിമരം ലക്ഷ്യമാക്കി വച്ച വെടിയുണ്ട ക്രിസ്‌തുവിന്റെ പിച്ചള രൂപത്തിലായിരുന്നു പതിക്കേണ്ടിയിരുന്നത്. എന്നാൽ, ആ നിമിഷം അത്ഭുതകരമായി, പിച്ചളരൂപം ശരീരം വളച്ച് ആ പീരങ്കിയുണ്ട ഒഴിവാക്കിയെടുത്തതായി കണ്ടു. (ഈ ‘വളഞ്ഞ ക്രൂശുരൂപം’ ബാഴ്‌സിലോണ കത്തീഡ്രലിലെ ‘ദിവ്യകാരുണ്യ ചാപ്പലി’ൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.) ഈ രണ്ട് അത്ഭുതങ്ങൾ യുദ്ധാരംഭത്തിൽ തന്നെ ദർശിച്ച ക്രിസ്ത്യൻ സൈന്യം, നഷ്ടധൈര്യം വീണ്ടെടുത്തു.

ഇടിയുടെ ആഘാതത്തിൽ റിയാലിന്റെ തുഴക്കാർ ഇരിക്കുന്ന നാലാം നിരവരെ സുൽത്താന ഇടിച്ചുകയറുകയും, രണ്ട് പതാക വാഹിനികളും തമ്മിൽ കോർത്തുകെട്ടിപ്പോകുകയും ചെയ്തു. തുർക്കിയുടെ ഭീഷണമായ ജനിസാരി കമാൻഡോ സൈന്യം റിയാലിൽ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടു. റിയാൽ കീഴടക്കപ്പെടുമെന്ന് തോന്നിച്ച നിമിഷങ്ങളിൽ ദൈവ മാതാവിൻറെ നാമത്തിൽ യുദ്ധം ചെയ്യുവാൻ ഡോൺ യുവാൻ അട്ടഹസിച്ചു. തുടക്കത്തിൽ  പതറിപ്പോയ വെനീസുകാർ “ദൈവമാതാവിനും, ബരാഗ്ദിനും വേണ്ടി” എന്നട്ടഹസിച്ചുകൊണ്ട് ആക്രമിച്ചുമുന്നേറി.  വെനീസുകാരുടെ അസാധാരണ വീര്യം കണ്ട് ജനിസാരികൾ പോലും പകച്ചു പോയി. പാഞ്ഞെത്തിയ കൊളോണയുടെയും കൂടി സഹായത്തോടെ ആലി പാഷയെയും, സുൽത്താനയിലെ സകല യോദ്ധാക്കളെയും കൊന്നു വീഴ്ത്തിയതിന് ശേഷമാണവർ അടങ്ങിയത്.

ഈ സമയം, തീരത്തോടടുത്ത ഭാഗത്തു വിന്യസിക്കപ്പെട്ടിരുന്ന ബാർബറീഗോയും മഹ്മൂദ് സിറോക്കോയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. രണ്ട് കപ്പിത്താന്മാരും യുദ്ധരംഗത്ത് മരിച്ചുവീണു. ആ ഭാഗത്തെ തുർക്കി കപ്പലുകളെ പിടിച്ചെടുത്ത ക്രിസ്ത്യാനികൾ അടിമകളാക്കപ്പെട്ടിരുന്ന ക്രിസ്ത്യൻ തുഴക്കാരെ സ്വതന്ത്രരാക്കി ആയുധം ധരിപ്പിച്ചത്, തുടർ യുദ്ധത്തിൽ വലിയ മുതൽ കൂട്ടായി. ഐക്യ സൈന്യത്തിൻറെ കൊടിക്കൂറ സുൽത്താനയുടെ കൊടിമരത്തിൽ ഉയർത്തുക കൂടി ചെയ്തതോടു കൂടി, മധ്യ-ഇടതു പാർശ്വങ്ങളിലെ യുദ്ധം ക്രിസ്ത്യാനികൾക്ക് അനുകൂലമായെന്ന് വ്യക്തമായി.

