Select Page

കാൾ റാനർ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ചെലുത്തിയ സ്വാധീനം

കാൾ റാനർ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ചെലുത്തിയ സ്വാധീനം

രണ്ടാം വത്തിക്കാൻ കൗൺസിൽ പൊതുവെയും, അതിൻറെ രണ്ടാമത്തെ പ്രമാണരേഖയായ (constitution)  “ജനതകളുടെ പ്രകാശം” Lumen gentium (“Light of the Nations”) പ്രത്യേകമായും നവവിചിന്തനത്തിനും, (ചിലരെങ്കിലും അതിനെ) വിമർശന വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദർഭമാണല്ലോ ഇത്? ഈ സംവാദങ്ങൾ സൂക്ഷ്മവിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്നത് ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്ന പലർക്കും ആ രേഖകൾ ഉരുത്തിരിഞ്ഞു വന്നതിൻറെ ചരിത്രപശ്ചാത്തലത്തെയോ, അതിനു ചുക്കാൻ പിടിച്ചവരുടെ ദൈവശാസ്ത്ര കാഴ്ചപ്പാടുകളെയോ സംബന്ധിച്ച് അല്പം പോലും ധാരണയില്ല എന്നതാണ്. അവരിൽത്തന്നെ ചില പരാക്രമശാലികൾ അടിസ്ഥാന ദൈവശാസ്ത്ര സംജ്ഞകളെക്കുറിച്ചു പോലും ധാരണയില്ലാതെ, തങ്ങൾക്ക് തോന്നും വിധത്തിൽ ആ രേഖകളെ (അനുകൂലിച്ചും, പ്രതികൂലിച്ചും) അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതായും കാണുന്നു. പ്രാഥമീക ധാരണകൾ ഇല്ലാതെ അത്തരം സംവാദങ്ങളിൽ ഏർപ്പെടുമ്പോൾ വലിയ അബദ്ധങ്ങളിൽ പെടുവാൻ സാധ്യതയുണ്ട് എന്നതിനാൽ അക്കാര്യങ്ങളെക്കുറിച്ചു നമുക്ക് സാമാന്യമായി ഒന്ന് പഠിക്കാം.

രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ അണിയറയിൽ അനേകം ദൈവശാസ്ത്രജ്ഞരുടെ പ്രവർത്തനം ഉണ്ടായിരുന്നെങ്കിലും, അതിൻറെ ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ ക്രമപ്പെടുത്തുന്നതിലും, ചർച്ചകൾ നിയന്ത്രിക്കുന്നതിലും കാൾ രഹ്നർ (1904-1984)  ചെലുത്തിയ വിധത്തിൽ ആഴമേറിയ സ്വാധീനം മറ്റാരെങ്കിലും ചെലുത്തിയിരുന്നുവോ എന്നത് സംശയമാണ്. റഹ്നറിൻറെ സ്വാധീനത്തിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതായി രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിക്കും മുൻപ് തന്നെ, ദൈവശാസ്ത്രജ്ഞരുടെ സവിശേഷ ശ്രദ്ധയാകർഷിച്ചിരുന്ന അദ്ദേഹത്തിൻറെ അഞ്ചോളം വോള്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, അദ്ദേഹം നല്ല ഒരു സംഘാടകനും, അനേകം ദൈവശാസ്ത്ര വിജ്ഞാനകോശങ്ങളുടെയും, നിഘണ്ടുക്കളുടെയും  പ്രസിദ്ധീകരണത്തിലും ഉൾപ്പെട്ടിരുന്ന ആളായിരുന്നതിനാൽ പല പ്രമുഖ ദൈവശാസ്ത്രജ്ഞരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അതും കൂടാതെ, അദ്ദേഹത്തിൻറെ ആഴമേറിയ ലത്തീൻ ഭാഷാസ്വാധീനം, നിയോ സ്‌കോളാസ്റ്റിക് ദൈവശാസ്ത്രത്തിലുള്ള (neo-scholastic theology) ജ്ഞാനം, പൗരസ്ത്യ-പാശ്ചാത്യ ദൈവശാസ്ത്ര മേഖലകളിലുള്ള പൊതുവിജ്ഞാനം എന്നിവ മൂലം “അനേകരിൽ ഒരുവൻ” മാത്രമായിരുന്നെങ്കിലും, അദ്ദേഹം “തുല്യരിൽ പ്രഥമൻ” ആയിത്തീർന്നു എന്നതാണ് സത്യം.

