Select Page

മാലാഖമാരുടെ 9 ഗണങ്ങൾ

മാലാഖമാരുടെ 9 ഗണങ്ങൾ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

Angelology-യിലെ മറ്റു വിഷയങ്ങളിലെന്നതുപോലെ മാലാഖമാരുടെ ഗണങ്ങളെക്കുറിച്ചുള്ള പഠനത്തിലും പൗരാണിക കബാല, അപ്പോക്രിഫാ, നൊസ്റ്റിക്ക് ഗ്രന്ഥങ്ങളും, മധ്യകാല സഭാബാഹ്യ കൃതികളും പഠന വിധേയമാക്കിയിട്ടുണ്ട്. എന്നിരിക്കിലും, ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും, വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളും പരിപൂർണ്ണമായും സഭാപിതാക്കന്മാർക്ക് അഭിപ്രായ ഐക്യമുള്ള ആധികാരിക പഠനങ്ങളും സഭയുടെ നിലപാടുമാണ്. സഭാപിതാക്കന്മാരിൽ തന്നെ, ഡയനീഷ്യസ്, അഗസ്റ്റിൻ, ഗ്രിഗറി, പീറ്റർ ലൊംബാർഡ്[i], ബൊനവഞ്ചർ, അക്വീനാസ് എന്നിവരെയാണ് അധികവും ആശ്രയിച്ചിരിക്കുന്നത്. അത് കൂടാതെ, ജെറോമിൻറെയും, ഹിലരിയുടേയും, ഹില്ഡഗാർഡിൻറെയും നിരീക്ഷണങ്ങളും കണക്കിലെടുത്തിട്ടുണ്ട്.

മാലാഖമാർക്ക് 9 ഗണങ്ങൾ അഥവാ choirs ഉണ്ട്[ii]. ഈ ഒൻപത് ഗണങ്ങളേയും മുമ്മൂന്നുകളുടെ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഇവർ സെറാഫിം എന്ന് സ്രാപ്പേൻമാർ, ചെറൂബിം എന്ന് ക്രോവേൻമാർ, ത്രോണോസ് എന്ന ഭദ്രാസനന്മാർ എന്നിങ്ങനെ ഏറ്റവും ഉന്നതരായ വിഭാഗങ്ങളും, ഡൊമിനിയൻസ് എന്ന അധികാരികൾ, വെർച്യൂസ് എന്ന തത്വകൻമാർ, പവേഴ്സ് എന്ന ബലവാന്മാർ എന്നിങ്ങനെ മധ്യ വിഭാഗങ്ങളും,  പ്രിൻസിപ്പാലിറ്റീസ് എന്ന പ്രാഥമികൻമാർ, ആർക്ക് ഏഞ്ചൽസ് എന്ന മുഖ്യദൂതന്മാർ, എയ്ഞ്ചൽസ് എന്ന ദൈവദൂതന്മാർ[iii] എന്നിങ്ങനെ മനുഷ്യരുമായി ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളുമാണ്.

  1. ഒന്നാം വിഭാഗമായ സെറാഫുകൾക്ക് ആറു ചിറകുകൾ ഉള്ളതായാണ് ഏശയ്യാ പ്രവാചകന് ലഭിച്ച ദർശനം. ദൈവസന്നിധിയിൽ സദാസമയം വ്യാപരിക്കുന്ന ഈ ഉന്നത വൃന്ദം മാലാഖമാർ[iv] തങ്ങളുടെ പാദങ്ങൾ രണ്ടു ചിറകുകൾ കൊണ്ട് മറച്ചുപിടിക്കുകയും, അതിതീക്ഷ്ണമായ ദൈവ സാന്നിധ്യത്തിൽ തങ്ങളുടെ മുഖങ്ങളെ രണ്ടു ചിറകുകൾ കൊണ്ട് മറച്ചുപിടിക്കുകയും ചെയ്യുന്നതായാണ് പ്രവാചകന് ലഭിച്ച ദർശനം. മാലാഖാമാർക്ക് ചിറകുകൾ ഉണ്ട് എന്നത് യഥാർത്ഥത്തിൽ അവർക്ക് പക്ഷികളുടേതുപോലെയുള്ള ചിറകുകൾ ഉണ്ട് എന്ന അർത്ഥത്തിലല്ല, മറിച്ച് അവരുടെ പ്രകടനപാടവത്തെയും, വല്ലഭത്വം അഥവാ potency-യെയും സൂചിപ്പിക്കുന്ന പ്രതീകമാണെന്ന് angelologist കൾ കരുതുന്നു. ചിന്തയുടെ വേഗത്തിൽ സഞ്ചരിക്കുന്നവർക്ക് തീർച്ചയായും പക്ഷിച്ചിറകുകൾ ആവശ്യമില്ലല്ലോ.

