Select Page

റെനേ ദെക്കാർട്ടിൻറെ ദൈവാവബോധം

ദെക്കാർട്ടിനോളം ആധുനീക തത്വശാസ്ത്രത്തെ സ്വാധീനിച്ച മറ്റൊരു ചിന്തകൻ ഉണ്ടോ എന്ന് സംശയമാണ്. സമ്പന്നനായ പിതാവിൻറെ അകാല വേർപാട് ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തെ വലിയ സമ്പത്തിന് ഉടമയാക്കിയിരുന്നു. എങ്കിലും അതിനും വളരെ മുൻപ് ബാല്യത്തിൽ തന്നെയുണ്ടായ അമ്മയുടെ വേർപാടും, മരണത്തെ പല തവണ മുഖാമുഖം കണ്ട ബാലാരിഷ്ടതകളും മറ്റും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ‘മരണത്തിൽ നിന്നും തിരിച്ചുവന്നവൻ’ എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന് ‘റെനേ’ എന്ന പേര് പോലും നൽകപ്പെട്ടത്. അരിസ്റ്റോട്ടലിൻറെയും അഗസ്റ്റിൻറെയും തത്വശാസ്ത്ര ചിന്തകൾ മാത്രമല്ല, ഈ ദുരനുഭവങ്ങളും ദെക്കാർട്ടിൻറെ ദർശനങ്ങളെ സ്വാധീനിച്ചിരുന്നു എന്നതിൽ സംശയമില്ല.

അക്ഷരാർത്ഥത്തിൽ സകലകലാവൈഭവനായിരുന്നു ദെക്കാർട്ട് (1596 -1650). വിജ്ഞാനശാസ്ത്രം (epistemology), ശരീരവിജ്ഞാനീയം, ജ്യോതിശ്ശാസ്ത്രം, ഊർജ്ജതന്ത്രം, ശരീരശാസ്ത്രം, മനഃശ്ശാസ്ത്രം, അതിഭൗതികശാസ്ത്രം എന്നിവ മുതൽ ഗണിതശാസ്ത്രവും, ദൈവശാസ്ത്രവും വരെ ആ തത്വചിന്തകന് അനായാസമായി വഴങ്ങി. ക്ഷേത്രഗണിതത്തിലും ബീജഗണിതത്തിലും ഉണ്ടായിരുന്ന അപാര ജ്ഞാനം സമർത്ഥമായി വിനിയോഗിച്ചതിലൂടെ നാളതുവരെ സമസ്യകളായിരുന്ന തത്വചിന്താ പ്രശ്നങ്ങൾക്ക് താത്വിക വിശകലനം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു. ‘കാർത്തേഷ്യനിസം’ (Cartesianism) എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട തത്വശാസ്ത്ര ഉപധാരയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. ‘സത്യങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നതെന്നും, ഒരു യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് വഴിയായി മറ്റ് സത്യങ്ങളെയും തിരിച്ചറിയുന്നതിന് സാധിക്കും’ എന്നതാണ് അദ്ദേഹത്തിൻറെ അടിസ്ഥാന വാദം.

ആധുനീക തത്വചിന്തയുടെ പിതാവായ ദെക്കാർട്ടിൻറെ “Cogito, ergo sum” (I think, therefore I am)[i] അസ്തിത്വധാരണയുടെ ആപ്തവാക്യവും, ഒരുപക്ഷേ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട തത്വജ്ഞാന ഉദ്ധരണിയുമായിരിക്കണം. ‘എൻറെ അസ്തിത്വത്തെ ഞാൻ സംശയിക്കുന്നിടത്തോളം കാലം എനിക്ക് അസ്തിത്വമുണ്ട്’ എന്ന വാദം തത്വശാസ്ത്രത്തിൻറെ എക്കാലത്തെയും വലിയ മുതൽക്കൂട്ട് തന്നെയാണ്.