റാഹ്നറുടെ പൊതുവെയുള്ള ജീവിത വീക്ഷണത്തെയും ദൈവശാസ്ത്ര നിലപാടുകളെയും ഒരു പക്ഷെ ഏറ്റവും സ്വാധീനിച്ചിരിക്കാവുന്നത് മാർട്ടിൻ ഹെയ്‌ഡഗ്ഗെറുടെ കീഴിൽ നടത്തിയ പഠനങ്ങൾ ആണ് എന്ന് കരുതേണ്ടിയിരിക്കുന്നു. വി. അക്വീനാസാണ് ഹെയ്‌ഡഗ്ഗെറെ കൂടാതെ അദ്ദേഹത്തെ സ്വാധീനിച്ച മറ്റൊരാൾ (Nouvelle théologie; “new theology”).

റാഹ്നറുടെ ദൈവശാസ്ത്രകാഴ്ചപ്പാടുകൾ അപകടകരമാണ് എന്നതായിരുന്നു റോമിൻറെ രണ്ടാം വത്തിക്കാൻ പൂർവ്വ കാല ചിന്ത. ഉദാഹരണമായി, ഏതെങ്കിലും കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അദ്ദേഹം പ്രത്യേകം അനുവാദം മേടിച്ചിരിക്കണം എന്നൊരു വിധി 1962-ൽ റാഹ്നർക്ക് എതിരെ റോമിൽ നിന്നും ഉണ്ടായി.

എന്നാൽ 1962-ൽ തന്നെ, അപ്രതീക്ഷിതമായി, യോഹന്നാൻ XXIII റാഹ്നറെ രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ വിദഗ്ധ ഉപദേശകനായി (peritus) നിയമിച്ചു. മറ്റുള്ളവർക്ക് മാത്രമല്ല, റാഹ്നർക്കു പോലും അപ്രതീക്ഷിതമായിരുന്നു ഈ നടപടി. വിയെന്നയുടെ കർദിനാൾ കൂനിഗ് (Cardinal Koenig) അദ്ദേഹത്തെ തൻറെ സ്വകാര്യ ഉപദേശകനാക്കി നിയമിച്ചു. ക്രൈസ്തവേതര മതങ്ങളോട് സ്വീകരിക്കേണ്ട നിലപാടുകളെ  സംബന്ധിക്കുന്ന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നിയുക്തരായ ഏഴു ദൈവശാസ്ത്രജ്ഞരിൽ ഒരാൾ മാത്രമായിരുന്നു റാഹ്നർ എങ്കിലും, അവർക്കിടയിൽ അദ്ദേഹത്തിൻറെ പ്രഥമസ്ഥാനം സുവ്യക്തമായിരുന്നു.

സൂനഹദോസിൻറെ കാലഘട്ടത്തിൽ വൈദീകനായിരുന്ന ജോസഫ് റാറ്റ്സിംഗറും (ബെനഡിക്ട് XVI) അദ്ദേഹവും ഒരുമിച്ച് വിശുദ്ധഗ്രന്ഥത്തിൻറെയും  പാരമ്പര്യത്തിൻറെയും പരസ്പര ബന്ധത്തെ സംബന്ധിച്ചുള്ള ഒരു ബദൽ രേഖയുടെ രൂപീകരണത്തിൽ ഒരുമിച്ചു പ്രവർത്തിച്ചു. ഈ രേഖയാണ് സൂനഹദോസ് സ്വീകരിച്ചത്. (പിൽക്കാലത്ത് റാഹ്നറുടെ  ദൈവശാസ്ത്ര വീക്ഷണദിശയെ സംബന്ധിച്ച് റാറ്റ്സിംഗർക്ക് അഭിപ്രായവ്യത്യാസം ഉണ്ടായി എന്നതും ഇവിടെ സ്മരണീയമാണ്).