ആ അർത്ഥത്തിൽ സെറാഫുകൾ അവരുടെ മുഖം ചിറകുകൾ കൊണ്ട് മറച്ചു പിടിച്ചിരിക്കുന്നു എന്നത് അതി തീക്ഷ്ണവും ഭക്തി-ഭയ ജന്യവുമായ ദൈവത്തിൻറെ മഹാമഹിമയ്ക്ക് മുന്നിൽ തങ്ങൾ എത്ര നിസ്സാരരാണ് എന്ന മാലാഖമാരുടെ സ്വയാവബോധത്തെ സൂചിപ്പിക്കുന്നു. ദൈവ സന്നിധിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന  സെറാഫുകൾ അഗ്നിമയൻമാരാണ്. അവർ ദൈവസ്നേഹാഗ്നിയാൽ ജ്വലിച്ചുകൊണ്ടാണിരിക്കുന്നത്. സെറാഫിം എന്ന വാക്കിൻറെ അർഥം തന്നെ കൂടുതൽ കൂടുതൽ ജ്വലിച്ചുകൊണ്ടിരിക്കുക എന്നാണെന്ന് ഗ്രിഗറി പഠിപ്പിക്കുന്നു.

  1. അടുത്ത വിഭാഗമാമായ ചെരൂബിം അഥവാ ചെരൂബുകൾ ദൈവ തിരുസിംഹാസനത്തിൻറെയും സ്വർഗ്ഗത്തിൻറെയും കാവൽക്കാരും പരിപാലകരും ആണത്രേ. സെറാഫുകൾ ദൈവസ്നേഹാഗ്നിയാൽ ജ്വലിതരാണെങ്കിൽ, ചെരൂബുകൾ ബൗദ്ധീകമായ ദൈവീകജ്ഞാനത്താൽ പൂരിതരാണ് എന്ന് അക്വീനാസ് പറയുന്നു. അപാരമായ ദൈവാവബോധമാണ് അവരുടെ ശക്തികേന്ദ്രം. “ശാസ്ത്ര ജ്ഞാന പൂർണ്ണത” എന്നാണ് ചെരൂബിം എന്നതിനർത്ഥം എന്ന് ഗ്രിഗറി വെളിപ്പെടുത്തുന്നു.
  2. ത്രോണോസ് അഥവാ ഭദ്രാസനന്മാർ എന്ന വിഭാഗമാണ് അടുത്തത്. പരമമായ എളിമ, സമാധാനം, വിധേയത്വം എന്നിവയാണ് ഇവരുടെ ഗുണങ്ങൾ. ദൈവത്തിൻറെ നീതിയുടെ നടത്തിപ്പുകാരായി നീതിസിംഹാസനത്തിൽ ആസനസ്ഥരായതിനാൽ ഇരിപ്പിടം എന്നർത്ഥം വരുന്ന ത്രോണോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് അവരെ അപ്രകാരം വിളിക്കുന്നത്. ദൈവകൃപയും നീതിയും അത്രമേൽ നിറഞ്ഞിരിക്കുന്നവരായതിനാൽ തൻറെ നീതിവിധിയുടെ പ്രഖ്യാപനം നടത്തുവാൻ ദൈവം അവരെ ഉപയോഗിക്കുന്നു[v]. സെറാഫുകളും, ചെരൂബുകളും, ത്രോണോസും സദാസമയം ദൈവത്തെ ദർശിച്ചുകൊണ്ടിരുന്നു. തങ്ങൾക്ക് താഴെയുള്ള മാലാഖമാർക്കും ദൈവത്തിനുമിടയിൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്നത് ത്രോണോസ് ആണ്.
  3. രണ്ടാം ഉപവിഭാഗത്തിലെ പ്രഥമസ്ഥാനീയരായ ഡൊമീനിയനുകൾ അഥവാ അധികാരികൾ എന്ന വിഭാഗമാണ് ത്രോണോസുകൾക്ക് ശേഷം വരുന്നത്. ഇവർ നേതൃഗുണത്തിൻറെ മാലാഖമാരാണ്. സ്വർഗ്ഗീയ സൈന്യവ്യൂഹങ്ങളുടെ നേതൃത്വം അവർക്കാണ്. അതിനാൽത്തന്നെ മറ്റു മാലാഖമാർ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നു.
