Select Page

മറിയത്തിന്റെ നിത്യ കന്യകാത്വം

എല്ലാ കത്തോലിക്കരും വിശ്വസിക്കാൻ ബാധ്യസ്ഥതയുള്ള നാല്  വിശ്വാസ സത്യങ്ങളും ദൈവമാതാവായ പരിശുദ്ധ കന്യകയെക്കുറിച്ചാണ്. അമലോത്ഭവം, നിത്യകന്യകാത്വം, ദൈവമാതൃസ്ഥാനം, സ്വർഗ്ഗാരോപണം എന്നിവയാണ് ഈ നാല് വിശ്വാസ സത്യങ്ങൾ. ഇവയെക്കുറിച്ചുള്ള ഒരു പരമ്പരയിലെ രണ്ടാമത്തെ ഭാഗമാണ് ഇത്. ഇവിടെ നാം പരിശുദ്ധ മറിയത്തിൻറെ നിത്യകന്യകാത്വത്തെക്കുറിച്ച് പഠിക്കുവാനാണ് ശ്രമിക്കുന്നത്.

യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം ഈശോയെ ഗർഭ ധരിച്ചു പ്രസവിച്ച വേളയിലും, അതിന്  മുൻപും ശേഷവും കന്യകയായിരുന്നു എന്ന വിശ്വാസ സത്യമാണ് മറിയത്തിൻറെ നിത്യ കന്യകാത്വം എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭകൾ, വിവിധ പ്രൊട്ടസ്റ്റന്റ് സഭകൾ എന്നിവ ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. പരിശുദ്ധ മറിയത്തിൻറെ കന്യകാത്വത്തെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ ദൈവശാസ്ത്രജ്ഞന്മാർ അവളുടെ കന്യകാത്വത്തിൻറെ ഈ  മൂന്ന് വ്യത്യസ്ത തലങ്ങളെ വേർതിരിച്ചു അപഗ്രഥിക്കുന്നു. അവർ ഇപ്രകാരം വിശദമായ ഒരു അപഗ്രഥനം നടത്തുവാൻ കാരണമുണ്ട്: ഇവയിലേതെങ്കിലും ഒരവസ്ഥയിൽ അവളുടെ കന്യകാത്വത്തിന് ഭംഗം സംഭവിച്ചിരുന്നെങ്കിൽ മറിയത്തെ നിത്യകന്യക എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ?

അതുകൊണ്ട് നമുക്ക് ഗർഭധാരണവേളയിൽ അവളുടെ കന്യകാത്വത്തിന് ഭംഗം സംഭവിച്ചിരുന്നുവോ എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്താം. ഐസയ്യ പ്രവാചകൻറെ പുസ്തകം ഏഴാം അദ്ധ്യായം പതിനാലാം വാക്യത്തിൽ കാണുന്ന “കണ്ടാലും, കന്യക ഗർഭം ധരിച്ച് പുത്രനെ പ്രസവിക്കും” എന്നത് തുടങ്ങി, വിശുദ്ധ ലൂക്കയുടെ സുവിശേഷം 1:27, 1:34 എന്നിങ്ങനെ ധാരാളം വിശുദ്ധഗ്രന്ഥ സാക്ഷ്യങ്ങൾ നമുക്ക് ഈ വിഷയത്തിൽ വഴികാട്ടിയാണ്.

വിശുദ്ധ ആഗസ്തീനോസ് തൻറെ Harmony of the Gospels– ലും, വിശുദ്ധ അക്വീനാസ് Summa Theologiae-യിലുമായി ഇക്കാര്യങ്ങൾ സംശയാതീതമായി തെളിയിക്കുന്നുണ്ട്. പരിശുദ്ധാല്മാവിന്റെ അത്ഭുതകരമായ ഇടപെടൽമൂലം പ്രകൃതിനിയമങ്ങൾക്ക് വിധേയയാകാതെ, ‘പുരുഷനെ അറിയാതെ’ അവളുടെ കന്യകാത്വത്തിന് ഭംഗം വരാതെയാണവൾ ഗർഭംധരിച്ചത് എന്നതിനാൽ നാം ആദ്യം ഉത്തരം കണ്ടെത്താൻ ശ്രമിച്ച ‘ഗർഭധാരണവേളയിലെ’ അവളുടെ കന്യകാത്വം സംശയാതീതമാണല്ലോ? എന്ന് മാത്രവുമല്ല, വിശുദ്ധ അക്വീനാസ് പറയുന്നതുപോലെ, “നമ്മുടെ കളങ്കങ്ങൾ എടുത്തുമാറ്റുവാൻ അവതരിച്ചവൻ, തൻറെ ജനനത്തിലൂടെ തൻറെ അമ്മേയെത്തന്നെ കളങ്കപ്പെടുത്തും എന്ന് കരുതുക ന്യായമല്ലല്ലോ?

