Select Page

സാത്താൻ

സാത്താൻ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

‘സാത്താൻ’ എന്ന പേരിന് യഥാർത്ഥത്തിൽ അതിൻറെ ആദ്യകാല ഉപയോഗത്തിലെങ്കിലും ഇന്ന് നാം കാണുന്ന ‘ഭീകരത’ ഉണ്ടായിരുന്നില്ല. ‘തടസ്സപ്പെടുത്തുന്നവൻ’/കുറ്റപ്പെടുത്തുന്നവൻ എന്നൊക്കെയുള്ള അർത്ഥമായിരുന്നു ആ വാക്കിനുണ്ടായിരുന്നത് (സക്കറിയ 3.1). വി. അഗസ്തീനോസ് മാലാഖമാരെക്കുറിച്ച് പറഞ്ഞത് ഓർമ്മിച്ചുപറഞ്ഞാൽ, ‘സാത്താൻ’ (കുറ്റപ്പെടുത്തുന്നവൻ) എന്നത് അവന്റെ തൊഴിലിന്റെ പേരും, ‘ലൂസിഫർ’ (വെളിച്ചം കൊണ്ടുവരുന്നവൻ / വീനസ് / ശുക്രഗ്രഹം) എന്നത് അവന്റെ (ചുരുങ്ങിയപക്ഷം വീഴ്ചയ്ക്കുമുൻപുള്ള) അവസ്ഥയുടെ പേരുമാണെന്നു പറയാം.

എന്നാൽ കാലക്രമേണ ‘സാത്താൻ’ കൃത്യമായും പിശാചുക്കളിൽ പ്രമുഖനായ ലൂസിഫറിന്റെ പര്യായമായി മാറി[i].  ഇത് പറയുമ്പോൾ, മധ്യകാലകഘട്ടത്തിൽ രേഖപ്പെടുത്തപ്പെട്ട ചില  demonology ഗ്രന്ഥങ്ങളിൽ പ്രമുഖരായ പിശാചുക്കളുടെ പട്ടികയിൽ ലൂസിഫെറല്ലാത്ത മറ്റൊരു പിശാചായി സാത്താന്റെ പേര് നൽകപ്പെട്ടത് കാണുന്നു[ii] എന്നത് സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

ഏതായാലും, ആധുനികകാലത്തെ ഏതാണ്ടെല്ലാ പ്രമുഖ ഡീമനോളജിസ്റ്റുകളും ‘സാത്താൻ’  ലൂസിഫറിന്റെ പര്യായമായിത്തന്നെയാണ് ഉപയോഗിക്കുന്നത്. രണ്ടും രണ്ടാണെന്ന് വാദിക്കുന്നവർ ലൂസിഫർ അഹന്തയുടെയും (pride) സാത്താൻ വിണ്ണയുടെയും (glutony) പ്രലോഭകരാണെന്ന് വേർതിരിക്കുന്നു.ഡീമനോളജിയുടെ പഠനത്തിൽ പിശാചുക്കളെ സംബന്ധിച്ച ഒരു പ്രാഥമീക വിജ്ഞാന ഗ്രന്ഥമായി കാണാവുന്നതാണ് pseudepigrapha[iii]  വിഭാഗത്തിൽപെടുന്ന ‘സോളമന്റെ ഉടമ്പടി’[iv].

അവരുടെ യഥാർത്ഥ കർത്താക്കൾ തങ്ങളുടെ പേര് മറച്ചുവച്ച് പഴയനിയമത്തിലെയും, യഹൂദചരിത്രത്തിലെയും മഹാരഥന്മാരാൽ എഴുതപ്പെട്ടതായാണ് ഇവയെ അവതരിപ്പിക്കുന്നത്! അവയാകട്ടെ പലപ്പോഴും മേൽപ്പറഞ്ഞ മഹാന്മാരുടെ കാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം രേഖപ്പെടുത്തപ്പെട്ടവയായിരുന്നു താനും.