  4. അടുത്ത ഗണം മാലാഖമാർ വെർച്യൂസ് എന്നറിയപ്പെടുന്ന താത്വകൻമാരാണ്. പ്രപഞ്ചഗതിയുടെ നിയന്ത്രാക്കളാണ് വെർച്യൂസ്. തിളങ്ങുന്ന മാലാഖമാർ എന്നറിയപ്പെടുന്ന ഇവർ മനോബലം, പ്രസാദം, വിപദിധൈര്യം എന്നിവയുടെ മാലാഖമാരാണ്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മാലാഖാമാരാണിവർ[vi].
  5. പവേഴ്സ് എന്നറിയപ്പെടുന്ന അടുത്ത വിഭാഗമായ ബലവാന്മാരാണ് പ്രപഞ്ചത്തിനും മനുഷ്യവർഗ്ഗത്തിനും എതിരായ പൈശാചിക ശക്തികളുടെ ആക്രമണങ്ങളെ നേരിടുന്നത് എന്ന് കരുതപ്പെടുന്നു. ദൈവം അനുവദിക്കുന്നതിനപ്പുറം തിന്മയുടെ ശക്തികൾ മനുഷ്യരെ പീഡിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അവർ ഉറപ്പുവരുത്തുന്നു. ഉഗ്രപ്രാഭവന്മാരായ പവേഴ്സ് പൈശാചീക ശക്തികളുടെ പേടിസ്വപ്നമാണ്.
  6. പ്രിൻസിപ്പാലിറ്റീസ് എന്ന പ്രാഥമികൻമാർ ആണ് മൂന്നാം വിഭാഗത്തിലെ പ്രഥമ ഗണം മാലാഖമാർ. ദൈവത്തിൻറെ സന്ദേശങ്ങൾ മറ്റ് മാലാഖമാർക്ക് നൽകുന്നതും, അവരുടെ ഉത്തരവാദിത്തങ്ങൾ നിർദ്ദേശിക്കുന്നതും ഡൊമീനിയൻസ് എന്ന അധികാരികൾ ആണ്. ഇവർ നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെയും മേൽനോട്ടം വഹിക്കുന്നു.
  7. വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവുമധികം പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ആർക്ക് ഏഞ്ചൽസ് അഥവാ പ്രധാന മാലാഖമാരാണ് അടുത്ത വിഭാഗം. വിശുദ്ധ അക്വീനാസിൻറെ[vii] അഭിപ്രായത്തിൽ മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ പ്രധാന മാലാഖമാരാണ്.

ഇവിടെ എടുത്തുപറയേണ്ട ഒരു രസകരമായ വസ്തുത എട്ടാമത്തെ ഗണത്തിൽപ്പെട്ട പ്രധാന മാലാഖമാരുടെ ഗണത്തിലെ മിഖായേലിൻറെ നേതൃത്വത്തിലാണ് മാലാഖമാർ, ഉന്നത ശ്രേണിയിലുള്ള സെറാഫിം, അഥവാ ചെരൂബിം വിഭാഗത്തിൽപ്പെട്ട ലൂസിഫറിനെ എതിർത്ത് പരാജയപ്പെടുത്തിയത് എന്നത്.

