Select Page

മനുഷ്യചരിത്രത്തിലെ മാലാഖാമാരുടെ ഇടപെടലുകൾ

മനുഷ്യചരിത്രത്തിലെ മാലാഖാമാരുടെ ഇടപെടലുകൾ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

പല ദൈവശാസ്ത്രജ്ഞരും കരുതുന്നത് കാവൽ മാലാഖാമാരാണ് ദൈവീക കാവ്യപ്രചോദനം (Divine Inpiration) കൊണ്ടുവരുന്നത് എന്നാണ്. അപ്രകാരമല്ലായിരുന്നു എങ്കിൽ, നമ്മുടെ കർത്താവിൻറെ മുപ്പതാം വയസ്സിലെ മരണവേളയിലും പരിശുദ്ധ കന്യകയ്ക്ക് യവ്വനം കൈമോശം വന്നിരുന്നില്ല എന്ന് എങ്ങനെയാണ് മൈക്കൽ ആഞ്ചലോയ്ക്ക് മനസ്സിലായത്? അഥവാ, ലോറെൻസോ എങ്ങനെയാണ് ‘സ്വർഗ്ഗത്തിൻറെ കവാടം’ വരച്ചത്? അതുമല്ലെങ്കിൽ, ഗാഗുൽത്തായിലെ കൊടും പീഡനത്തിൻറെ മഹാദുരിതത്തിനിടയിൽ സുവിശേഷകന്മാർ സൂചിപ്പിച്ചുമാത്രം കടന്നുപോയ മറിയത്തിൻറെ മഹാസാന്നിധ്യത്തിൻറെ തീവ്രത, എങ്ങനെയാണ് മത്തിയാസ് ഗ്രൂണിവാൾഡിന് മനസ്സിലായത്? അവയൊക്കെയും അവയ്ക്ക് സാക്ഷ്യം വഹിച്ചിരുന്ന മാലാഖാമാർ വെളിപ്പെടുത്തിയതാകാം.

അതുമാത്രമല്ല, മുൻപ് നാം കണ്ടതുപോലെ, നമ്മുടെ ഓരോ ശരിയായ തിരഞ്ഞെടുപ്പുകളിലും അതി വിശ്വസ്തനായ ഒരു സുഹൃത്തായി നമ്മുടെ കാവൽ മാലാഖയുടെ മൃദു മന്ത്രണം നമുക്ക് ധൈര്യം പകർന്നു നല്കിയിട്ടുണ്ടാകാം.

മാലാഖാമാർ എല്ലായ്‌പ്പോഴും ആശ്വാസത്തിൻറെ നിറകുടങ്ങളാണോ എന്നറിയില്ല. ഒരു പക്ഷെ അവരുടെ സൃഷ്ടാവായ യേശുക്രിസ്തുവിൻറെ സ്വഭാവമായിരിക്കാം അവർക്കും ഉള്ളത്. ഇതിനെക്കുറിച്ചു Peter Kreeft-ൻറെ വിവരണം അനന്യമാണ്: “they comfort the afflicted and afflict the comfortable”.

അവർ നമ്മുടെ ക്ഷേമത്തിനായി നമ്മുടെ പിതാവ് അയച്ചിരിക്കുന്ന അവിടുത്തെ സുഹൃത്തുക്കളാണ്: പിശാച് അപകടകരമാം വിധം നമ്മോട് അടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് നിയുക്തരായിരിക്കുന്ന അതിശക്തരായ സുഹൃത്തുക്കൾ. J. R. R. Tolkien പറയുന്നത് പോലെ പ്രപഞ്ച സൃഷ്ടിയിൽ പിതാവിനോടൊപ്പം മനോഹരമായ പൊരുത്തമുള്ള ഗാനം പാടിയ[i] അവിടുത്തെ അനുചര വൃന്ദം.

മനുഷ്യരുമായുള്ള അവരുടെ ഇടപെടലുകൾ സൗഹൃദപരമായിരുന്നു എന്നിരിക്കിലും, അവർ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെല്ലാം അർഹിക്കുന്ന ബഹുമാനത്തിന് അവർ പാത്രമായി: അത്രമേൽ ഉഗ്രരൂപികളും മഹാതേജസ്വികളും ആയിരുന്നു അവർ. പ്രതാപവും ശക്തിയും അവർക്കു ചുറ്റും വഴിഞ്ഞൊഴുകി.