ഇതുകൂടാതെ, വിശുദ്ധ ഗ്രന്ഥത്തിൻറെ ദൈവനിവേശിത സ്വഭാവം, സഭയും ആധുനീക ലോകവും തമ്മിലുള്ള ബന്ധം, സഭയ്ക്ക് പുറത്ത് വിശ്വാസികളല്ലാത്തവർക്ക് പോലും സംലഭ്യമാകുന്ന രക്ഷ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് രണ്ടാം വത്തിക്കാനിൽ റാഹ്നറുടെ  വ്യക്തമായ സ്വാധീനം ഉണ്ടായ മറ്റു വിഷയങ്ങൾ.

ഇക്കാരണങ്ങളാൽ കാൾ റാഹ്നറുടെ ദൈവശാസ്ത്ര അവബോധം മനസ്സിലാക്കിക്കൊണ്ടാകണം രണ്ടാംവത്തിക്കാൻ കൗൺസിൽ സംബന്ധിച്ചുള്ള ഏതു പഠനങ്ങളും (പ്രത്യേകിച്ച് രണ്ടാംപ്രമാണരേഖയായ ജനതകളുടെ പ്രകാശം Lumen Gentium സംബന്ധിച്ചുള്ളവ) നടത്തപ്പെടേണ്ടത് എന്നതാണ് യാഥാർഥ്യം.

റഹ്നറിന്റെ അഭിപ്രായത്തിൽ സഭയുടെ ചരിത്രത്തിൽ മൂന്ന് വ്യക്തമായ കാലഘട്ടങ്ങൾ ഉണ്ട്. യഹൂദർക്ക് മാത്രമുള്ള ക്രൈസ്തവമതം എന്ന ആദ്യ കാലഘട്ടത്തിൽ നിന്നും ഗ്രീക്ക്-റോമൻ വിജാതീയർക്കും പ്രവേശനമുള്ള സഭയായി മാറിയ ജെറുസലേം സൂനഹദോസിന് ശേഷമുള്ള രണ്ടാമത്തെ കാലഘട്ടം, രണ്ടായിരത്തോളം വർഷങ്ങൾ യൂറോപ്യൻ സംസ്കാര, ദാർശനിക, ദൈവശാസ്ത്ര കാഴ്ചപ്പാടുകളിൽ ബന്ധിതമായിരുന്ന സഭ യഥാർത്ഥ സാർവ്വലൗകീകതയിലേക്ക് തിരിയുന്നതിന് കാരണമായ രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള മൂന്നാമത്തെ കാലഘട്ടം എന്നിവയാണവ.

അവയിൽ രണ്ടുതവണ മാത്രം സംഭവിച്ചിട്ടുള്ള അടിസ്ഥാനപരമായ ദിശാമാറ്റങ്ങളിൽ ഒന്നിന് കാരണമായ സൂനഹദോസാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ. (യഹൂദ ക്രൈസ്തവമതം എന്നതിൽ നിന്നും വിജാതീയരിലേക്കും തിരിയുന്നതിന് കാരണമായ ജെറുസലേം സൂനഹദോസായിരുന്നു ആദ്യത്തേത്.)

അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ, പ്രാരംഭ കാലത്തിന് ശേഷം സഭയിൽ നടന്ന സൂനഹദോസുകളിൽ ഏഷ്യയുടെയും ആഫ്രിക്കയുടെയും പ്രതിനിധികളായി പങ്കെടുത്തവർ എല്ലാം തന്നെ യഥാർത്ഥത്തിൽ യൂറോപ്പിൽ നിന്നുമുള്ളവരായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാനിൽ യഥാർത്ഥ ‘മണ്ണിൻറെ മക്കൾ’ തന്നെ സജീവമായി പങ്കെടുക്കുകയും, തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തതിനാൽ തന്നെ ഇതായിരുന്നു ആദ്യത്തെ യഥാർത്ഥ സാർവ്വ ലൗകീക കൗൺസിൽ.