ഇനി നമുക്ക് കർത്താവിൻറെ ജനനവേളയിൽ അവളുടെ കന്യകാത്വത്തിന് ഭംഗം സംഭവിച്ചിരുന്നുവോ എന്ന വിഷയം പഠിക്കാം. കാരണം, ക്രിസ്തുവിൻറെ ജനനസമയം, സാധാരണ പ്രസവത്തിൽ സംഭവിക്കുന്നതുപോലെ, ഗർഭപാത്രം തുറക്കപ്പെടുകയായിരുന്നെങ്കിൽ, ശാരീരികമായെങ്കിലും അവളുടെ കന്യകാത്വത്തിന് ഭംഗം വന്നു എന്ന് കരുതാമല്ലോ? എന്നാൽ കർത്താവ് മറിയത്തിൻറെ ഉദരത്തിൽ ഉരുവായതുപോലെതന്നെ ‘അസാധാരണമായ വിധത്തിൽ’ മുറിവും രക്തപ്രവാഹവുമില്ലാതെയായിരുന്നു അവിടുത്തെ ജനനവും. “കന്യക ഗർഭം ധരിക്കും” എന്ന് മാത്രമല്ലല്ലോ; “കന്യക പുത്രനെ പ്രസവിക്കും” എന്ന് കൂടിയാണല്ലോ ഐസയ്യാ പ്രവചനം?

“മാംസത്തിന് ജന്മം നൽകുന്നവർക്ക് കന്യകാത്വം നഷ്ടപ്പെടുമെങ്കിലും, ദൈവവചനത്തിന് ജന്മം നല്കുന്നവളുടെ കന്യകാത്വം, തൻറെ വാക്കുകളുടെ പൂർത്തീകരണത്തിനായി അവൻ സംരക്ഷിച്ചു” എന്ന് എഫേസോസ് കൗൺസിൽ പഠിപ്പിക്കുന്നത് അതുകൊണ്ടാണ്.

അതിമനോഹരമായ ഒരു ഉപമ ഉപയോഗിച്ചുകൊണ്ടാണ് വിശുദ്ധ ആഗസ്തീനോസ് ഈശോയുടെ കന്യാജന്മത്തെ വിവരിക്കുന്നത്. പ്രകാശം കണ്ണാടിയെ തകർക്കാതെ അതിലൂടെ കടന്നുവരുന്നതുപോലെ, ഗർഭപാത്രം തുറക്കാതെയാണ് ക്രിസ്തു മറിയത്തിൻറെ ഉദരത്തിൽനിന്നും പുറത്തുവന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ അക്വീനാസും ആഗസ്തീനോസിൻറെ അഭിപ്രായത്തെ ശരിവച്ചു. വി. അക്വീനാസിന്റെ അഭിപ്രായത്തിൽ രണ്ട് അത്ഭുതങ്ങളാണിവിടെ നടന്നത്: ഒന്ന് ദൈവം സ്പര്ശവേദ്യമാംവിധം മനുഷ്യശരീരം സ്വീകരിച്ചു; രണ്ട്, ആ ശരീരം അസാധാരണമാം വിധം അവിടുത്തെ അമ്മയുടെ കന്യകാത്വത്തിന് ഭംഗം വരാതെ ഭൂജാതമായി.

ട്രെന്തോസ് സൂനഹദോസിൻറെ മതബോധനം പഠിപ്പിക്കുന്നതനുസരിച്ച്, “കർത്താവ്  ഗര്ഭസ്ഥനായപ്പോഴെന്നതുപോലെ തന്നെ അവിടുത്തെ ജനനവും, പ്രകൃതിനിയമങ്ങൾക്ക് അതീതമായിരുന്നു.”