ആദിമസഭയിൽ, ദൈവനിവേശിതഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കുന്നതുവരെ ഇവയിൽ പലതിനും വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഇതിനൊരു ഉത്തമ ഉദാഹരണമാണ്  ‘ഈനോക്കിൻറെ പുസ്തകം’[v] (Book of Enoch (Jude 1:4, 1:6, 1:13, 1:14–15,, 2 Peter 2:4; 3:13, and John 7:38).

pseudepigrapha യിലെ പല ചിന്തകൾക്കും ഭാവനയുടെ അതിഭാവുകത്വവും, ജ്ഞാനവാദ പാഷണ്ഡതയുടെ ദുസ്വാധീനവുമുണ്ടെങ്കിലും അവയിലെ പഠനങ്ങളുടെയും വിശ്വാസധാരയുടെയും അടിസ്ഥാനം യഹൂദവിശ്വാസവും, പാരമ്പര്യവുമാണ്. അതിനാൽത്തന്നെ ഇത്തരം ഗ്രന്ഥങ്ങൾ പഠിക്കുന്നതിൽനിന്നും മനസ്സിലാകുന്നത്  പാരമ്പര്യത്തിൽ അധിഷ്ടിതമായി അക്കാലത്തെ വിശ്വാസികൾ ഇന്ന് നാം അറിയുന്നതിൽ കൂടുതൽ മാലാഖാമാരുടെയും പിശാചുക്കളുടെയും പേരുകൾ ഉപയോഗിച്ചിരുന്നു എന്നതാണ്.

ഇതിൽ ഒരു ഗ്രന്ഥം[vi] നൽകുന്ന 72 പിശാചുക്കളുടെ പേരുകളെല്ലാം സർവ്വസാധാരണമായി ഉപയോഗത്തിലായിരുന്നില്ലെങ്കിലും അക്കാലത്തും പിന്നീടും ഉപയോഗിച്ചിരുന്ന പ്രമുഖ പിശാചുക്കളുടെ പേരുകൾ പ്രസിദ്ധങ്ങളാണ്. ലൂസിഫർ, ബെത്സബൂബ്‌, അസ്‌മോഡിയാസ്, മാമ്മോൻ, ലെവിയാത്തൻ എന്നിവ ഉദാഹരണം.

ഇനി പിശാചുക്കളുടെ തലവനായിത്തീർന്ന ലൂസിഫറിന്റെ കാര്യമോ? പലരും കരുതുന്നത് ഏറ്റവും ഉന്നതരായ മാലാഖാമാരായ സെറാഫുകളുടെ ഗണത്തിലാണ് ലൂസിഫർ ഉൾപെട്ടിരുന്നത് എന്നാണ്. എന്നാൽ, വി. ആഗസ്തീനോസിൻറെ നിഗമനങ്ങളെ പിന്തുടർന്ന് വി.അക്വീനാസ് പറയുന്നതനുസരിച്ചു ലൂസിഫർ സെറാഫായിരുന്നില്ല; ഒരു ചെറൂബായിരുന്നു[vii].

അതിനു അദ്ദേഹം നൽകുന്ന പല ന്യായങ്ങളിൽ ഏറ്റവും അഭികാമ്യമായിത്തോന്നുന്നത് ചെരൂബുകളുടെയും, സെറാഫുകളുടെയും സ്വഭാവരീതി അവലംബിച്ചുള്ള നിഗമനമാണ്: സെറാഫുകൾ ദൈവസ്നേഹാഗ്നിയാൽ സദാ ജ്വലിക്കുന്നവരാണ്. ദൈവസ്നേഹം  അവരുടെ സ്വഭാവമായതിനാൽ അവർക്ക് തങ്ങളുടെ സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ ദൈവത്തിനെതിരെ തിരിയുക സാധ്യമല്ല.

എന്നാൽ സെറാഫുകൾ കഴിഞ്ഞാൽ ഉന്നതശ്രേണിയിൽ വിരാജിക്കുന്ന ചെരൂബുകൾ ബൗദ്ധീകതലത്തിലുള്ള അവരുടെ ദൈവാവബോധത്തിലധിഷ്ഠിതമായാണ് ദൈവത്തെ ആരാധിക്കുന്നത്. അതിനാൽ ബൗദ്ധീകമായ വീഴ്ച, ഒരു ഹമാർത്തിയ’[viii], ചെരൂബിനുമാത്രമേ സാധ്യമാവൂ എന്നും, അതിനാൽത്തന്നെ ലൂസിഫർ ഒരു ചെരൂബ് ആയിരുന്നെന്നും അദ്ദേഹം വാദിക്കുന്നു.