ഇതിന് ജനസംഖ്യാപരമായ ഒരു മാനം കൂടിയുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ അന്നുണ്ടായിരുന്ന 266 ദശലക്ഷം ക്രിസ്ത്യാനികളിൽ 200 ദശലക്ഷവും (75%) യൂറോപ്പിലോ അമേരിക്കയിലോ ആണ് ജീവിച്ചിരുന്നത്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ, 1.1 ബില്യൺ കത്തോലിക്കരിൽ 750 ദശലക്ഷവും (68%) ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായിരുന്നു. വെറും ഒരു നൂറ്റാണ്ടിനുള്ളിൽ സംഭവിച്ച ജനസംഖ്യാപരമായ ഈ വൻ വ്യതിയാനം സഭയുടെ ചരിത്രത്തിൽ അഭൂതപൂർവ്വമായിരുന്നു. അതിനാൽ തന്നെ സഭയുടെ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന ചർച്ചകളിൽ ആ ദേശങ്ങളുടെയും പങ്കുപറ്റൽ അനിവാര്യമായിരുന്നു. അവർ ഇപ്രകാരം പങ്കെടുക്കേണ്ടത് ആനുകാലിക യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ അനിവാര്യമായിരുന്നു താനും. താഴെ തന്നിരിക്കുന്ന രണ്ട് ഗ്രാഫുകൾ വിവിധ ദേശങ്ങളിൽ നിന്നുമുള്ള സഭാംഗങ്ങളുടെ അംഗസംഖ്യ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് നൽകും.

 

റാഹ്നറിൻറെ ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ

റാഹ്നറിനെപ്പോലെ വിവിധങ്ങളായ വിഷയങ്ങളിൽ, നൂറുകണക്കിന് പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഒരു ദൈവശാസ്ത്രജ്ഞനെ ഒരു ലഘുലേഖനത്തിൽ അപഗ്രഥിക്കുക എന്നത് തുലോം അസാധ്യം തന്നെയാണ്. അതിനാൽ തന്നെ അദ്ദേഹത്തിൻറെ അടിസ്ഥാന ദൈവ ശാസ്ത്ര കാഴ്ചപ്പാടുകളെ സംബന്ധിച്ച് ഒരു വിഹഗവീക്ഷണം മാത്രമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത്.

ദൈവകൃപ (God’s Grace)

റഹ്നരുടെ വീക്ഷണത്തിൽ, ദൈവകൃപ എന്നത് അവിടുത്തെ രക്ഷാകര ത്രാണിയാണ്. പാപപങ്കിലമായ മനുഷ്യവർഗ്ഗം രക്ഷ അർഹിക്കുന്നില്ല. യേശുക്രിസ്തു കൂടാതെ മനുഷ്യരക്ഷ സാധ്യമല്ല. യേശുക്രിസ്തുവിന്റെ പരിഹാര ബലിയിലൂടെയാണ് ദൈവകൃപ ലോകപ്രവേശം ചെയ്യുന്നത്. വലിയ വില കൊടുത്താണ് രക്ഷ സംഗതമാക്കപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തു സംലഭ്യമാക്കിയിരിക്കുന്ന ഈ കൃപ ക്രൈസ്തവേതര മതങ്ങളിലൂടെയും ലഭ്യമാണ്.

ദൈവകൃപ പ്രഥമമായും സഭയുടെ പ്രവർത്തനത്തിൽ കൂടിയാണ് സംലഭ്യമാകുന്നത് എന്നും, ദിവ്യകാരുണ്യം, കുമ്പസാരം, മാമ്മോദീസ തുടങ്ങിയ കൂദാശകളാണ് ദൈവകൃപ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നുമുള്ള പാരമ്പരാഗത കത്തോലിക്കാ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ് ഇത് എന്നത് വ്യക്തമാണല്ലോ?

ചരിത്രവും സൃഷ്ടിയും (History and Creation)

ദൈവം തൻറെ സൃഷ്ഠികളിൽ കൂടി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ തന്നെ ദൈവത്തെ സംബന്ധിച്ച സ്വാഭാവീകജ്ഞാനം സകലർക്കും സംലഭ്യമാണ്. എന്നാൽ ഈ ‘സ്വാഭാവിക ജ്ഞാനം’ അബദ്ധജടിലമാകാം. ക്രിസ്തുവിന് മുൻപുതന്നെ ക്രൈസ്തവീകതയുണ്ട് (ചരിത്രപൂർവ്വത). അനേകം ചരിത്ര സംഭവങ്ങൾ ക്രിസ്തുസംഭവത്തിലേക്ക് വിരൽ ചൂണ്ടുകയും നയിക്കുകയും, ചെയ്തിട്ടുണ്ട്. (ഉദാ. ക്രിസ്തുവിനെ സംബന്ധിച്ച ഐശയ്യ പ്രവചങ്ങൾ).