‘ബാല്യത്തിൻറെ മുൻവിധികളിലാണ് മനുഷ്യൻറെ ചിന്താവൈകല്യങ്ങളുടെ അടിത്തറ’ എന്നു കരുതിയിരുന്ന അദ്ദേഹം, അവയുടെ സ്വാധീനം തൻറെ യവ്വനത്തിൽ വേണ്ടത്ര വിശകലനവിധേയമാക്കാതെ കാഴ്ചപ്പാടുകൾ സ്വീകരിക്കുവാൻ ഇടയാക്കിയിരുന്നു എന്നതിൽ പരിതപിച്ചിരുന്നു. ജീവിതത്തെ തത്വശാസ്ത്രപരമായി സമീപിച്ച ദക്കാർട്ട്, തത്വശാസ്‌ത്രത്തിന് ഗണിതശാസ്ത്രമാനങ്ങൾ നൽകി. Discourse on the Method and Principles of Philosophy എന്ന ലേഖനത്തിൽ വെളിപ്പെടുത്തുന്നതനുസരിച്ചു, തത്വചിന്തയുടെ ആരംഭമായി സകല അധികാരങ്ങളെയും നിയമങ്ങളെയും, അസ്തിത്വങ്ങളെയും (തത്വശാസ്ത്രത്തിൻറെ പിതാവായ അരിസ്റ്റോട്ടലിനെ തന്നെയും) നിഷേധിച്ചതിന് ശേഷമാണ് (ആയിരിക്കണം) അദ്ദേഹം തൻറെ അസ്തിത്വ അന്വേഷണം ആരംഭിക്കുന്നത്.

എന്നിരിക്കിലും, ‘സകല സ്വത്വങ്ങളെയും നിഷേധിച്ചുകഴിയുമ്പോൾ, എപ്രകാരമാണ് ചിന്തയ്ക്ക് പുരോഗതി ഉണ്ടാക്കുവാൻ സാധിക്കുക’ എന്ന അടിസ്ഥാനപരമായ പ്രശ്നം അദ്ദേഹത്തിൻറെ മുന്നിൽ ഉയർന്നുവന്നു. ഇവിടെയാണ് ജ്യോമെട്രിയിലുള്ള തൻറെ ഉന്നത വൈഭവം അദ്ദേഹത്തിന് തുണയായത്. ‘അചഞ്ചലമായ ഒരൊറ്റ കണിക’ എന്ന ആർക്കമെഡീസിൻറെ വാദം അടിസ്ഥാനമാക്കി, അസ്തിത്വമുള്ള ഏതെങ്കിലും ഒരൊറ്റ സ്വത്വം കണ്ടെത്താനായാൽ മറ്റ് അസ്തിത്വങ്ങൾക്ക് ന്യായീകരണം ഉണ്ടാകും എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇവിടെയാണ് തത്വശാസ്ത്രത്തിലെ ഏറ്റവും പ്രസിദ്ധമായ “Cogito, ergo sum” (I think, therefore I am) എന്ന ആപ്തവാക്യത്തിൻറെ ഉത്ഭവം. “എനിക്ക് ചിന്തിക്കുവാൻ (“thought – cogitation”) സാധിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്” എന്നത് ഇനിയങ്ങോട്ടുള്ള അസ്തിത്വദർശനങ്ങൾക്ക് അടിസ്ഥാനശിലയായിത്തീർന്നു. ‘ഞാൻ ഇല്ലാതെ എനിക്ക് ചിന്തിക്കുക സാധ്യമല്ലാത്തതിനാൽ, എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കുന്നതിന് സാധിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഞാൻ ഉണ്ട് എന്ന് തന്നെയാണ്’ എന്ന സുവ്യക്തവും സുതാര്യവുമായ ഈ തിരിച്ചറിവിനോട് എത്ര ചേർന്ന് നിൽക്കുന്നുവോ അത്രമാത്രമാണ്, അഥവാ അത്രത്തോളം ഉണ്ട്, മറ്റു സ്വത്വങ്ങളുടെ നിലനിൽപ്പ് എന്ന് അദ്ദേഹം വാദിച്ചു.

