Select Page

ഭൂതോച്ഛാടനത്തിൻറെ ചരിത്രം

ഭൂതോച്ഛാടനത്തിൻറെ ചരിത്രം

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

പിശാചുക്കളുടെ ആക്രമണവും, ആവാസവും ഉണ്ട് എന്നതാണ് ആരംഭ കാലം മുതലുള്ള സഭയുടെ നിസ്സംശയമായ നിലപാട്. അതിനവൾക്ക് ഏറ്റവും കൃത്യമായ ധാരണ ലഭിച്ചത് യേശു ക്രിസ്തുവിൽ നിന്നും തന്നെയാണ്.  വിശുദ്ധ ഗ്രന്ഥത്തിലെ ഭൂതോച്ഛാടനങ്ങൾ അക്കാലത്തെ ജനത്തിൻറെ അന്ധവിശ്വാസത്തെ കണക്കിലെടുത്ത് ഈശോ ചെയ്ത രോഗശാന്തികൾ മാത്രമായിരുന്നു എന്ന് പറയുന്നതിൽ തീർച്ചയായും അർത്ഥമില്ല. കാരണം, ഒരേ സമയത്തിലും, ദേശത്തും വച്ച് തന്നെ, പലപ്പോഴും ഒരേ സമൂഹത്തിൽ തന്നെ അവൻ കൃത്യമായും “നിൻറെ രോഗം ഭേദമാകട്ടെ” എന്ന് പറഞ്ഞു ശാരീരിക ആശ്വാസം കൊടുക്കുകയും, അത് പോലെ തന്നെ “പിശാചേ പുറത്തു പോകുക” എന്ന് വ്യക്തമായി പറഞ്ഞു കൊണ്ട് ഉച്ചാടനം നടത്തുകയും ചെയ്യുന്നതിൽ നിന്നും മനസ്സിലാകുന്നത് അവൻ തൻറെ വിവേചനം ഉപയോഗിച്ചാണ് അക്കാര്യങ്ങളിൽ ശരിയായ തീരുമാനം എടുത്തിരുന്നത് എന്നാണ്.

ക്രിസ്തുവിൻറെ ഈ പാരമ്പര്യം ശ്ലീഹന്മാരും മറ്റ് സഭാ പിതാക്കന്മാരും പിന്തുടർന്ന് പോന്നിരുന്നു. എന്നിരിക്കിലും, പത്തൊൻപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിനു ശേഷം ബഹുവിധ കാരണങ്ങളാൽ ഭൂതോച്ഛാടനം ഒരു അന്ധ വിശ്വാസമാണ് എന്ന ധാരണ സഭയിൽ വർദ്ധിതമായി എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.

എന്തുകൊണ്ട് പൈശാചീക ആവാസങ്ങളെക്കുറിച്ചു പഠിക്കണം

കഴിഞ്ഞ രണ്ട് തലമുറകളെങ്കിലും പുച്ഛിച്ചു തള്ളിയ ഒരു സത്യം നമ്മുടെ തലമുറയും കാലഘട്ടവും പഠിക്കണം: കാരണം വസ്തുതകളെ കാര്യകാരണസഹിതം വീക്ഷിക്കുന്നതിനും, പക്ഷാഭേതമില്ലാതെ പഠിക്കുന്നതിനുമുള്ള ക്ഷമയും ഉള്ള തലമുറയാണ് നമ്മുടേത്. അനേകർക്ക് ലഭിച്ചിട്ടില്ലാത്ത ജ്ഞാനം നമുക്ക് ലഭിച്ചത് സത്യത്തിന് പുറം തിരിഞ്ഞു നിൽക്കാനല്ല, അതിനെ തേടി കണ്ടുപിടിക്കുവാനാണ്.

സഭയുടെ അധികാരം

ഭൂതോച്ഛാടനത്തിൽ സഭയ്ക്കുള്ള പങ്ക് അനന്യമാണ്. നാം മുൻപ് കണ്ടതുപോലെ, ക്രിസ്തു തൻറെ ശിഷ്യന്മാർക്ക് പകർന്ന് നൽകിയ അധികാരം നിയമപ്രകാരം അഭിഷിക്തനായ പുരോഹിതന് പകർന്ന് നൽകപ്പെടുന്നു. ക്രിസ്തു നൽകിയ അധികാരവും, കൂദാശയുടെ പിന്തുണയും, നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്തും സഭയെ ഉച്ചാടനത്തിന് പരമയോഗ്യയാക്കുന്നു. സൂക്ഷമമായ പഠനങ്ങൾക്കും ഡോക്റ്റർമാരുടെ വിലയിരുത്തലുകൾക്കും ശേഷം മാത്രമാണ് സഭ ഒരു ഭൂതോച്ഛാടനത്തിന് അനുമതി നൽകുന്നത്.