അതായത്, ക്രിസ്തുമതം ദൈവത്തിൻറെ പദ്ധതിയാണ്. അത് മാത്രമാണ് പരിപൂർണ്ണ മതം എന്ന നിലയിൽ ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നിരിക്കിലും, മാനുഷീകമായി നോക്കുമ്പോൾ, ക്രിസ്തുമതത്തിന് ചരിത്രത്തിൽ ഒരു ആരംഭമുണ്ട്. പഴയ നിയമം വെളിപ്പെടുത്തുന്നത് പോലെ, ക്രിസ്തുമതത്തിനും മുൻപ് ദൈവം പ്രവർത്തന നിരതനാണ്. അതിനാൽ തന്നെ, ദൈവകൃപ ക്രിസ്തുമതത്തിനും, വ്യക്തമായ ക്രൈസ്തവ വിശ്വാസത്തിനും പുറത്ത് സംലഭ്യമാണ് (outside of the Church and without explicit Christian belief).

അജ്ഞാത ക്രൈസ്തവനും, ക്രൈസ്തവീകതയും (Anonymous Christian & anonymous Christianity)

ക്രൈസ്തവർ അല്ലെങ്കിൽ തന്നെയും ക്രൈസ്തവനെപ്പോലെ പ്രവർത്തിക്കുന്നവനാണ് ‘അജ്ഞാത ക്രൈസ്തവൻ’. സ്വപ്രയത്നം കൊണ്ട് നല്ല ജീവിതം നയിക്കുന്നവർ അല്ല, പ്രത്യുത വ്യംഗ്യമായി ആണെങ്കിൽ പോലും, ദൈവകൃപ സ്വീകരിച്ചത് മൂലം അതിൻറെ സ്വാധീനത്താൽ അപ്രകാരമുള്ള ജീവിതം നയിക്കുന്നവരാണ് ഇവർ. പതനശേഷമുള്ള മനുഷ്യസ്വഭാവം പാപത്തോട് ചായ്‌വുള്ളതാണ് എന്ന പരമ്പരാഗത കാഴ്ചപ്പാട് തന്നെയായിരുന്നു അദ്ദേഹത്തിനും ഉണ്ടായിരുന്നത്. അതിനാൽ തന്നെ ആദ്ധ്യാൽമീക, ധാർമീക പ്രവർത്തികൾ അനുഷ്ഠിക്കുന്നതിന് ദൈവകൃപ ആവശ്യമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരു വ്യക്തി ആദ്ധ്യാൽമീക, ധാർമീക പ്രവർത്തികൾ അനുഷ്ഠിക്കുന്നു എന്നതിനർത്ഥം, അയാളുടെ ജീവിതത്തിൽ ദൈവകൃപയുണ്ട് എന്നാണ്.

‘അജ്ഞാത ക്രൈസ്തവർക്ക്’ രക്ഷ സംപ്രാപ്യമാണെങ്കിലും, അവർ ക്രിസ്തുമതത്തെ കണ്ടുമുട്ടുന്നതുവരെ മാത്രമാണ് ആ സാധ്യത നിലനിൽക്കുന്നത്.

സഭ (The Church)

സ്ഥാപന സംബന്ധിയായ അർത്ഥത്തിൽ ‘സഭ’ കൂദാശകളിൽ പങ്കുചേരുകയും, ഒരുമിച്ച് ആരാധിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ സംഘമാണ്. (ഭൂമിയിൽ) ക്രിസ്തുവിൻറെ മൗതീകശരീരമാണ് സഭ. അപ്പസ്തോലിക പാരമ്പര്യപ്രകാരം വൈദീകർക്ക് ക്രിസ്തുവിൽ അവരുടെ നിയമസാധുത കണ്ടെത്താവുന്നതാണ്.