എന്ന് മാത്രവുമല്ല, നാംമറിയത്തിൻറെ അമലോത്ഭവം എന്ന ലേഖനത്തിൽ കണ്ടതുപോലെ, കന്യാമറിയം അവളുടെ അമ്മയായ അന്നയുടെ ഉദരത്തിൽ ഉരുവായത് പാപത്തിന്റെ സ്വാധീനമില്ലാതെ ആയിരുന്നത് കൊണ്ട് അവളുടെമേൽ പാപത്തിനോ അതിന്റെ ഫലമായുണ്ടായ സഹനങ്ങൾക്കോ സ്വാധീനമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ അവളുടെ പ്രസവം വേദനാകരവുമായിരുന്നില്ല.

ലത്തീൻ ആരാധനാക്രമത്തിൽ കുരിശിൻ ചുവട്ടിൽ നിൽക്കുന്ന മറിയം സഭയുടെ ഉത്ഭവത്തിലും വളർച്ചയിലും വഹിച്ച പങ്കിനെപ്പറ്റി ധ്യാനിക്കുന്ന ഭാഗത്ത് സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “വേദന കൂടാതെ അവിടുത്തേയ്ക്ക് ജന്മം നല്കിയവൾ, അങ്ങേ സഭയാകുന്ന കുടുംബത്തെ പരിപാലിക്കുവാൻ ഏറ്റവും കഠിനമായ വേദന അനുഭവിക്കുവാനിരിക്കുകയായിരുന്നല്ലോ!”

പൗരസ്ത്യ ബിസന്റൈൻ ആരാധനാക്രമത്തിൽ ദൈവമാതാവിനെ വന്ദിക്കുന്ന പ്രാർഥനയിൽ നാം ഇപ്രകാരം കാണുന്നു: “പരിപൂർണ്ണ നിർമല വിശുദ്ധയായ കന്യകയിലൂടെ സഹനമേതും കൂടാതെ അവൻ നമുക്കിടയിലേക്ക് വന്നു.”

ഇതൊന്നും കൂടാതെ, വിശ്വാസപ്രമാണത്തിലെ “കന്യകാമേരിയിൽ നിന്നും പിറന്നു” എന്ന പ്രഖ്യാപനം പിറവിയിലും ഭംഗം വരാത്ത കന്യകാത്വത്തിൻറെ പ്രഖ്യാപനമാണല്ലോ?

വി. അഗസ്റ്റിൻറെ അഭിപ്രായത്തിൽ എസക്കിയേൽ നാല്പത്തിനാലിൻറെ രണ്ടിൽ പറയുന്ന “രാജാവായ കർത്താവിൻറെ കടന്നുവരവിനുശേഷം തുറക്കപ്പെടാതിരുന്ന കവാടം” കന്യാമറിയത്തിന്റെ ഗർഭപാത്രമാണ്. വി. അക്വീനാസും ഇതേ അഭിപ്രായക്കാരനാണ് എന്നുമാത്രമല്ല, മറിച്ചുള്ള ആരോപണം, പരിശുധാല്മാവിന്റെയും, പരിശുദ്ധ കന്യകയുടെയും മാത്രമല്ല, വി. യൗസേപ്പിതാവിന്റെയും വിശുദ്ധിയുടെമേലുള്ള അവഹേളനമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇക്കാരണങ്ങളാൽ നമ്മുടെ കർത്താവിൻറെ ജനനവേളയിലും പരി. അമ്മ കന്യകയായിത്തന്നെ നിലകൊണ്ടു എന്നത് സംശയലേശമില്ലാത്ത സത്യമാണ്.

ഇനി നമുക്ക് കർത്താവിൻറെ ജനനശേഷം മറിയത്തിൻറെ കന്യകാത്വത്തിന് ഭംഗം സംഭവിച്ചിരുന്നുവോ എന്ന വിഷയം പഠിക്കാം,

ഇതുവരെ നാം കണ്ടതനുസരിച്ച് മറിയത്തിൻറെ കന്യകാവസ്ഥ ലോക നിയമത്തിനതീതമായ ഒരു അത്ഭുതമാണെന്ന് കാണാം. ഇത്ര അത്ഭുതകരമായ ഈ കന്യകാത്വ സംരക്ഷണം അവളുടെ പുത്രൻറെ ജനനശേഷം ഭഞ്ജിക്കപ്പെട്ടു എന്ന് കരുതുക ന്യായമല്ല.