സ്വയാസ്തിത്വ ബോധ്യത്തിൻറെ വെളിച്ചത്തിൽ വിശകലന വിധേയമാക്കിയാൽ ദുർഗ്രാഹ്യമെന്ന് കരുതപ്പെടുന്ന തത്വശാസ്ത്രത്തിൻറെ എല്ലാ പ്രാഥമീക തത്വങ്ങളും ലളിത സുഗ്രാഹ്യമാക്കാം എന്ന് അദ്ദേഹം കരുതി. മറ്റ് അസ്തിത്വങ്ങളുടെ നിലനിൽപ്പിനെ സാധൂകരിക്കുന്നതിന് മുൻപ് പ്രഥമമായി തെളിയിക്കപ്പെടേണ്ട ആ അസ്തിത്വം തേടി അദ്ദേഹം മറ്റെവിടെയുമല്ല പോയത്, തൻറെ തന്നെ സ്വയാവബോധത്തിലേക്കാണ് (consciousness). ഈ ‘വിപ്ലവ’ത്തിലൂടെ തത്വശാസ്ത്രത്തിൻറെ അന്വേഷണ പാതകളെ ഇതഃപര്യന്തം അപരിചിതമായിരുന്ന പന്ഥാവുകളിലേക്ക് ദെക്കാർട്ട് വഴിമാറ്റിവിട്ടു. ‘എൻറെ തന്നെ മനസ്സിൻറെ വിവിധ തലങ്ങളെ എനിക്ക് അറിയുവാൻ സാധിക്കുന്നിടത്തോളം മറ്റെന്തിനെക്കുറിച്ചാണ് എനിക്ക് അറിയുവാൻ കഴിയുക’ എന്ന് അദ്ദേഹം ചോദിച്ചു.

നവോദ്ധാനം (Renaissance) “കണ്ടെത്തിയ” മനുഷ്യനെ, മനുഷ്യൻറെ വ്യക്തി മഹത്വത്തെ, അദ്ദേഹം തൻറെ തത്വശാസ്ത്രത്തിൻറെ കേന്ദ്രബിന്ദുവാക്കി മാറ്റി എന്ന് വേണമെങ്കിൽ പറയാം. തത്വചിന്തയുടെ ആരംഭമായി വസ്തുവിനെ (matter) കണ്ട്, അവിടെനിന്നും ജീവകരണവിഷയകമായവയിലൂടെ (organic) പടിപടിയായി ഉയർന്ന് അവസാനം മനുഷ്യനിൽ എത്തിച്ചേർന്നാൽ അതുവരെ അനുധാവനം ചെയ്ത ചിന്താധാരയുടെ സമ്പ്രദായത്തിൻറെ തുടർച്ചയായി, ഭൗതികപദാർഥത്തിൻറെ അവസ്ഥാന്തരം മാത്രമാണ് മനുഷ്യമനസ്സും എന്ന് തെറ്റിദ്ധരിക്കുന്ന അബദ്ധത്തിൽ പെടുമെന്ന് അദ്ദേഹം കരുതി.

എന്നാൽ, യഥാർത്ഥത്തിൽ മനസ്സിലൂടെ, മനുഷ്യമനസ്സിൻറെ വ്യാപാരങ്ങൾ മുഖാന്തിരമാണ്, ഭൗതികപദാർഥങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നത്, അഥവാ തിരിച്ചറിയേണ്ടത്. നമുക്ക് ‘നേരിട്ട് അറിവുള്ളത്’ മനസ്സിനെ മാത്രമാണ്. ആശയങ്ങളിലൂടെ മനസ്സിലാകുന്ന വസ്തുക്കളെക്കാൾ ആശയങ്ങളാണ് എന്തുകൊണ്ടും പ്രധാനവും, പ്രഥമവും എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഒരൊറ്റ സൈദ്ധാന്തീക നിലപാടിലൂടെ ആധുനീക യൂറോപ്യൻ തത്വചിന്തയുടെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് അദ്ദേഹം ഉയർന്നു.