അജ്ഞതയുടെ മുൻകാലങ്ങളിലെ ബാക്കിയിരിപ്പാണ് പിശാചില്ല്ല വിശ്വാസം എന്ന ചിന്താഗതി പത്തൊൻപതാം നൂറ്റാണ്ടിൻറെ “enlightened criticism” എന്നറിയപ്പെട്ടിരുന്ന പക്ഷപാതിത്വത്തിൻറെ മുഖമുദ്രയായിരുന്നു. തങ്ങളുടെ വാദം ഉറപ്പിക്കുന്നതിന് ഉപോല്ബലകമായതൊന്നുമില്ലെങ്കിലും അതീന്ദ്രിയമായതൊന്നും നിലനിൽക്കുക സാധ്യമല്ല എന്ന കാര്യത്തിൽ ഇക്കൂട്ടർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

ഞാൻ മുൻപ് പറഞ്ഞതുപോലെ, നമ്മുടെ കാലഘട്ടത്തിൽ നാം കൂടുതൽ ഇക്കാര്യങ്ങളെക്കുറിച്ചു ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. എന്ന് മാത്രവുമല്ല, ഇക്കാലത്ത്, ഉന്നത വിദ്യാഭ്യാസം ലഭിച്ചിരിക്കുന്നവർ തന്നെയാണ് ഇക്കാര്യങ്ങളിൽ കൂടുതൽ അവബോധം കാണിക്കുന്നത് എന്നതും ഒരു യാഥാർഥ്യമാണ്.

സോളമൻ താന്ത്രിക വിദ്യകളിൽ ആകൃഷ്ടനാകുകയും അങ്ങനെ ഓർണിയാസ്, ബെൽസെബൂൽ, അസ്‌മോദിയസ്‌ തുടങ്ങിയ മുപ്പത്തിയാറോളം പിശാചുക്കളുടെ തലവന്മാരോട് സംവദിക്കുന്നതും ചില കബാല ഗ്രന്ഥങ്ങളിൽ വായിച്ചിട്ടുണ്ട്. സോളമൻ അവരെയെല്ലാം തൻറെ ശക്തിക്ക് കീഴിലാക്കിയിരുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, അദ്ദേഹത്തിൻറെ ജീവിതാന്ത്യത്തിലുണ്ടായ വിശ്വാസ പരിത്യാഗം കണക്കിലെടുക്കുമ്പോൾ പിശാചിൻറെ അനന്യമായ കഴിവായ വഞ്ചനയിൽ അദ്ദേഹം വീണുപോയി എന്ന് കരുതാവുന്നതാണ്.

അതി പ്രഗത്ഭരായ ഭൂതോച്ചാടകർ പലരും വീണു പോയതിനെക്കുറിച്ചു ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ? അവരിൽ പലരുടെയും കാര്യം അപഗ്രഥിച്ചപ്പോൾ മനസ്സിലായത്, പിശാച് ഒരുക്കിയ വളരെ തന്ത്രപരമായ ഒരു കെണിയിലാണ് അവർ വീണുപോയത് എന്നതാണ്.

അവരുടെ വ്യക്തിപരമായ സാന്നിധ്യം തങ്ങൾക്ക് താങ്ങാനാവാത്തത്ര ശക്തമാണ് എന്ന ധാരണ അവരിൽ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ട് വരുന്നതിൽ പിശാച് വിജയിച്ചു. അങ്ങനെ, തങ്ങളുടെ യഥാർത്ഥ ശക്തിസ്രോതസ്സ് സഭയും, കൂദാശകളും, കർത്താവീശോമിശിഹായുടെ മനുഷ്യാവതാരത്തിൻറെ യോഗ്യതകളും ആണ് എന്ന അവർക്ക് വളരെ നന്നായി അറിയാമായിരുന്ന സത്യം അവർ മറക്കുമാറ് അവർക്ക് അഹന്തയെ നൽകി, ക്ഷമാപൂർവ്വമായ പദ്ധതിയിലൂടെയാണ് പിശാച് അവരെ വീഴ്ത്തിക്കളഞ്ഞത്.