മത്തായി ഒന്ന് ഇരുപത്തിയഞ്ചിൽ കാണുന്ന “പുത്രനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചിലർ അപ്രകാരം വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ വിശുദ്ധഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ച് കാണുന്ന ഒരു ഭാഷാപ്രയോഗമാണത്. “അതുവരെ” എന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ അതിനുശേഷമുള്ള കാര്യത്തെക്കുറിച്ച്‌ മറിച്ചൊരു അഭിപ്രായമുണ്ട് എന്ന് അർത്ഥമില്ല.

ഉദാഹരണമായി, വിശുദ്ധ പൗലോസ് തിമോത്തിയോട് “ഞാൻ അവിടെ വരുന്നതു വരെ നീ വിശുദ്ധഗ്രന്ഥ വായനയിലും, ഉപദേശങ്ങൾ നൽകുന്നതിലും, അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം”, എന്നും രണ്ട് സാമുവേൽ  ആറാം അധ്യായത്തിൽ, “സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു” എന്ന് പറയുമ്പോഴും അതിനുശേഷം ആ അവസ്ഥകൾക്ക്‌ മാറ്റമുണ്ടായി എന്നല്ലല്ലോ അർഥം? “എൻറെ പിതാവ് മരിക്കുന്നത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മരണശേഷം അദ്ദേഹം മദ്യപിച്ചിരുന്നു” എന്നല്ലല്ലോ അർത്ഥമാക്കുന്നത്?

ഈശോയുടെ ജന്മശേഷം മാതാവും യൗസേപ്പ് പിതാവും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നും, ആ ബന്ധത്തിൽ മാതാവിന് മറ്റ് മക്കൾ ഉണ്ടായിരുന്നു എന്നും പറയുന്നതിന് ചിലർ ഉപയോഗിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥ ഭാഗമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാമത്തെ അദ്ധ്യായം ആറാം വാക്യത്തിൽ കാണുന്ന “അവർ അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവ സമയം അടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു”  എന്ന ഭാഗം.

കടിഞ്ഞൂൽ അഥവാ ‘ആദ്യജാതൻ’ എന്നത് ഇസ്രായേലിൽ ഒരു വലിയ സ്ഥാനമാണ്. ഒരു സ്ത്രീയ്ക്ക് വലിയ അഭിമാനത്തിൻറെ നിമിഷമാണ് അവളുടെ ആദ്യ ജാതൻ പിറക്കുന്ന നിമിഷം. കാരണം ഇനി മുതൽ അവൾ അറിയപ്പെടാൻ പോകുന്നത് അവളുടെ ആദ്യജാതൻറെ ‘അമ്മ എന്ന നിലയിലാണ്. ആ ശിശുവിൻറെ പിതാവ് അറിയപ്പെടാൻ പോകുന്നത് ആ ആദ്യജാതൻറെ പിതാവ് എന്നാണ്. ഉദാഹരണമായി സലോമി എന്ന് പേരുള്ള ഒരു സ്ത്രീയ്ക്ക് ജനിച്ച കടിഞ്ഞൂൽ സന്താനത്തിൻറെ പേര് യാക്കോബ് എന്നാണെന്നിരിക്കട്ടെ. ഇനിമേൽ അവൾ സലോമി എന്നറിയപ്പെടുകയില്ല. അവൾ “യാക്കോബിൻറെ അമ്മ” എന്നറിയപ്പെടും. അവളുടെ ഭർത്താവിൻറെ പേര് ശിമയോൻ എന്നാണെങ്കിൽ ഇനി മുതൽ ആരും അവനെ ശിമയോൻ എന്ന് വിളിക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് അവനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇനി മുതൽ അവൻ അറിയപ്പെടുക “യാക്കോബിന്റെ പിതാവ്” എന്നായിരിക്കും. ഇനി അവർക്ക് ഒരു ഡസൻ കുഞ്ഞുങ്ങൾ കൂടി ജനിച്ചാലും അവർ തങ്ങളുടെ ആദ്യ ജാതൻറെ പേരിനോട് ചേർത്തായിരിക്കും അറിയപ്പെടുക.