പിന്നീട് വന്ന മുന്നൂറോളം വർഷങ്ങൾ തത്വശാസ്ത്രത്തിൻറെ മുന്നിലെ പ്രധാനചോദ്യം ഭൗതീക ലോകം ഒരു ആശയം എന്നതിലുപരി യഥാർത്ഥത്തിൽ അതിന് ഉണ്മയുണ്ടോ എന്നതായിരുന്നു. ഭൗതീകലോകാനുഭവത്തിൻറെ അടിസ്ഥാനമായ ഇന്ദ്രിയബോധ്യങ്ങൾ (sensation) യഥാർത്ഥത്തിൽ പുറമെനിന്നും വരുന്നതാണോ അതോ മനസ്സിൻറെ മായാധാരണയാണോ എന്നറിയാതെ അദ്ദേഹം മാത്രമല്ല, ആ അതുല്യ പ്രതിഭയുടെ മുന്നിൽ അന്ധാളിച്ചുപോയ പിൽക്കാല തത്വശാസ്ത്രജ്ഞരും കുഴങ്ങി. കാരണം ഉണർന്നിരിക്കുന്ന സമയങ്ങളിലെ ഭൗതീകാനുഭവങ്ങൾ പോലെതന്നെ യാഥാർത്ഥമാണല്ലോ (അവ കാണുന്ന വേളയിലെങ്കിലും) ഉറക്കത്തിലെ സ്വപ്നങ്ങളും? തൻറെ ചിന്താധാരയ്ക്ക് ഉപോൽബലകമായി ല്യൂക്രെറ്റിയസിന്റെ[ii] വിഖ്യാതവാക്യം, “Ex nihilo nihil fit”, (Nothing comes from nothing, ഇല്ലായ്മയിൽ നിന്നും തനിയെ ഒന്നും ഉളവാകുന്നില്ല) അദ്ദേഹം ഉദ്ധരിച്ചു.

ഇവിടെയാണ് ദെക്കാർട്ട് തൻറെ ദൈവധാരണയ്ക്ക് അടിസ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്നത്.  ദെക്കാർട്ടിനെ സംബന്ധിച്ചിടത്തോളം, ഭൗതീകലോകത്തിൻറെ അടിസ്ഥാനത്തിൽ ദൈവാസ്തിത്വ ധാരണയിൽ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. കാരണം ഭൗതീകലോകം തന്നെ യാഥാർത്ഥമാണോ എന്നത് തെളിയിക്കപ്പെട്ടിട്ടില്ലല്ലോ? ആറു നൂറ്റാണ്ടുകൾക്ക് മുൻപ് ആൻസലം സത്താമീമാംസ (ontology) അടിസ്ഥാനമാക്കി ദൈവത്തിലെത്തിച്ചേർന്നതുപോലെ ദെക്കാർട്ട് സ്വന്തം അസ്തിത്വം തെളിയിക്കുന്നതിലൂടെ ദൈവത്തിൽ എത്തിച്ചേർന്നു.

ദെക്കാർട്ടിൻറെ ദൈവാവബോധം

സർവ്വജ്ഞനും, സർവശക്തനും, (അപ്രകാരമൊരു സ്വത്വം) ഉണ്ടായിരിക്കേണ്ടത് അത്യാവശ്യവും, അമർത്യവുമായ ഒരു സമ്പൂർണ്ണ സ്വത്വം എന്ന സങ്കല്പം തനിക്കുണ്ട് എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടാകുന്നു. ‘നിലനിൽപ്പില്ലാത്തതിനെക്കാൾ തികവുറ്റതാണ് നിലനിൽക്കുന്നവ’. ഒരു പൂർണ സ്വത്വത്തെ സംബന്ധിച്ചിടത്തോളം, തൻറെ ഗുണവിശേഷങ്ങളിൽ തീർച്ചയായും അവിഭാജ്യമായ ഘടകമാമാണ് തൻറെ തന്നെ അസ്തിത്വം. ദൈവമല്ലാതെ ആർക്കാണ് ആ ആശയം തന്നിൽ ഉൽബോധിപ്പിക്കുവാൻ കഴിയുക എന്നും, ദൈവം യഥാർത്ഥത്തിൽ ഇല്ലെങ്കിൽ തനിക്ക് ദൈവത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടാകുക സാധ്യമല്ല എന്നും അദ്ദേഹം ഗണിച്ചു.