  1. മനുഷ്യരോടും പ്രപഞ്ചത്തോടും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വിഭാഗമാണ് ഒമ്പതാമത്തെ ഗണമായ മാലാഖമാർ എന്ന വിഭാഗം. കാവൽ മാലാഖമാർ അധികവും ഈ വിഭാഗത്തിൽപ്പെടുന്നു.

ഡയനീഷ്യസും, ഗ്രിഗറിയും നൽകുന്ന ക്രമത്തിൽ Principalities, Virtues, എന്നിവയുടെ സ്ഥാനങ്ങൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. പൗലോസ് ശ്ലീഹ Ephesians 1:20-21-ലും, Colossians 1:16-ലും നൽകുന്ന ക്രമത്തിലെ വ്യത്യാസമാണ് കാരണമെന്ന് അക്വീനാസ് വെളിപ്പെടുത്തുന്നു[viii].

ദൈവത്തിൻറെ സന്ദേശങ്ങൾ മനുഷ്യർക്ക് കൈമാറുക എന്നതാണ് അവരുടെ നിയോഗം. ആ ദൗത്യത്തിൽ തന്നെ ദൈവ സന്ദേശത്തിൻറെ പ്രാധാന്യം വർദ്ധിക്കുന്നതനുസരിച്ച് ആ ദൗത്യം മുഖ്യദൂതന്മാർക്ക് നൽകപ്പെടുന്നു. വി. ഗ്രിഗറിയുടെ അഭിപ്രായത്തിൽ, ലോകചരിത്രത്തിലെ ഏറ്റവും വലിയ ദൈവ സന്ദേശം മറിയത്തിന് നല്കപ്പെടേണ്ട വേളയിൽ മുഖ്യദൂതനായ ഗബ്രിയേൽതന്നെ അയയ്ക്കപ്പെട്ടതിൻറെ കാരണം അതാണ്[ix].

ദൈവവുമായി ഓരോ വിഭാഗവും എത്ര അടുത്തിരിക്കുന്നു എന്ന ക്രമത്തിലാണ് ഇവരുടെ ഗണങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡയനീഷ്യസ് കരുതുന്നു. അധികാരശ്രണി അഥവാ hierarchy അനുസരിച്ചാണ് സ്വർഗ്ഗത്തിൻറെ വിന്യാസം. അതിനാൽത്തന്നെ സദാസമയവും ദൈവ സന്നിധിയിൽ അവിടുത്തെ തിരുമുഖം ദർശിച്ചുകൊണ്ടിരിക്കുന്ന സെറാഫുകൾക്ക് വെളിപ്പെട്ടു കിട്ടുന്ന ജ്ഞാനം അവർ തങ്ങൾക്ക് താഴെയുള്ള ചെരൂബുകൾക്കും, അവർ ത്രോണോസിനും അങ്ങനെ അനുസ്യൂതം താഴേയ്ക്കും നൽകപ്പെടുന്നത് അവസാനം ഒൻപതാമത്തെ ഗണമായ ദൈവദൂതന്മാർക്കും നൽകപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ദൈവീകവിജ്ഞാനം ഏറ്റവുമധികം ലഭ്യമാകുന്നത് സെറാഫുകൾക്കാണ് എന്ന് അക്വീനാസ് കരുതുന്നു.

ഈ പശ്ചാത്തലത്തിൽ വളരെ രസകരമായ ഒരു പ്രായോഗീക നിർദ്ദേശം ഗ്രിഗറി നൽകുന്നു. ഓരോ മനുഷ്യരുടെയും ഭൂമിയിലെ ദൗത്യത്തിനും ഉത്തരവാദിത്വത്തിനും അനുസരിച്ച് മാലാഖമാരുടെ ഗണങ്ങളുടെ സ്വഭാവ പ്രകാരമുള്ള മാധ്യസ്ഥശക്തിക്കായി പ്രാർത്ഥിക്കുന്നത് ഗുണകരമായിരിക്കും. ഉദാഹരണമായി നേതൃസ്ഥാനത്തിരിക്കുന്നവർക്ക് ഉന്നത ശ്രേണിയിലുള്ള മാലാഖമാരുടെ സഹായസംരക്ഷണങ്ങൾ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു.