ഒരു രസകരമായ കാര്യം ഇത്തരുണത്തിൽ സൂചിപ്പിക്കട്ടെ: ലൂസിഫർ തന്നെത്തന്നെ ദൈവത്തിന് തുല്യനായി അവരോധിച്ചപ്പോൾ ദൈവസ്നേഹാഗ്നിയാൽ  ജ്വലിക്കുന്ന സെറാഫുകളും, ഉഗ്രരൂപികളായ ക്രൊവന്മാരും അടങ്ങുന്ന മറ്റെല്ലാ മാലാഖാമാരും ഇതികർത്തവ്യതാമൂഢരായി നിൽക്കുമ്പോൾ ഒരു മുഖ്യദൂതൻമാത്രമായ മിഖായേലാണ് “മി ഖാ എൽ?” അഥവാ “ദൈവത്തിനു തുല്യൻ (എന്നവകാശപ്പെടാൻ ധൈര്യപ്പെട്ടവൻ) ആര്?” എന്ന പോർവിളിയുമായി ലൂസിഫറിനോടേറ്റുമുട്ടുകയും,

തുടർന്ന് സർഗ്ഗത്തിലെ മൂന്നിൽ രണ്ട് ഭാഗം മാലാഖാമാരും അവന്റെ നേതൃത്വം അംഗീകരിച്ചു തിന്മയോടേറ്റുമുട്ടി പരാജയപ്പെടുത്തുകയും ചെയ്തത് എന്നും നാം കാണുന്നു. അങ്ങനെ, ഉന്നതശ്രേണികളിലൊന്നിൽപ്പെട്ട ലൂസിഫർ, തന്നെക്കാൾ തുലോം താഴത്തെ ഗണത്തിൽപ്പെട്ട മിഖായേലിനോട് പരാജയപ്പെടുന്ന  രസകരമായ കാഴ്ച നാം കാണുന്നു. ദൈവകൃപ, ശക്തിസ്ഥാനമാനങ്ങളെക്കാൾ ഗുണകരമാണെന്ന് മനുഷ്യ സൃഷ്ടിക്കു മുൻപേ തെളിഞ്ഞതാണെന്നു സാരം!

മുൻപ് നാം കണ്ട, വരുവാനിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ പതനവും അതിന് പരിഹാരമാകേണ്ട മനുഷ്യാവതാരവും ദൈവം മാലാഖാമാർക്ക് വെളിപ്പെടുത്തിയ ജ്ഞാനത്തിൻറെ ഭാഗമായിരുന്നു. നിത്യാനന്ദം ലഭിക്കുന്നതിന് മാലാഖാമാർക്കുണ്ടായിരുന്ന വ്യവസ്ഥ ഇതായിരുന്നു: പദവിയിൽ തങ്ങളേക്കാൾ താഴെയുള്ള മനുഷ്യാവതാരാവസ്ഥയിലിരിക്കുന്ന യേശുക്രിസ്തുവിനെ ആരാധിക്കുക. (തിരുലിഖിതങ്ങളുടെയും, ചില പാരമ്പര്യങ്ങളുടെയും വെളിച്ചത്തിൽ, മനുഷ്യസ്ത്രീയായ കന്യാമാതാവിന്റെ സ്വർഗ്ഗരാജ്ഞി അഥവാ മാലാഖാമാരുടെ രാജ്ഞി എന്ന പദവിയും ഒരു ഘടകമായിരുന്നു എന്ന് കാണുന്നു[ix].) ഇതിനെയാണ് ലൂസിഫറിൻറെ നേതൃത്വത്തിൽ ഒരു വിഭാഗം മാലാഖാമാർ എതിർത്തത്[x]. എന്നാൽ ദൈവഹിതം അനുസരിച്ച മാലാഖാമാർക്ക് നിത്യാനന്ദം സംലഭ്യമാകുകയും ചെയ്തു.

മാലാഖാമാർ എത്ര പേരുണ്ടെന്ന് നമുക്കറിയില്ല (myriads). എന്നാൽ മാലാഖാമാരുടെ മൂന്നിലൊന്ന് ലൂസിഫറിൻറെ പ്രേരണയിൽ നിലംപതിച്ചു എന്നാണ് പൊതുമതം. വെളിപാടിന്റെ പുസ്തകത്തിലെ വിവരണത്തെ[xi] ഇതിന് ഉപോൽബലകമായി സ്വീകരിക്കാവുന്നതാണ്. “(അഗ്നിമയനായ സർപ്പം) ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്കെറിഞ്ഞു”. ‘ആകാശനക്ഷത്രങ്ങൾ’ എന്നത് മാലാഖാമാരാണെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?

തുടർന്ന് വരുന്ന ഭാഗത്താണ്[xii] സ്വർഗ്ഗത്തിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്നത്. അതുകൊണ്ട് തന്നെ, മുൻപ് സൂചിപ്പിച്ച ‘നക്ഷത്രങ്ങൾ ഭൂമിയിലേക്കെറിയപ്പെട്ടു’ എന്നത് യഥാർത്ഥത്തിൽ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുവഴി ആത്യന്തീകമായി സ്വർഗ്ഗസാധ്യത അവർ നഷ്ടപ്പെടുത്തിയതിനെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്.