‘ദൈവം തെറ്റിദ്ധരിപ്പിക്കുന്ന ഒരു വഞ്ചകനായിരുന്നു എങ്കിൽ, അതിനാൽത്തന്നെ അവനു പൂർണ്ണനായിരിക്കുക സാധ്യമല്ല. അതിനാൽ, നമുക്ക് വ്യക്തവും വ്യതിരിക്തവുമായ ആശയങ്ങൾ ഉള്ളപ്പോൾ തന്നെ, അല്ലെങ്കിൽ ഒരു ബാഹ്യലോകം നമുക്ക് വെളിപ്പെട്ടു കിട്ടുന്നതിന് അവിടുന്ന് നമ്മുടെ മനസ്സിനെ അനുവദിക്കുമ്പോൾ തന്നെ, അവൻ നമ്മെ വഞ്ചിക്കുകയും ചെയ്യുക എന്നത് അസാധ്യമാണ്. ഈ ആശയങ്ങൾ ഭൗതികമായ വസ്തുക്കൾ ഒഴികെയുള്ള കാരണങ്ങളാൽ‌ ഉൽഭൂതമായതാണെങ്കിൽ, ഒരു വഞ്ചകൻ എന്ന ആരോപണത്തിൽ നിന്നും തന്നെത്തന്നെ പ്രതിരോധിക്കാൻ ആ സ്വത്വത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല’എന്ന് അദ്ദേഹം പ്രസ്താവിച്ചു[iii].

കാർത്തേഷ്യൻ ദ്വന്ദവാദം

അദ്ദേഹത്തിൻറെ തനതായ ദ്വന്ദവാദത്തിൻറെ വെളിച്ചത്തിൽ ആല്മാവിൻറെയും മനസ്സിൻറെയും പ്രവർത്തനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം അദ്ദേഹം അവതരിപ്പിച്ചു. പ്രപഞ്ചം രണ്ട് വ്യത്യസ്ത സംയോഗങ്ങളുടെ കൂടിച്ചേരലാണ്: ‘ചിന്ത’ എന്ന് വ്യവഹരിക്കപ്പെടുന്ന ആല്മാവും മനസ്സും എന്ന ഭാഗവും, ശരീരം എന്ന് വിവക്ഷിക്കപ്പെടുന്ന വസ്തു (matter) എന്ന ചിന്താശേഷി ഇല്ലാത്ത മറുഭാഗവും[iv]. ഇവയുടെ അവിഭാജ്യമായ കൂടിച്ചേരലാണ് മനുഷ്യാസ്തിത്വം[v].

അതിനാൽത്തന്നെ ഭൗതീക വസ്തുക്കളുടെ ഉണ്മ അഥവാ സത്ത നാം അംഗീകരിക്കണം. ഇങ്ങനെ യഥാർത്ഥത്തിൽ ധ്വന്ദാസ്തിത്വങ്ങളായ[vi] മനസ്സും ദ്രവ്യവും, ആശയവും വസ്തുവും തമ്മിലുള്ള അന്തരം ആത്യന്തീകമായി നേർത്തുവന്നു അവ പരസ്പര ബന്ദികളായി തീരുന്നു[vii]. ഇപ്രകാരം “ദൈവസഹായത്താൽ” ദക്കാർട്ട് ഒരു “real-ist”ആയി മാറുകയും ചെയ്യുന്നു[viii].

ശാസ്ത്രം നിലനിൽക്കുന്നത് തന്നെ, യുക്തിസഹവും ചിട്ടയുള്ളതും നിയമവിധേയവും പ്രവചനീയവുമായ ഒരു പ്രപഞ്ചത്തെക്കുറിച്ചുള്ള ഉറപ്പിന്മേൽ ആയതിനാൽ അതിന് ദൈവത്തിൻറെ അസ്തിത്വം നിഷേധിക്കുക സാധ്യമല്ല. ഇതാണ് ദെക്കാർട്ടിൻറെ ദൈവാവബോധത്തിൻറെ ആകെത്തുക എന്ന് പറയാം.