ജയപരാജയങ്ങൾ തുലാസിലാടിയ നിമിഷങ്ങൾ

എന്നാൽ ആന്ദ്രേയായുടെ നോട്ടക്കുറവുകൊണ്ട് വലതു പാർശ്വത്തിൽ രൂപപ്പെട്ട ഒരു വിടവിലൂടെ കോഴ്സാർ കടൽ കൊള്ളക്കാരനായ ഉലൂക് അലി തൻറെ തൊണ്ണൂറിലധികം കപ്പലുകളുമായി ഇടിച്ചുകയറി. ഈ ഭാഗത്ത് യുദ്ധം പരാജയപ്പെടുമെന്ന തോന്നലുളവായപ്പോൾ ആന്ദ്രേയ, ഗ്വാഡലൂപ്പെ മാതാവിൻറെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. അപകടം തിരിച്ചറിഞ്ഞ റിസർവ്വ് സൈന്യത്തിൻറെ കപ്പിത്താനായ സാന്താ ക്രൂസ് കുതിച്ചെത്തി ഉലൂക് അലിയെ നേരിട്ടു. അതിഭീകരമായ യുദ്ധം നടന്നു. ഉലൂക് അലിയെ തടവിൽ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല; തൻറെ കപ്പലുമായി അദ്ദേഹം യുദ്ധരംഗത്തുനിന്നും പലായനം ചെയ്ത് രക്ഷപ്പെട്ടു. (തുർക്കി നാവിക നിരയിൽ രക്ഷപ്പെട്ട ഏക പ്രധാന കപ്പിത്താൻ അദ്ദേഹമായിരുന്നു.)

അസംഖ്യം യാനങ്ങൾ പങ്കെടുത്ത ഈ യുദ്ധത്തിൽ അതിവിശാലമായ ഒരു മേഖലയിലായിരുന്നു യുദ്ധം നടന്നത് എന്നതിനാൽ പ്രധാന യുദ്ധമുന്നണികളിൽ ഐക്യ സൈന്യം സമ്പൂർണ്ണ വിജയം കൈവരിച്ചിരുന്നെങ്കിലും, വൈകുന്നേരം വരെ വിവിധ ഭാഗങ്ങളിൽ യുദ്ധം തുടർന്നു. വൈകുന്നേരമായതോടെ  അവസാനത്തെ തുർക്കി കപ്പലും പിടിച്ചെടുക്കപ്പെടുകയോ, മുക്കപ്പെടുകയോ ചെയ്യപ്പെട്ടു.

സംപൂർണ്ണ ക്രിസ്ത്യൻ വിജയം

ക്രിസ്ത്യൻ വിജയം സംപൂർണ്ണമായിരുന്നു. ഉലൂക് അലിയോടൊപ്പം രക്ഷപ്പെട്ട 8 കപ്പലുകലും ഐക്യ സേന പിടിച്ചെടുത്ത 127 കപ്പലുകളും ഒഴികെ ബാക്കി എല്ലാ തുർക്കി കപ്പലുകളും തകർക്കപ്പെട്ടു. 30,000 യോദ്ധാക്കൾ കൊല്ലപ്പെട്ടു. അത്രയും തന്നെ  ക്രിസ്ത്യൻ അടിമകൾ മോചിക്കപ്പെട്ടു. ബാക്കി തുർക്കി പടയാളികൾ തടവിലാക്കപ്പെട്ടു.

തീർച്ചയായിരുന്ന പരാജയത്തിൻറെ ദംഷ്ട്രകൾക്കിടയിൽ നിന്നും ദൈവ പരിപാലനായാൽ പിടിച്ചെടുക്കപ്പെട്ട വിജയം, ദൂരവ്യാപക ഫലങ്ങൾ ഉളവാക്കി. അത് യൂറോപ്പിലാകമാനം പടർന്നിരുന്ന നിരാശയ്ക്ക് പകരം, പ്രത്യാശ പകർന്നു നൽകി. അതുവരെ തുടർച്ചയായി തുർക്കികളോട് യുദ്ധങ്ങൾ തോറ്റുകൊണ്ടിരുന്ന ക്രിസ്ത്യൻ സൈന്യങ്ങൾ വിയെന്ന യുദ്ധം പോലെയുള്ള സുപ്രധാന യുദ്ധങ്ങൾ വിജയിക്കുവാൻ തുടങ്ങി[ii].