അതുപോലെതന്നെ ഒരുഗണത്തിലെ ഏറ്റവും താഴെയുള്ള മാലാഖയും തൊട്ടു താഴത്തെ ഗണത്തിലെ ഏറ്റവും മുകളിലുള്ള മാലാഖയും തമ്മിലാണ് താന്താങ്ങളുടെ ഗണത്തിലെ തന്നെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള മാലാഖമാരേക്കാൾ സാമ്യം. ഉദാഹരണമായി, ചെരൂബിം ഹയരാർക്കിയിൽ ഏറ്റവും താഴെയുള്ള ചെരൂബ് ഏറ്റവും ഉന്നത ശ്രേണിയിലുള്ള ചെരൂബിനേക്കാൾ, ഏറ്റവും ഉന്നത ശ്രേണിയിലുള്ള ത്രോണോസിനോട് സാമ്യപ്പെട്ടിരിക്കുന്നു[x].

ഇതുപറയുമ്പോൾ തന്നെ മാലാഖമാർ ഒരു സ്പീഷീസ് അല്ലെങ്കിൽ ഒൻപത് സ്പീഷീസ് ആണ് എന്ന് ധരിക്കരുത്. അക്വീനാസിൻറെ വെളിപ്പെടുത്തൽ അനുസരിച്ച് മാലാഖമാർ പ്രഥമത ഒൻപത് ഗണങ്ങൾ ആണെങ്കിൽ തന്നെയും, ഓരോ മാലാഖയും ഒരു വ്യത്യസ്ത സ്പീഷീസാണ്. അതായത്, ഓരോ മാലാഖയും മറ്റൊരു മാലാഖയിൽനിന്നും പരിപൂർണ്ണമായും വ്യത്യസ്തനാണ്. ഉദാഹരണമായി, അവർ തമ്മിലുള്ള വ്യത്യാസം രണ്ട് കുതിരകൾ തമ്മിലുള്ള വ്യത്യാസം പോലെയല്ല, കുതിരയും സിംഹവും തമ്മിലുള്ള വ്യത്യാസം പോലെയാണ് എന്ന് സാരം.

അതുപോലെ തന്നെ ഡയനീഷ്യസും[xi], ആഗസ്തീനോസും, ഗ്രിഗറിയും, അക്വീനാസും[xii] വെളിപ്പെടുത്തുന്നത് പോലെ, മാലാഖ എന്നത് ഒരു പേരല്ല, അവരുടെ ദൗത്യത്തിൻറെ പേരാണ്.

യഥാർത്ഥത്തിൽ മാലാഖ എന്ന വാക്കിൻറെ അർഥം സന്ദേശവാഹകൻ എന്നാണ്. ഗ്രീക്ക് ഭാഷയിൽ angelos-ൽ നിന്നുമാണ് “angel” അഥവാ “മാലാഖ” വരുന്നത്. “അയയ്ക്കപ്പെട്ടവൻ, സന്ദേശവാഹകൻ” എന്നെല്ലാമാണ് അതിനർദ്ധം. വി. ആഗസ്തീനോസിൻറെ വാക്കുകളിൽ, “മാലാഖ” എന്നത് തൊഴിലിൻറെ പേരാണ്, സ്വഭാവനാമമല്ല. സ്വഭാവപരമായി അത് “ആല്മാവാണ് (spirit).” (“the name angel belongs to his office, not to his nature. You ask what is the name of his nature. He is a spirit. You ask what is the name of his office. He is an angel.”).