കടിഞ്ഞൂൽ പുത്രൻ എന്നത് ഒരു സ്ഥാനപ്പേരാണ്; അതിന് പിന്നീടുള്ള കുഞ്ഞുങ്ങളുടെ ജനനനവുമായി ഒരു ബന്ധവുമില്ല. ഒരു സ്ത്രീ ആദ്യമായി പ്രസവിക്കുന്ന നിമിഷം അവൾ കടിഞ്ഞൂൽ പ്രസവിച്ചു എന്ന് പറയും. ഒന്നിലധികം സന്താനങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ അവരിൽ ആദ്യജാതനെ വിളിക്കാനുപയോഗിക്കുന്നതല്ല ‘കടിഞ്ഞൂൽപുത്രൻ ഉണ്ടായി’ എന്ന ‘പ്രഖ്യാപനം,

“ഈശോയുടെ സഹോദരങ്ങൾ” എന്ന പ്രയോഗമാണ് മറ്റു ചിലർക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നത്. “അഡൽഫോസ്” (adelphos) എന്ന വാക്കാണ് ഈശോയുടെ സഹോദരൻമാരെ വിവരിക്കുവാൻ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വാക്കായ അഡൽഫോസ് യഥാർത്ഥത്തിൽ സഹോദരൻ എന്നതിനപ്പുറം, കസിൻ എന്ന അർത്ഥത്തിലും ഉപയോഗിച്ചിരുന്നു. ഗോത്രവർഗ്ഗ ജീവിതരീതി അനുവർത്തിച്ചിരുന്ന പൗരസ്ത്യ വർഗ്ഗങ്ങൾക്കിടയിൽ ഏതാണ്ട് എല്ലാത്തരം ബന്ധക്കാരെയും സഹോദരൻ എന്നു വിളിച്ചിരുന്നു. പ്രാചീന ഹീബ്രുവിലും, അരമായയിലും അർധസഹോദരർ, കസിൻസ് തുടങ്ങിയ ബന്ധങ്ങൾക്കു പകരമായി മറ്റു വാക്കുകൾ ഇല്ലാതിരുന്നതിനാൽ അതിനും ‘അടൽഫോയി’തന്നെയാണ്  ഉപയോഗിച്ചിരുന്നത്.

യഹൂദ പാരമ്പര്യത്തിൽ, കസിൻ എന്ന വാക്ക് ഉപയോഗിച്ചിരുന്നതേയില്ല. എന്ന് മാത്രവുമല്ല, ഏതാണ്ട് എല്ലാ ബന്ധങ്ങളെയും, ‘സഹോദരർ’ എന്ന് വിളിക്കുന്നതിൽ അവർ യാതൊരു അപാകതയും കണ്ടില്ല. തന്റെ സഹോദരപുത്രനായ ലോത്തിനെ അബ്രാഹം സഹോദരൻ എന്നു വിളിക്കുന്നു. അരമായ ഭാഷയിൽ കസിൻ, മരുമകൻ, അർദ്ധ സഹോദരൻ തുടങ്ങിയ വാക്കുകൾ ഉണ്ടായിരുന്നില്ല. അവയുടെ സ്ഥാനത്ത് “സഹോദരൻ” എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്.

ഈശോയുടെ സഹോദരൻ എന്ന് ‘ആരോപിക്കപ്പെടുന്ന’ യൂദാസ്, തൻറെ ലേഖനം ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്: യേശുക്രിസ്തുവിൻറെ ‘ദാസനും’ യാക്കോബിന്റെ സഹോദരനുമായ യൂദാസ്.

ഈശോയ്ക്ക് മറ്റു സഹോദരന്മാർ ഉണ്ടായിരുന്നെങ്കിൽ യൂദാസിനു മാത്രമല്ല അവർക്കും ആദിമ സഭയിൽ എത്ര അഭിമാനിക്കാമായിരുന്നു! എന്നാൽ അത്തരത്തിലുള്ള യാതൊരവകാശവാദങ്ങളും ആദിമ സഭയിൽ ഉണ്ടായിട്ടില്ല.

യൂദായും, ശിമയോനും മാതാവിന്റെ തെറ്റാരു കസിനായ യാക്കോബിന്റെ മക്കളായിരുന്നു. ഇവരെല്ലാം തമ്മിലുള്ള ബന്ധം വിവരിക്കാൻ അരമായയിൽ സഹോദരൻ എന്ന വാക്കയുള്ളു.

പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതും എന്നാൽ ഈ വിഷയവുമായിവളരെ  ബന്ധമുള്ളതുമായ ഒരു ബൈബിൾ ഭാഗത്തെക്കുറിച്ചു കൂടി ഞാൻ പറയാം: “ഈശോ തൻറെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും തന്റെ കുരിശ്ശിന്റെ ചുവട്ടിൽ നിൽക്കുന്നത് കണ്ട്” തന്റെ അമ്മയെ യോഹന്നാന് അമ്മയായും, അദ്ദേഹത്തെ തൻറെ മാതാവിന് മകനായും ‘ചുമതലപ്പെടുത്തേണ്ട’സാഹചര്യമുണ്ടായതുതന്നെ അദ്ദേഹത്തിന് മറ്റു സഹോദരീ സഹോദരന്മാർ ഇല്ലാതിരുന്നതു കൊണ്ടാണ്.