നഷ്ടപ്പെട്ട കപ്പലുകൾ ഒന്നിന് പകരം രണ്ട് എന്ന കണക്കിൽ പുതുതായി ഉണ്ടാക്കാൻ തുർക്കികൾക്ക് ശേഷിയുണ്ടായിരുന്നെങ്കിലും, അവരുടെ കൊല്ലപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്യപ്പെട്ട പരിചയ സമ്പന്നരായിരുന്ന നാവികർക്ക് പകരം മറ്റൊന്നും വയ്ക്കാനില്ലായിരുന്നു. ഈ ഭീമമായ നഷ്ടത്തിൽ നിന്നും തുർക്കി നാവിക സേന ഒരിക്കലും കരകയറിയില്ല. യൂറോപ്യൻ നാവിക ശക്തികളാകട്ടെ ഉത്തരോത്തരം മികച്ചുവന്നതെയുള്ള താനും[iii].

ഈ യുദ്ധം വിജയിച്ചത് മറിയത്തിന്റെ മധ്യസ്ഥതയിലാണെന്ന് ഉറച്ചു വിശ്വസിച്ച ജനം  വലിയ മറിയ ഭക്തരായി[iv].

ഒരു പാപ്പായുടെ പ്രാർത്ഥനയ്ക്ക് സ്വർഗ്ഗം നൽകിയ മറുപടി

ഒക്റ്റോ. 7, 1571 ഉച്ചകഴിഞ്ഞു അഞ്ചാം പീയൂസ് പാപ്പാ തൻറെ  treasurer മോൺസിഞ്ഞോർ ബുസോട്ടി ദേ ബിബിയാന (Mons. Busotti de Bibiana) യുടെ ഒപ്പം സാമ്പത്തീക കാര്യങ്ങളെ സംബന്ധിച്ച ചർച്ചയിൽ ആയിരുന്നു . പെട്ടന്ന് പിതാവ് എന്തോ ശ്രവിക്കുന്നതിനെന്നോണം നിശ്ശബ്ദതയ്ക്ക് ആംഗ്യം കാട്ടി. പിന്നീട് പെട്ടന്ന് ചെന്ന് ജനൽ തുറന്ന് ആകാശത്തിലേക്ക് നോക്കി അല്പസമയം നിന്നു. അനന്തരം ആകാശത്തേക്കു കൈകൾ ഉയർത്തിപ്പിടിച്ചു കണ്ണീരോടെ നോക്കി കൈ കൂപ്പി മൂന്ന് മിനിറ്റുകൾ നിന്നു.

അനന്തരം, “ഇത് ബിസിനസിനുള്ള സമയമല്ല, തുർക്കികൾക്കെതിരായ വിജയത്തിന് ദൈവത്തിന് നന്ദി അർപ്പിക്കേണ്ട സമയമാണിത്” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തൻറെ പ്രാർത്ഥനാ മുറിയിലേക്ക് പോയി. (“This is not the time for business. Let us return thanks to God for victory over the Turks.”)

സംഭവത്തിൻറെ അസാധാരണത്വം മൂലം അപ്പോൾത്തന്നെ കർദിനാൾമാർ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി മുദ്ര ചെയ്ത് നോട്ടറി ഓഫീസിൽ വച്ചു. 20 ദിവസങ്ങൾക്ക് ശേഷം, ഒക്റ്റോബർ 26-ന്, വെനീസ് ഡോജിൻറെ ദൂതൻ യുദ്ധം വിജയിച്ച വാർത്തയുമായി എത്തി.