അതുകൊണ്ടാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ പ്രധാന മാലാഖമാർ എന്നും സെറാഫുകൾ എന്നും അറിയപ്പെടുന്നത്. അതായത്, ദൈവ സന്ദേശം കൈമാറുന്ന സാഹചര്യത്തിൽ[xiii] അവർ പ്രധാന മാലാഖമാരുടെ ദൗത്യത്തിൽ ആണെങ്കിൽ, ദൈവത്തോട് അടുത്തു പെരുമാറുന്നവർ  നിലയിൽ അവർ സെറാഫുകൾ[xiv] ആണ്. അതായത്, അവർ ദൈവ സന്ദേശം നൽകുന്ന വേളയിൽ അവരുടെ ദൗത്യ സ്വഭാവത്തിൻറെ പേരാണ് മാലാഖ എന്നത്. മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നത് തന്നെ അവരുടെ ദൗത്യത്തിൻറെ സ്വഭാവത്തിൻറെ പേരുകളാണ്[xv]. അക്വീനാസും, ഗ്രിഗറിയും വെളിപ്പെടുത്തുന്നതനുസരിച്ച്, യുഗാന്ത്യത്തിൽ മനുഷ്യർ ഉത്ഥിതരാകുമ്പോൾ ഓരോരുത്തർക്കും അർഹമായ കൃപയ്ക്കനുസൃതമായി അവരും മാലാഖാമാരുടെ ഗണങ്ങളിൽ ചേർക്കപ്പെടുടും. കൂടാതെ, ആ ഗണങ്ങളുടെ പല ഉത്തരവാദിത്വങ്ങളും അവരിലെ തിരഞ്ഞെടുക്കപ്പെട്ടവർ നിറവേറ്റുക പോലും ചെയ്യുമെന്നുമാണ്  അവരുടെ അഭിപ്രായം. കർത്താവിൻറെ വാക്കുകളും[xvi], അഗസ്റ്റിൻറെ പഠനങ്ങളും[xvii] ഇതിന് ഉപോൽബലകമായി അക്വീനാസ് ഉദ്ധരിക്കുന്നു.

തുലോം വ്യത്യസ്തമായ സ്പീഷീസുകൾ ആയിരിക്കുന്ന മാലാഖമാരെക്കുറിച്ച് നമുക്കുള്ള ജ്ഞാനം വളരെ പരിമിതമായതിനാൽ, വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തിയിരിക്കുന്ന മാലാഖമാരുടെ  പേരുകൾ അല്ലാതെ മറ്റു നാമങ്ങൾ ഉപയോഗിക്കുവാൻ നമുക്ക് അവകാശമില്ല എന്ന് സഭ പഠിപ്പിക്കുന്നു.

അപ്രമാദിത്ത ഗ്രന്ഥങ്ങളായ ഈനോക്കിൻറെ പുസ്തകം, പത്രോസിൻറെ വെളിപാട്, ബാരൂക്ക് രണ്ട്, എന്നിവ മാലാഖമാരെക്കുറിച്ചു വിശുദ്ധഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല വിവരങ്ങളും നൽകുന്നുണ്ട്. മിഖായേൽ, ഗബ്രിയേൽ, റഫയെൽ, എന്നിങ്ങനെ വിശുദ്ധഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്ന പ്രധാന മാലാഖമാരെ കൂടാതെ, ഉറിയേൽ, റഗുയേൽ, സിറാക്കിയേൽ, റെമിയേൽ എന്നീ പ്രധാന മാലാഖമാരുടെ പേരുകളും മുൻപ് സൂചിപ്പിച്ച അപ്രമാദിത്ത സ്രോതസ്സുകളിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. ധാരാളം യഹൂദ പണ്ഡിതരും, ആദിമസഭയിലെ പല ദൈവശാസ്ത്രജ്ഞരും ഈ ഗ്രന്ഥങ്ങളിലെ പല വിവരങ്ങളും വിശ്വാസയോഗ്യമാണ് എന്ന് കരുതിയിരുന്നു.