ഈശോയ്ക്ക് മറ്റു സഹോദരർ ഉണ്ടായിരുന്നെങ്കിൽ യഹൂദ നിയമമനുസരിച്ച് അവർക്ക് മാതാവിനെ പരിപാലിക്കുവാൻ നിയമപരമായ ബാദ്ധ്യത ഉണ്ടായിരുന്നു. ഇത് അല്പം വിശദീകരണം ആവശ്യമുള്ള ഭാഗമാണ്. യഹൂദ സാമൂഹ്യ വ്യവസ്ഥ നിയന്ത്രിക്കുന്നത് മിദ്രാഷ് എന്നറിയപ്പെടുന്ന പാരമ്പര്യവും, മിഷ്ണ എന്നറിയപ്പെടുന്ന നിയമസംഹിതയുമാണ്. ഇതിൽ മിദ്രാഷ് പാരമ്പര്യം മാത്രമായതിനാൽ അതനുസരിച്ചില്ലെങ്കിലും ഒരാൾ കുറ്റവാളിയാകുന്നില്ല. എന്നാൽ മിഷ്ണയിലെ മിത്‍സ്വോത്തുകൾ എന്നറിയപ്പെടുന്ന നിയമങ്ങളുടെ ലംഘനം ഒരുവനെ കുറ്റവാളിയാക്കുന്നു.

മാതാപിതാക്കളുടെ പരിപാലനകാര്യം മിദ്രാഷല്ല, മറിച്ച്‌ മിത്‍സ്വോത്താണ്. അതിൻറെ ലംഘനം ഒരുവനെ കുറ്റവാളിയാക്കുന്നു. യഹൂദ നിയമപ്രകാരം ആണ്മക്കൾക്ക് ഉള്ളതുപോലെ തന്നെ പെണ്മക്കൾക്കും മാതാപിതാക്കളുടെ പരിപാലനത്തിന് ഉത്തരവാദിത്വം ഉണ്ട്. എന്നുമാത്രവുമല്ല, യഹൂദനിയമ സംഹിതയായ മിഷ്ന വിവാഹിതരായ പെൺമക്കൾക്ക് അവളുടെ പിതൃഭവനത്തിലെ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴികഴിവുകൾ നൽകുന്ന ഒന്നാം അധ്യായമായ കിദൂഷിനിൽ[1] തന്നെയാണ് അവൾക്ക് തൻറെ മാതാപിതാക്കളെ പരിപാലിക്കുന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള ഒഴികഴിവുകളും ഇല്ല എന്ന് അടിവരയിട്ട് പറയുന്നത്.

വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് പോലും തൻറെ മുൻഭർത്താവിൻറെ മാതാപിതാക്കളെ പരിചരിക്കുവാൻ ഉത്തരവാദിത്വമുണ്ടെന്നു മിഷ്ന ഗിത്തിൻ[2] വ്യവസ്ഥ ചെയ്യുന്നു. നിയമവ്യവസ്ഥ ഇങ്ങനെയായിരിക്കെ, ഈശോയ്ക്ക് മറ്റ് സഹോദരന്മാരോ, എന്തിന്, സഹോദരിമാർ പോലുമോ ഉണ്ടായിരുന്നെകിൽ തൻറെ മാതാവിനെ പരിപാലിക്കുന്നത്തിനുള്ള ഉത്തരവാദിത്വം യോഹന്നാനെ ഏല്പിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലല്ലോ?