വീഴ്ചയുടെ മറ്റൊരു കാരണം പ്രലോഭനങ്ങളിലൂടെ ലൗകീക സമ്പത്തുകളോടുള്ള തൃഷ്ണയെ ഉണർത്തുക എന്നതാണ്. ഒരിക്കൽ റോമിലെ ഒരു പ്രഗത്ഭ ഭൂതോച്ഛാടകൻറെ അനുഭവം കോഷിൻറെ ഒരു കൃതിയിൽ വായിച്ചതോർക്കുന്നു. അദ്ദേഹം സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി പൈശാചീക ശക്തികളെ ഉപയോഗിക്കുവാൻ തുടങ്ങി. ഈ ആവശ്യത്തിനായി അദ്ദേഹം സാത്താന്യ പൂജകൾ നടത്തുവാൻ തുടങ്ങി. അതിൽ അദ്ദേഹത്തിന് ധാരാളം ഫലപ്രാപ്തിയും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ ഒരിക്കൽ തന്നിൽ പിടിമുറുക്കിയ ഒരു പിശാചിനെ ഒഴിവാക്കാൻ അദ്ദേഹം എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

സ്വർഗ്ഗത്തിലെ നിയമം സ്നേഹത്തിൻറെ നിയമമാണല്ലോ? പരസ്പരം സ്നേഹത്തിൽ ഉൾക്കൊള്ളുന്ന പരാമപരിശുദ്ധ ത്രീത്വവും, ആ നിറവിൽ നിന്നും സ്വീകരിക്കുന്ന മാലാഖമാരും വിശുദ്ധരും കൂടുതൽ കൂടുതൽ സ്നേഹത്തിൽ നിറയുകയും പരസ്പരം സ്നേഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

എന്നാൽ പിശാചുക്കളുടെ ഇടയിൽ ഭയമാണ് അധികാരഹേതു. കൂടുതൽ ശക്തനായ പിശാച് തൻറെ താഴെയുള്ള പിശാചിനെ പീഡിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. കാരണം തങ്ങളുടെ അവസ്ഥയെക്കുറിച്ചും ദൈവത്തിൻറെ മഹാമഹിമയെക്കുറിച്ചുമുള്ള ധാരണയുടെ തികവിൽ അവർ സ്വയവും മറ്റുള്ളവരെയും വെറുക്കുന്നു.

അങ്ങനെ, ആ മുൻ വൈദീകൻ തന്നെ ആ സമയം ഉപദ്രവിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന പിശാചിനെ ഒഴിവാക്കുവാൻ ബെൽസെബൂളിനെ വിളിക്കുന്ന മന്ത്രം ഉപയോഗിച്ചു. ആദ്യമുണ്ടായിരുന്ന പിശാച് ഒഴിവായെങ്കിലും ബെൽസെബൂൾ അയാളുടെ ജീവൻ തന്നെ എടുക്കും എന്ന സാഹചര്യമുണ്ടായി. ഭയന്ന് വിറച്ചുപോയ അദ്ദേഹം തൻറെ സുഹൃത്തായിരുന്ന ഒരു കത്തോലിക്കാ വൈദീകനെ വിളിച്ചുവരുത്തി ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

സഭ വൈദീകന് നൽകുന്ന അധികാരം

സഭ അധികാരം നൽകിയിരിക്കുന്ന വൈദീകൻറെ ശക്തി അപാരമാണ്. കോഷിന്റെ തന്നെ ഒരു വിവരണം പറയാം. ഒരിക്കൽ ജർമ്മനിയിലെ രണ്ട് കോവനുകളിലുള്ള സാത്താൻ സേവകർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ അവർ പരസ്പരം മന്ത്രങ്ങളിലൂടെ ആക്രമിക്കുവാൻ തുടങ്ങി. ദൂരെയിരുന്നുകൊണ്ടുള്ള ആ ആക്രമണങ്ങളിൽ ശാരീരികമായി മാരക മുറിവുകൾ പോലും ഏല്പിക്കപ്പെട്ടു.