ഉറിയേലാകട്ടെ, AD 745-ലെ റോമാ സൂനഹദോസ് വരെ സഭയിൽ വണങ്ങപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ഡച്ച് നാടകകൃത്തായ Joost Van Den Vondel-ലും (LUCIFER, 1654), ഇഗ്ളീഷ്-പ്രൊട്ടസ്റ്റന്റ് നാടകകൃത്തായ John Milton-നും (PARADISE LOST, 1667) ഈ നാല് പ്രധാന മാലാഖമാരെയും തങ്ങളുടെ ലൂസിഫറിൻറെ പതന വിവരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭയും, ആംഗ്ലിക്കൻ സഭയും ഉറിയേലിനെ വണങ്ങുന്ന പതിവ് ഇപ്പോഴും തുടരുന്നു.

അതേപോലെതന്നെ മറ്റ് അനേകം മാലാഖാമാരുടെ പേരുകളും അറിയപ്പെട്ടിരിക്കുകയും, അവരോട് വണക്കം നിലനില്കുകയും ചെയ്തിരുന്നു. എന്നാൽ കാലം കുറെ കഴിഞ്ഞപ്പോൾ മാലാഖമാരോടുള്ള വണക്കം സകലസീമകളും ലംഘിച്ച് ഒരു പ്രത്യേക ആരാധനയായി മാറുന്നുണ്ടോയെന്ന് സംശയമുണ്ടായ സാഹചര്യത്തിൽ 745 ലെ റോമാ സൂനഹദോസിൽ എടുത്ത തീരുമാനമനുസ്സരിച് ദൈവനിവേശിതഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരൊഴികെയുള്ളവരോടുള്ള വണക്കം നിരോധിച്ചു.

വിവിധയിനം മാലാഖാമാരെക്കുറിച്ച് വി. ഗ്രന്ഥം പറയുന്നത്:

സ്രാപ്പേൻമാർ: ഐസയ്യ 6:1-7

ക്രോവേന്മാർ: ഉല്പ 4.6

ഭദ്രാസനന്മാർ: കൊളോ 1:16

അധികാരികൾ,  സ്രാപ്പേൻമാർ: ഐസയ്യ 6:1-7; എഫേ 1:21; കൊളോ 1:16

ബലവാന്മാർ: റോമ 8:38; 1 കൊറീ 15:24; എഫെസോസ് 1:21; 1 പത്രോസ് 3:22; 2 തെസ 1:7;

പ്രാഥമികന്മാർ: റോമ 8:38; 1 കൊറീ 15:24; എഫെ 1:21; 3:10; 6:12; കൊളോ 1:16; 2:10, 15,

മുഖ്യദൂതന്മാർ: യൂദ 9; 1 തെസ 4:16, തോബി  12:6, 15; യോഹ 5:4; വെളി  12:7-9, ദാനി 9:21-27, ലൂക്ക 1:11; 1:26, തോബി 3:25, 5:5-28, 6-12, എഫെ 1:21; കൊളോ 1:16

 

 

[i] The “Sentences” (“Quatuor libri Sententiarum”) Bk.2; Peter Lombard

[ii] Hom. 34.7, In Evang; Gregory the Great; https://sites.google.com/site/aquinasstudybible/home/luke-commentary/gregory-the-great-homily-34-on-the-gospels

[iii] Summa; 108. The angelic degrees of hierarchies and orders. 5

[iv] Tobit; 12.15

[v] Ps 9, 5

[vi] Hom. 34.10, In Evang; Gregory the Great

[vii] Summa; 108. The angelic degrees of hierarchies and orders. 1-8

[viii] Summa; 108. The angelic degrees of hierarchies and orders. 6

[ix] Hom. 34.7, In Evang; Gregory the Great

[x] Hom. 34.14, In Evang; Gregory the Great; Summa; 108. The angelic degrees of hierarchies and orders. 6

[xi] Heavenly Heirarchies vii

[xii] Summa; 108. The angelic degrees of hierarchies and orders. 5

[xiii] LK; 1.19; 1.26

[xiv] Isaiah 6:1-13;  Revelation 4:8; Ezekiel 1:1-28;

[xv] Hom. 34.9, In Evang; Gregory the Great

[xvi] Matthew 22:30; Luke 20:36

[xvii] De civitate dei (The City of God) xii, 9

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031