പരി. അമ്മ തൻറെ കന്യകാത്വം ദൈവത്തിന് നിവേദ്യമായി സമർപ്പിച്ച ഒരു വ്രതവുമായിരുന്നു എന്ന് “ഏതൊരു സമർപ്പണവും ഒരു സത്യ സത്യപ്രതിജ്ഞയിലൂടെ കൂടുതൽ അർത്ഥവത്താകുന്നു” എന്ന പ്രമാണം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ അഗസ്റ്റിൻ പ്രഖ്യാപിക്കുന്നു. മനുഷ്യാവതാരത്തെക്കുറിച്ചുള്ള സന്ദേശത്തിന് പ്രതികരണമായി മാലാഖായോടുള്ള മറിയത്തിൻറെ ചോദ്യമാണ് അതിന് തെളിവായി അദ്ദേഹം നൽകുന്നത്. തൻറെ ജീവിത കാലം മുഴുവൻ കന്യകയായി തുടരാൻ അവൾ തീരുമാനിച്ചിരുന്നു എന്നതിൻറെ സൂചനയാണ് ആ ചോദ്യം. അല്ലായിരുന്നുവെങ്കിൽ വിവാഹ വാഗ്ദാനം നൽകി നിൽക്കുന്ന യുവതിയോട് “നീ ഗർഭം ധരിച്ച് പുത്രനെ പ്രസവിക്കും” എന്ന് ദൂതൻ പറയുമ്പോൾ, “അതെങ്ങനെ സംഭവിക്കും” എന്ന് അവൾ ചോദിക്കേണ്ട കാര്യമില്ലല്ലോ? സാധാരണയായി വിവാഹാനന്തരം സംഭവിക്കുന്ന പതിവാണല്ലോ കുഞ്ഞുങ്ങളെ ഗർഭം ധരിച്ച് പ്രസവിക്കുക എന്നത്. വിവാഹശേഷം ജോസഫുമായുള്ള ബന്ധപ്പെടലിൻറെ ഫലമായി യേശു ജനിക്കും എന്ന് സ്വാഭാവികമായും കരുതാമായിരുന്നല്ലോ?

എ.ഡി. നൂറ്റി ഇരുപതിനടുത്ത് രേഖപ്പെടുത്തപ്പെട്ട അപ്രമാദിത്ത ഗ്രന്ഥമായ യാക്കോബിൻറെ സുവിശേഷം എന്നറിയപ്പെടുന്ന Protoevangelium of James ഈശോയുടെ ചെറുപ്പകാലത്തെക്കുറിച്ച് മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത വിവരങ്ങൾ നൽകുന്നു. യാക്കോബിൻറെ സുവിശേഷത്തിൽ ഈശോയുടെ മാത്രമല്ല, മാതാവിൻറെ ചെറുപ്പകാലത്തെക്കുറിച്ചും പറയുന്നുണ്ട്. ഇതനുസരിച്ച് മറിയം ചെറുപ്പത്തിൽ തന്നെ കന്യാവ്രതം നിത്യവ്രതമായി സ്വീകരിച്ചിരുന്നവളും തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു ദേവാലയത്തിൽ ജീവിച്ചിരുന്നവളാണ്.

649-ലെ ലാറ്ററൻ സൂനഹദോസിൽ മാർട്ടിൻ ഒന്നാമൻ മാർപാപ്പയാണ് മാതാവിൻറെ നിത്യ കന്യകാത്വം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. എന്നാൽ നാം കണ്ടതുപോലെ, അതൊരു വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതിന് മുൻപും, എല്ലാ കാലത്തും, സഭ മറിയത്തിൻറെ നിത്യ കന്യകാത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. അപ്പസ്തോലപിതാക്കന്മാരുടെ ശിഷ്യന്മാരും ആദിമ സഭയിലെ മഹാരഥന്മാരുമായിരുന്ന ജസ്റ്റിൻ മാർട്ടർ, ഐറേനിയസ് തുടങ്ങിയവരും, ആഗസ്തീനോസിൻറെ ഗുരുവായിരുന്ന ആംബ്രോസ് പിതാവും, സഭാപിതാവായ വിശുദ്ധ ജെറോമും അവളെ “നിത്യകന്യക” എന്നാണ് വിളിച്ചിരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, മറിയം ഈശോയുടെ ജനനവേളയിലും, അതിനു മുൻപും, അതിനു ശേഷവും കന്യകയായിരുന്നു എന്ന വിശ്വാസസത്യം സൈദ്ധാന്തീകമായി തെളിയിക്കാവുന്ന വസ്തുതയാണ്.