ദക്കാർട്ടിൻറെ പ്രധാന സംഭാവനകൾ

‘എന്താണ് യഥാർത്ഥ സത്യം’ എന്നതിനേക്കാൾ ‘യഥാർത്ഥ സത്യത്തെക്കുറിച്ചു എനിക്ക് കൃത്യമായ എന്ത് ധാരണയാണ് ഉള്ളത്’ എന്ന അടിസ്ഥാനപരമായ ചോദ്യമാണല്ലോ അദ്ദേഹം ഉയർത്തിയത്? ഇത് പരമ്പരാഗതമായ, ദൈവശാസ്ത്രവും തത്വശാസ്ത്രവും തമ്മിൽ ഇഴപിരിയാത്ത വിധം കൂടിച്ചേർന്നിരുന്ന അതുവരെയുള്ള കാലഘട്ടത്തിൽ, വിപ്ലവകരമായിരുന്നു എന്നത് എടുത്തു പറയേണ്ടതില്ല. ‘ദൈവത്തിൻറെ സ്വത്വത്തെ യുക്തിഭദ്രമായി സ്ഥാപിക്കാം’ എന്ന ദെക്കാർട്ടിൻറെ വാദം ഫലത്തിൽ ദൈവനിഷേധമാണ് എന്ന് പാസ്കലിനെയും ഷൂഖിനേയും പോലെയുള്ളവർ കരുതി. ഇത്തരം ചിന്തകൾ ഒരു കാലഘട്ടത്തിൽ സഭയുടെ എതിർപ്പിനും കാരണമായി. യഥാർത്ഥത്തിൽ ദൈവാസ്തിത്വത്തെ സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം എന്നതാണ് പരമാർത്ഥം എങ്കിലും, 1663-ൽ സഭ അദ്ദേഹത്തിൻറെ കൃതികൾ നിരോധിക്കുന്നതിന് പോലും ഇടയായി എന്നതും ഇവിടെ പ്രസ്താവ്യമാണ്.

സ്പിനോസയെയും (Spinoza) ലീബനൈസിനെയും (Leibniz) പോലെയുള്ള അനുവാചകരും, ഹോബ്സ് (Hobbes), ലോക്ക് (Locke), ബെർക്ക്ലി (Berkeley), ഹ്യൂം (Hume) തുടങ്ങിയ പ്രതിയോഗികളും പിൽക്കാലത്ത് ദെക്കാർട്ടിൻറെ ചിന്താധാരകളിലുള്ള ചർച്ചകൾ ഒരു സജീവ വിഷയമാക്കി നിലനിർത്തി. ഗണിതശാസ്ത്രം അടക്കമുള്ള വിവിധ ശാസ്ത്ര ശാഖകളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ന്യൂട്ടൻറെ ചിന്താധാരകളെ ദക്കാർട്ട് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ജീവിതകാലത്ത് തൻറെ പഠനങ്ങൾ പരസ്യചർച്ചയ്ക്ക് വിഷയമാക്കുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധപതിപ്പിച്ചിരുന്നില്ല എങ്കിലും പിൽക്കാല തത്വശാസ്ത്രചിന്തകൾ ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം വഴിതിരിച്ചുവിടുന്നതിൽ ദക്കാർട്ടിൻറെ പഠനങ്ങൾ കാരണമായി. ആധുനീക തത്വശാസ്ത്ര മേഖലയിൽ ഇമ്മാനുവൽ കാന്തിനെ ഒഴിവാക്കിയാൽ ദെക്കാർട്ടിനോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു തത്വചിന്തകൻ ഇല്ല എന്നത് നിസ്തർക്കമാണ്.

[i] Discourse on the Method and Principles of Philosophy

[ii] Titus Lucretius Carus: Roman poet and philosopher

[iii] Fifth Meditation

[iv] First Meditation

[v] Georges Dicke;. Descartes: An Analytic and Historical Introduction

[vi] Third Meditation

[vii] Meditations on First Philosophy

[viii] Will Durant; The Story of Philosophy

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031