എന്നാൽ, സഭയ്ക്ക് പുറത്ത് രക്ഷ സാധ്യമല്ല) (no salvation outside the visible Church; extra ecclesium nulla salus) എന്ന പരമ്പരാഗത വിശ്വാസം തെറ്റാണെന്ന് റാഹ്നർ വിശ്വസിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സഭ എന്നത് ‘ദൃശ്യമായ സഭ’ മാത്രമായിരുന്നല്ല, പ്രത്യുത  ‘അദൃശ്യ സഭ’യിൽ അംഗങ്ങൾ ആകാവുന്നവരും കൂടിച്ചേരുന്നതാണ്. (‘votum ecclesiae’ might be part of the ‘ecclesium ab Abel’.)

കത്തോലിക്കാ സഭയുടെ തുറവി (Open Catholicism)

റാഹ്നറുടെ ദൈവശാസ്ത്രത്തിൻറെ അടിസ്ഥാനം തന്നെ ‘കത്തോലിക്കാ സഭയുടെ തുറവി’ എന്ന കാഴ്ചപ്പാടാണ്. അന്യർക്ക് പ്രവേശനമില്ലാത്ത, രക്ഷിക്കപ്പെട്ടിരിക്കുന്നവരുടെ ഒരു സംഘം എന്നതിനപ്പുറം, ക്രിസ്തീയതയ്ക്ക് പുറത്തും, മറ്റു മതങ്ങളിലും, സത്യപ്രാപ്തിയുടെയും, രക്ഷയുടെയും സാദ്ധ്യതകൾ തുറന്നിരിക്കുന്ന അവസ്ഥയാണ് കത്തോലിക്കാ കാഴ്ചപ്പാട് എന്നതാണ് ആ ചിന്തയുടെ കാമ്പ്.

അനുഭവജ്ഞാനാതീതമായ ദൈവീകത (Transcendental Theology)

ദൈവം അനുഭവജ്ഞാനാതീതൻ (സമയബന്ധിതനല്ല) ആണെങ്കിലും, മനുഷ്യൻ സമയ, ചരിത്ര, സ്ഥല ബന്ധിയാണ്. അതായത്, ഒരു വ്യക്തിക്ക് ക്രിസ്തുമതം പരിചിതമാകണമെങ്കിൽ, അയാളുടെ ജീവിത ചരിത്രകാലത്ത് അത് അയാൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടണം.

മനുഷ്യർ സമയ-സ്ഥല ബന്ധിതരാണെങ്കിലും, അവരുടെ അസ്‌തിത്വത്തിനും അപ്പുറത്തേയ്ക്ക് കൈകൾ നീട്ടി സമയബന്ധിതനല്ലാത്ത ദൈവത്തെ സ്പർശിക്കുവാൻ ത്രാണിയുള്ളവരായാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ആല്മാവും ശരീരവുമുള്ള മനുഷ്യൻ ഭൗതീകനായിരിക്കുന്നതുപോലെ തന്നെ ആല്മീയനുമായതിനാലാണ് ഇത് സാധ്യമാകുന്നത്.

ദൈവത്തെ സംബന്ധിച്ച് എല്ലാവർക്കും ജന്മദത്തമായ ജ്ഞാനമുണ്ട്. ഈ കഴിവോടെയാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതനുസരിച്ച്, ഓരോ മനുഷ്യനും ചരിത്രപരമായി, ‘സമയത്തിനുള്ളിൽ’, ക്രിസ്തുമതത്തെ കണ്ടെത്തേണ്ട ആവശ്യമുണ്ടെങ്കിലും, സമയബന്ധിതനല്ലാത്ത ദൈവത്തെ കൈനീട്ടി സ്പർശിക്കുവാൻ കഴിവ് നല്കപ്പെട്ടിരിക്കുന്നതിനാൽ, അത് സംഭവിക്കുന്നതിന് മുൻപ് തന്നെ കൃപയുടെ അവസ്ഥയിൽ ആയിരിക്കുക സാധ്യമാണ്.