അവസാനമായി, പഴയ നിയമത്തിലെ വാഗ്ദാനപേടകമാണ് പുതിയനിയമത്തിൽ മറിയം. ദൈവകൽപ്പനകൾ ആലേഖനം ചെയ്യപ്പെട്ട കല്പലകകളായിരുന്നു വാഗ്‌ദാനപേടകത്തിൽ വഹിച്ചിരുന്നതെങ്കിൽ ദൈവത്തെ തന്നെയായിരുന്നു മറിയം വഹിച്ചിരുന്നത്. പഴയനിയമകാലത്ത് ദൈവ കല്പനകളെ വഹിച്ചിരുന്ന വാഗ്ദാനപേടകത്തെ സമീപിക്കുന്നതിന് ദൈവം ആരെയും അനുവദിച്ചിരുന്നില്ല എന്നത്  പീഡാനുഭവത്തെയും കുരിശുമരണത്തെയും സംബന്ധിച്ച വീഡിയോയിൽ വിവരിച്ചത് ഓർമ്മയുണ്ടാകുമല്ലോ? കൽപ്പലകകൾ വഹിച്ച പേടകം ആർക്കും സ്പർശിക്കാൻ അവകാശമില്ലായിരുന്നു എങ്കിൽ, ദൈവത്തെത്തന്നെ വഹിച്ചിരുന്ന പേടകത്തെ എത്ര വിശുദ്ധിയോടെ ആയിരുന്നിരിക്കും അവിടുന്ന് പരിപാലിച്ചിരിക്കുക! അവളുടെ ദൈവമാതൃത്വം എന്ന അവസ്ഥയ്ക്ക് നിത്യകന്യകാത്വം അനിവാര്യമായ ഘടകമായിരുന്നു.

അതാകട്ടെ അവളുടെ പരിപൂർണ്ണമായ സമ്മതത്തോടു കൂടിയായിരുന്നു താനും. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനാണല്ലോ നമ്മുടെ ദൈവം? മനുഷ്യൻറെ പതനത്തിന്റെ നിമിഷം മുതൽ മനുഷ്യരക്ഷയ്ക്കായി പിതാവായ ദൈവം ഒരുക്കൂട്ടിവച്ചിരുന്ന രക്ഷാകര പദ്ധതിയിൽ മറിയത്തിൻറെ അമലോത്ഭവം ഒരു അവിഭാജ്യ ഘടകമായിരുന്നു എന്ന് കഴിഞ്ഞ വീഡിയോയിൽ നാം കണ്ടതാണല്ലോ?

കർത്താവിൻറെ മാലാഖ എങ്ങനെയാണ് മറിയത്തിന് സന്ദേശം കൊടുത്തത് എന്നും നാമതിൽ കണ്ടു. ആ രംഗത്തേക്കുറിച്ചു ധ്യാനിക്കുമ്പോഴെല്ലാം ആ മഹാ നിമിഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോർത്ത് ഞാൻ വിറകൊള്ളാറുണ്ട്. ദൈവം അവളോട് അനുവാദം ചോദിക്കുമ്പോൾ നിരസിക്കുവാനുള്ള അനുവാദം തീർച്ചയായും അവൾക്കുണ്ടായിരുന്നു. അഗ്നിമയനും, തേജോരൂപിയും, ഉഗ്രപ്രതാപിയായ സെറാഫുമായ പ്രധാനമാലാഖ തൻറെ രാജ്ഞിയായിത്തീരേണ്ട ആ കൊച്ചുകന്യകയുടെ മുന്നിൽ അതീവ ബഹുമാനപൂർവ്വം നിന്ന് ദൈവസന്ദേശം കൈമാറിയപ്പോൾ സ്വർഗ്ഗലോകം ആ കന്യകയുടെ മറുപടി വരുന്നത് വരെ ഒരു നിമിഷം നിശ്ചലമായി, ഉദ്വേഗഭരിതമായി, കാതോർത്ത് നിന്നിട്ടുണ്ടാകണം. ആ കന്യകയുടെ മൃദുലമെങ്കിലും ഉറച്ച ശബ്ദത്തിലുള്ള മറുപടി എന്തൊരാശ്വാസമായിരിക്കും അവർക്ക് പകർന്ന് നല്കിയിട്ടുണ്ടാവുക! എന്നാലേറ്റവും രസകരമായ വസ്തുത, അവളെടുക്കുന്ന നിലപാട് ആരെയാണോ ഏറ്റവുമധികം ബാധിക്കുക, ആ മനുഷ്യ വർഗ്ഗമാകട്ടെ അപ്പോൾ അതിന്റെ പ്രാധാന്യമൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ്.

[1] Mishnah Kiddushin .1:7

[2] Mishna Gittin 7.6

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031