ഒക്റ്റോബർ 30-ന് Don Juan അയച്ച Conde de Priego യുദ്ധവിജയം സംബന്ധിച്ച വിശദാംശങ്ങളുമായി എത്തിച്ചേർന്നു. റോമിൻറെയും കർസോളാരി ദ്വീപുകളുടെയും ധ്രുവരേഖകളുടെ വ്യതിയാനം കണക്കു കൂട്ടി, നോക്കിയപ്പോൾ ഡോൺ യുവാൻ ഊരിയ വാളുമായി “ദൈവമാതാവിൻറെ നാമത്തിൽ” എന്ന് അലറിവിളിച്ചു കൊണ്ട് ഡെക്കിൽ നിന്നും ജാനിസരികൾക്കിടയിലേക്ക് ചാടിവീണ അതെ നിമിഷത്തിലാണ് പിതാവിന് ദർശനം ലഭിച്ചത് എന്ന് മനസ്സിലായി. പിതാവിൻറെ നാമകരണച്ചടങ്ങിലെ തെളിവായി ഈ രേഖ ഉപയോഗിക്കപ്പെട്ടു.

പരിശുദ്ധ പിതാവ് ലെപ്പാന്തോ യുദ്ധവിജയത്തിൻറെ വാർഷീകമായ ഒക്റ്റോബർ 7, “വിജയത്തിൻറെ മാതാവ്” അഥവാ  “ജപമാലറാണി”യുടെ തിരുനാൾ ദിവസമായി പ്രഖ്യാപിച്ചു.

യുദ്ധം വിജയിച്ച യോദ്ധാക്കളാകട്ടെ, തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാതെ, മാലാഖമാർ എടുത്തു കൊണ്ടുവന്ന നസരത്തിലെ മാതാവിൻറെ ഭവനം, Santa Casa (തിരുഭവനം), ഉൾക്കൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ലൊറേറ്റോ മാതാവിൻറെ ബസിലിക്കയിലെത്തി, “Auxilium Christianorum” (“ക്രിസ്ത്യാനികളുടെ സഹായമേ”) എന്ന് ആർത്തുവിളിച്ചു മാതാവിന് സ്തുതി പാടി. പരിശുദ്ധ പിതാവാകട്ടെ, ആ അഭിസംബോധന ലൊറേറ്റോ ലുത്തീനിയായിൽ ചേർക്കുകയും ചെയ്തു.

ഈ യുദ്ധത്തിൽ പങ്കെടുത്ത് മുറിവേറ്റതിനാൽ പിന്നീട് യുദ്ധ രംഗത്ത് ഇറങ്ങാൻ സാധിക്കാതെ പോയ ഒരു സ്പാനിഷ് യോദ്ധാവ്, ഒരു പ്രസിദ്ധ എഴുത്തുകാരനായി തീർന്നു: “ഡോൺ ക്വിഹോ”യുടെ കർത്താവ് എന്ന നിലയിൽ സുപ്രസിദ്ധനായ സെർവാന്തസ്[v].

———————————————————————————————————————–

[i] Giovanni Francesco Camocio. Isole famose porti, fortezze, e terre maritime sottoposte alla Ser.ma Sig.ria di Venetia, ad altri Principi Christiani, et al Sig.or Turco, Venice, alla libraria del segno di S.Marco (1574)

[ii] Davis, Paul K. (1999). 100 Decisive Battles: From Ancient Times to the Present. New York: Oxford University Press. ISBN 978-0-19514-366-9.

[iii] “After 1580, there was a growing distaste for maritime ventures; the Ottoman fleet lay rotting in the still waters of the Horn.” Roger Crowley, “Empires of the Sea: The siege of Malta, the battle of Lepanto and the contest for the center of the world”, publisher Random House, 2008, p. 287

[iv] Libro en que se tratea de la importancia y exercicio del santo rosario, Zaragoza: Domingo Portonariis y Ursino (1584), cited after Lorenzo F. Candelaria, The Rosary Cantoral: Ritual and Social Design in a Chantbook from Early Renaissance Toledo, University Rochester Press (2008), p. 109

[v] Miguel de Cervantes Saavedra, (born September 29?, 1547, Alcalá de Henares, Spain—died April 22, 1616, Madrid), Spanish novelist, playwright, and poet, the creator of Don Quixote.

 

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031