നാല് പ്രബന്ധങ്ങളിലൂടെയാണ് (വാദപ്രസ്‌താവം; thesis) റാഹ്നറുടെ ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ നല്കപ്പെട്ടിരിക്കുന്നത് എന്ന് കാണാവുന്നതാണ്. ഇനി നമുക്ക് അവയെക്കുറിച്ച് ചുരുക്കമായി പഠിക്കാം.

ഒന്നാം പ്രബന്ധം (ഒന്നാം വാദപ്രസ്‌താവം) First Thesis

മറ്റു മതങ്ങൾക്കില്ലാത്ത അദ്വിദീയതയും, പൂർണ്ണതയും  ക്രിസ്തുമതത്തിനുണ്ട്. സകല മനുഷ്യർക്കുമായി നല്കപ്പെട്ടിരിക്കുന്നതാണ് അത്. അതിനാൽ തന്നെ മറ്റുമതങ്ങൾക്ക് ക്രിസ്തുമതത്തിനോട് തുല്യതയില്ല എന്നതാണ് പരമ്പരാഗത ക്രൈസ്തവ വിശ്വാസം.

ക്രിസ്തുവാണ് ദൈവത്തിൻറെ സ്വയം വെളിപ്പെടുത്തൽ, മനുഷ്യാവതാരമാണ് ദൈവമനുഷ്യ ബന്ധത്തിൻറെ കാതൽ,  എന്നതാണ് ഈ വിശ്വാസത്തിന് അടിസ്ഥാനം. മനുഷ്യാവതാരത്തിൻറെ ആധികാരിക ക്രൈസ്തവ പഠനത്തിലാണ് വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തപ്പെടുവാൻ ആഗ്രഹിക്കുന്ന വിധം അത് നൽകപ്പെട്ടിരിക്കുന്നത് ക്രൈസ്തവീകതയിലാണ്.

എന്നിരിക്കിലും, സഭയും, ക്രൈസ്തവീകതയും എല്ലാ കാലത്തും നിലനിന്നിരുന്നിട്ടില്ലാത്തതിനാൽ അത് എല്ലാവർക്കും സംലഭ്യമല്ല. ക്രൈസ്തവീകതയ്ക്ക് ഒരു സഭാപൂർവ്വ ചരിത്രമുണ്ട്. (പഴയനിയമം ക്രിസ്തു  കേന്ദ്രീകൃതമാണ്). അതിനാൽത്തന്നെ സഭ സ്ഥാപിക്കപ്പെടുന്നതിന് മുൻപ് എല്ലാവർക്കും യേശുക്രിസ്തുവിൽ സ്പഷ്ടമായി വിശ്വസിക്കുക അസാധ്യമായിരുന്നു, കാരണം, അതിന് അവർ താന്താങ്ങളുടെ ജീവിത ചരിത്രത്തിനിടയിൽ തന്നെ ക്രിസ്തുമതവുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ട ആവശ്യമുണ്ടായിരുന്നല്ലോ?

രണ്ടാം പ്രബന്ധം (രണ്ടാം വാദപ്രസ്‌താവം) Second Thesis

ക്രൈസ്തവേതര സഭകൾക്ക് രക്ഷയുടെ മാധ്യമങ്ങൾ ആകുവാൻ സാധിക്കുമെന്നതിനാൽ അവ സാധുവാണ്. സൃഷ്ടി സംബന്ധിച്ച (എല്ലാവർക്കും സംലഭ്യമായ) സ്വാഭാവിക ജ്ഞാനത്തിനപ്പുറം, പ്രകൃത്യാതീതമായ  (supernatural elements) പ്രത്യേക വെളിപ്പെടുത്തലുകളും അവയിൽ ഉണ്ട്.

എല്ലാ മതങ്ങളും ഒരേ പോലെ നിയമാനുസൃതമാണെന്നോ, അവയെല്ലാം  നിരുപദ്രവകരമാണെന്നോ ഇതിനർത്ഥമില്ല. സ്വാഭാവികവും അതിസ്വാഭാവീകവുമായ ദൈവീകജ്ഞാനത്തിനൊപ്പം അവയിൽ ധാര്‍മ്മിക അധഃപതനങ്ങളും (‘depravity’) ഉണ്ട്.

മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തപ്പോൾ അവ ലഭിക്കാവുന്ന അടിയന്തിരാശ്വാസമാണ് മറ്റു മതങ്ങൾ. ഒരു ഘട്ടത്തിൽ ക്രിസ്തുമതം അവയ്ക്കെല്ലാം ബദലായിത്തീരണം.

ക്രിസ്തുമതത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും തങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി അത് സംജാതമായിട്ടില്ലാത്തവർക്ക് ഇതര മതങ്ങളിലൂടെ രക്ഷ സംപ്രാപ്യമാണ് (inclusivism). കാരണം, സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിന്, അത്തരം സാഹചര്യങ്ങളിൽ ഇതല്ലാതെ വേറെ മാർഗ്ഗങ്ങളില്ല.

മൂന്നാം പ്രബന്ധം (മൂന്നാം വാദപ്രസ്‌താവം) Third Thesis

അക്രൈസ്തവർക്ക് ദൈവത്തെക്കുറിച്ചു യാതൊന്നും അറിയില്ല എന്ന് ക്രൈസ്തവർ (മിഷണറിമാർ) കരുതരുത്. അവർക്ക് ആ തിരിച്ചറിവില്ലെങ്കിൽ പോലും, അവർക്ക് ദൈവത്തിന്റെ കൃപാസ്പർശം ഉണ്ടായിട്ടുണ്ടെങ്കിൽ, അവരുടെ ആദ്ധ്യാൽമീകതയിലും ദൈവസ്പർശം ഉണ്ടായിട്ടുണ്ട്. അത്തരം ഒരു വ്യക്തി ഒരു “അജ്ഞാത ക്രിസ്ത്യാനി” ആണ്.

നാലാം പ്രബന്ധം (നാലാം വാദപ്രസ്‌താവം) Fourth Thesis

ദൃശ്യ സഭയിൽ അംഗമാകുക എന്നത് രക്ഷയ്ക്ക് അനുപേക്ഷണീയമല്ലെങ്കിലും, ദൃശ്യ സഭ സുപ്രധാനമായ സ്ഥാനം തുടർന്നും വഹിക്കുന്നു. മറ്റിടങ്ങളിൽ സ്പഷ്ടമല്ലാത്ത വിധത്തിൽ സന്നിഹിതമായിരിക്കുന്നത്, ദൃശ്യ സഭയിൽ സ്പർശ്യവേദ്യമാംവിധം സന്നിഹിതമായിരിക്കുന്നു. മിഷനറി പ്രവർത്തനത്തിലൂടെ ഇത് എല്ലാവർക്കും സംലഭ്യമാകുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. എന്നിരിക്കിലും, റാഹ്നറെ സംബന്ധിച്ചിടത്തോളം, സകല മനുഷ്യരും ക്രിസ്തുവിൻറെ ഏക സഭയിൽ അംഗങ്ങൾ ആയിത്തീരും എന്നത് ലക്ഷ്യപ്രാപ്തിയിൽ എത്തുവാൻ സാധ്യതയില്ലാത്ത ആഗ്രഹമാണ്.

ഉപസംഹാരം

റാഹ്നറെ സംബന്ധിച്ച്‌ ഇത്രയെങ്കിലും സാമാന്യ ധാരണയില്ലാതെ അദ്ദേഹം വലിയ തോതിൽ സംഭാവന ചെയ്ത രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ പ്രമാണ രേഖകൾ, പ്രത്യേകിച്ചും രണ്ടാമത്തെ പ്രമാണരേഖയായ (constitution)  “ജനതകളുടെ പ്രകാശം” യഥാർത്ഥത്തിൽ ഏതു ദാർശനീകതയിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത് എന്നും, അത് യഥാർത്ഥത്തിൽ എന്താണ് ലക്‌ഷ്യം വയ്ക്കുന്നത് എന്നും അറിയുക സാധ്യമല്ല. രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സംബന്ധിക്കുന്ന സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പലർക്കും ഈ അടിസ്ഥാന ജ്ഞാനം പോലും ഇല്ല എന്നതാണ് ദുഖകരമായ യാഥാർഥ്യം.

 

 

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031