അതിഭീകരമായ ആ ആക്രമണങ്ങളിൽ ഒരു വിഭാഗത്തിന് നിൽക്കക്കള്ളി ഇല്ലാതായപ്പോൾ അവർ പ്രദേശത്തെ കത്തോലിക്കാ വൈദീകൻറെ അടുക്കൽ അഭയം പ്രാപിച്ച് സഹായം അഭ്യർത്ഥിച്ചു. തനിക്ക് ഇക്കാര്യങ്ങളിലൊന്നും അറിവോ വിശ്വാസമോ ഇല്ലെന്ന് അച്ചൻ അറിയിച്ചെങ്കിലും അദ്ദേഹത്തിന് മാത്രമേ ആ പൈശാചീക ശക്തികളെ നിർവീര്യമാക്കുവാൻ ആ സാഹചര്യത്തിൽ സാധിക്കൂ എന്ന് അവർ നിർബന്ധിച്ചു പറഞ്ഞപ്പോൾ ആ വൈദീകൻ ആ ശക്തികളെ വിലക്കുകയും അവ നിർവീര്യമാകുകയും ചെയ്ത സംഭവം കോഷ് വെളിപ്പെടുത്തുന്നു.

കത്തോലിക്കാ സഭയിൽ വൈദീകർക്ക് മാത്രമാണ് ഉച്ഛാടനം നടത്തുവാൻ, പ്രത്യേകിച്ച് major exorcism നടത്തുവാൻ അധികാരം. ഉച്ഛാടനം ഒരു കൂദാശയല്ല, കൗദാശികമാണ്. അതിനാൽത്തന്നെ കൂദാശകൾക്ക് അതില്തന്നെയുള്ള വല്ലഭത്വം (potency) ഉച്ഛാടനത്തിന് ഇല്ല. സഭ നൽകുന്ന അധികാരവും, പരികർമ്മം ചെയ്യുന്ന ആളുടെ ബോധ്യവും ജീവിത വിശുദ്ധിയും ഫലപ്രാപ്തിയെ (efficacy) ബാധിക്കും.

Roman Ritual വെളിപ്പെടുത്തുന്നതനുസരിച്ചു, പ്രധാനമായും നാല് കാര്യങ്ങളാണ് പൈശാചീക ആവാസത്തിൻറെ അടയാളങ്ങൾ:

  1. പഠിച്ചിട്ടില്ലാത്ത ഭാഷകളിൽ (പലപ്പോഴും പൗരാണീക ഭാഷകളിൽ) സംസാരിക്കുക,
  2. അമാനുഷമായ ശാരീരിക ശക്തി,
  3. പഠിക്കുകയോ അനുഭവം ഉണ്ടായിരിക്കുകയോ ഉണ്ടായിട്ടില്ലാത്ത വിഷയങ്ങളിൽ അസാമാന്യ ജ്ഞാനം,
  4. വിശുദ്ധവസ്തുക്കളോട്, പ്രത്യേകിച്ച് കൂദാശകളോട് വെറുപ്പും ദൈവനിഷേധവും.

ആദിമ സഭയിൽ മുതലേ ഉച്ഛാടനം പതിവായിരുന്നെങ്കിലും, അതിന് നിയതമായ ഒരു ക്രമം ഉണ്ടായിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ട് വരെ അല്മായരും പുരോഹിതരും ഒന്നുപോലെ exorcism നടത്തിയിരുന്നു. “Vade retro satana” (“Step back, Satan”) എന്ന Benedictine formula ആയിരുന്നു അവരെല്ലാം ഉപയോഗിച്ചിരുന്നത്.

1614 -ൽ ആണ് ആദ്യമായി കൃത്യമായ നിർദ്ദേശവും ക്രമവും ഉണ്ടായത്. അത് പിന്നീട് 1999 -ൽ പുതുക്കുന്നത് വരെ ഉപയോഗത്തിലിരുന്നു.

അമേരിക്കയിലും മറ്റും ഉച്ഛാടനത്തിന് തീരുമാനിക്കുന്നതിന് മുൻപ് ഒരു മനഃശാസ്ത്രജ്ഞൻറെ പരിശോധന നിർബന്ധമാണ്. മറ്റിടങ്ങളിലും പ്രഗത്ഭരായ ഉഛാടകരുടെ സംഘത്തിൽ ഒരു മനഃശാസ്ത്രജ്ഞനെങ്കിലും ഉണ്ടായിരിക്കും.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031