ഇവിടെ മറ്റൊരു ചിന്താഗതിയെക്കുറിച്ചുകൂടി ധാരണ ഉണ്ടാകുന്നത് നന്നായിരിക്കും. Apocatastasis എന്നറിയപ്പെടുന്ന പഠനമനുസരിച്ച് കൃപ നഷ്ടപ്പെട്ട എല്ലാവർക്കും, പിശാചുക്കൾക്ക് പോലും, യുഗാന്ത്യത്തിൽ പാപമോചനത്തിന് ഒരു സാഹചര്യം കൂടിയുണ്ടാകുമെന്ന് ന്യാസായിലെ ഗ്രിഗറി, ഒറിജിൻ, തെർത്തുല്യൻ മുതലായ പിതാക്കന്മാർ കരുതി.

എന്നാൽ, ‘കത്തോലിക്കാസഭയുടെ മതബോധനം പഠിപ്പിക്കുന്നതനുസരിച്ച്[xiii], മാലാഖാമാരുടെ പതനം അപരിഹാര്യമാണ്; മരണശേഷം മനുഷ്യന് മനസ്താപവും, തൽഫലമായ പാപമോചനവും സാധ്യമല്ലാത്തതുപോലെ, പതനശേഷം മാലാഖാമാർക്കും മനസ്താപം ഉണ്ടാകുക സാധ്യമല്ല. കഴിഞ്ഞ ക്ലാസ്സിൽ നാം കണ്ട Begone Satan എന്ന ഗ്രന്ഥത്തിലെ ഉച്ഛാടന വേളയിൽ പിശാച് വെളിപ്പെടുത്തിയതും അതുതന്നെയാണല്ലോ?

[i] (Wycliffe?); Lantern of Light, 1409-1410. (also) Peter Binsfeld, 1589 (The Encyclopaedia of Demons)

[iii] Pseudepigrapha: ക്രിസ്തുവിന്റെ ജനനത്തിന് 200 വർഷങ്ങൾക്കിടയിൽ എഴുതപ്പെട്ട, ദൈവനിവേശിതം എന്നംഗീകരിക്കപ്പെടാത്ത, ദൈവശാസ്ത്രപരകൃതികൾ. അവരുടെ യഥാർത്ഥ കർത്താക്കൾ തങ്ങളുടെ പേര് മറച്ചുവച്ച് പഴയനിയമത്തിലെയും, യഹൂദചരിത്രത്തിലെയും മഹാരഥന്മാരാൽ എഴുതപ്പെട്ടതായാണ് ഇവയെ അവതരിപ്പിക്കുന്നത്! അവയാകട്ടെ പലപ്പോഴും മേൽപ്പറഞ്ഞ മഹാന്മാരുടെ കാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം രേഖപ്പെടുത്തപ്പെട്ടവയായിരുന്നു താനും. സോളമന്റെ ഉടമ്പടി തന്നെ അദ്ദേഹത്തിന്റെ കാലശേഷം 800-1000 വർഷങ്ങൾക്ക് ശേഷമാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് കരുതപ്പെടുന്നു.

[iv] The Testament of Solomon, translated by F. C. Conybeare

[v] http://www.sacred-texts.com/bib/boe/

[vi] The Testament of Solomon, translated by F. C. Conybeare

[vii] St. Thomas Aquinas; Summa Theologiae, Part 1; Question 108.5

[viii] The term ‘hamartia’ derives from the Greek ἁμαρτία, from ἁμαρτάνειν hamartánein, which means “to miss the mark” or “to err”: ഒരു ദുരന്ത നായകൻറെ പതനം സംഭവിക്കുന്നതിനു കാരണമാകുന്ന മാരകമായ ഒരു സ്വഭാവവിശേഷം

[ix] ഉല്പ. 3.15; യോഹ. 19. 26-27; വെളി. 12. 1

[x] ജോബ് 4:18: “തന്റെ ദൂതരിൽപോലും അവിടുന്ന് കുറ്റം കാണുന്നു”

[xi] വെളി. 12. 4

[xii] വെളി. 12. 7-10

[xiii] Catechism of the Catholic Church Section 2, Ch. 1, Article I, Para. 7. 2: The Fall of the Angels, 393

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031