മനുഷ്യരുടെ അഹന്തയും, അധികാരവും അവർ കണക്കിലെടുത്തതേയില്ല. പ്രഭുക്കന്മാരുടെ പ്രഭുവായിരുന്ന അബ്രാഹാമിൻറെ ആതിഥ്യം സ്വീകരിച്ച[ii] അവർ സോദോമിലെയും ഗൊമോറയിലെയും തെമ്മാടികളെ വരച്ച വരയ്ക്കു നിർത്തി[iii]. അതിശക്തമായിരുന്ന ഫറവോയുടെ സാമ്രാജ്യത്തിലൂടെയും[iv], സെന്നാക്കരീബിന്റെ സൈന്യദളത്തിലൂടെയും[v] വെണ്ണയിലൂടെ കത്തിയെന്ന പോലെ അവർ കടന്നുപോയി. ഏറ്റവും ശക്തനായ പിശാചിനെ അവർ വെട്ടിവീഴ്ത്തി. സക്കറിയായെ ബധിരനും മൂകനുമാക്കി.

പക്ഷെ ചരിത്രത്തിൽ ഒരിക്കൽ, ഒരിക്കൽ മാത്രം, ഭീഷണമായ സ്വർഗ്ഗീയ ദളങ്ങളുടെ അധിപനായിരിക്കേ തന്നെ, ഒരു പതിനാറുകാരി പെൺകുട്ടിയുടെ മുന്നിൽ വിനീതനായി, എളിമയും, വിനയവും നിറഞ്ഞു പഞ്ചപുച്ഛമടക്കി ദൈവത്തിൻറെ പ്രധാന മാലാഖ നിന്നു[vi]. കാരണം, താൻ ആരെന്നും അവൾ ആരെന്നും അവനു നന്നായി അറിയാമായിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ധ്യാന വിഷയമാണിത്. സർവ്വസൃഷ്ടപ്രപഞ്ചവും അവളുടെ മറുപടിക്ക് കാതോർത്ത് നിന്ന ആ നിമിഷം അവളുടെ മറുപടി “സാധ്യമല്ല” എന്നായിരുന്നുവെങ്കിൽ, എന്താകുമായിരുന്നു നമ്മുടെ അവസ്ഥ?

നമ്മുടെ കർത്താവ് തൻറെ മനുഷ്യജീവിതം ആരംഭിച്ച ആ കൊടും തണുപ്പിൽ വിറങ്ങലിച്ച്, ഞരങ്ങിയും മൂളിയും അവൻറെ അമ്മയുടെ മാറിൽ അവിടുന്നു അഭയം തേടിയ ആ നിമിഷങ്ങളിൽ, ആകാശവിതാനം അവൻറെ മാലാഖമാരെക്കൊണ്ട് നിറഞ്ഞു[vii]. പിശാചിൻറെ പ്രലോഭനങ്ങളെ അവൻ അതിജീവിച്ച വിജയത്തിൻറെ നിമിഷങ്ങളിലും അവർ വന്നു; അവന് ശുശ്രൂഷ ചെയ്യുവാൻ[viii]. സകലരാലും ഉപേക്ഷിക്കപ്പെട്ട ഗത്സമേൻ നിമിഷങ്ങളിൽ അവനെ ആശ്വസിപ്പിക്കുവാനും ഒരു മാലാഖ വന്നു[ix]. ഗത്സമേൻറെ തീവ്രദുഃഖാനുഭവത്തിൽ സ്വർഗ്ഗത്തിൻറെ സമാശ്വാസം ഒരു മാലാഖയിലൂടെ സ്വീകരിച്ച അവൻ മനുഷ്യദുരിതത്തിൻറെ തീവ്രവേദനയുടെ നിമിഷങ്ങളിൽ നമുക്ക് ആശ്വാസത്തിന് തൻറെ മാലാഖയെ അയയ്ക്കാതിരിക്കുമെന്നോ?

തങ്ങളുടെ രാജാവ് അന്തിമവിജയം വിരചിച്ച മഹാ ഉത്ഥാനവേളയിലും അവർ വന്നു[x]. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്ന മനുഷ്യപ്പെൺകുട്ടിയുടെ ബുദ്ധിമോശത്തിൽ മഹാജ്ഞാനികളായ അവർ അത്ഭുതപ്പെട്ടിട്ടുണ്ടാകാം. മനുഷ്യാവതാരത്തിൻറെ ആദ്യ നിമിഷം ആകാശം നിറഞ്ഞതുപോലെ, യുഗാന്ത്യത്തിലും അവർ വരാനിരിക്കുന്നു[xi]: അവരുടെ കർത്താവിനൊപ്പം. അന്ന്, കരുണയുള്ള ഭദ്രാസനന്മാർ തങ്ങളുടെ നീതി പീഠങ്ങളിലിരുന്ന് തങ്ങളുടെ കർത്താവിന് വേണ്ടി ന്യായം വിധിക്കും.

 

[i] https://archive.org/details/The_Silmarillion

[ii] Genesis 18

[iii] Genesis 19. 11

[iv] Exodus 12:29

[v] 2 Kings 19:35

[vi] Luke 1. 26:38

[vii] Luke 2. 13

[viii] Matthew 4:11

[ix] Luke 22. 43

[x] John 20. 12-13

[xi] Matthew 24. 31

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031