Select Page

മാലാഖാമാരുടെ സൃഷ്ടിയും പരീക്ഷയും

മാലാഖാമാരുടെ സൃഷ്ടിയും പരീക്ഷയും

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

സൃഷ്ടപ്രപഞ്ചത്തിലെ നിഗൂഢ രഹസ്യങ്ങൾ പലതും ദുർഗ്രാഹ്യവും, പലപ്പോഴും  അപകടകരവുമാണ്. അങ്ങനെയെങ്കിൽ, അതിനുമപ്പുറമുള്ള രഹസ്യങ്ങളെക്കുറിച്ചു പഠിക്കേണ്ടി വരുമ്പോഴുള്ള അവസ്ഥ എത്ര വിഷമകരമായിരിക്കും?

ഷേക്സ്പിയറിൻറെ പ്രസിദ്ധ ശോകാന്ത്യ നാടകമായ “Hamlet, Prince of Denmark”-ൽ ഹാംലെറ്റ് തൻറെ പിതാവിൻറെ പ്രേതത്തെ കണ്ട് ഭയന്നിരിക്കുന്ന ഹൊറേഷ്യോയോട് പറയുന്ന ഒരു വാചകമുണ്ട്: “Horatio, there are more things in heaven and earth that you have dreamed in your philosophies.”[i] ഇത് മാലാഖാമാരെക്കുറിച്ചുള്ള നമ്മുടെ പഠനത്തിൽ അടിസ്ഥാനപ്രമാണമായി നാം മനസ്സിലാക്കേണ്ട വസ്തുതയാണ് എന്ന് എനിക്ക് തോന്നുന്നു.

മാലാഖമാരെക്കുറിച്ചുള്ള അറിവിൽ  തീർച്ചയായും എനിക്ക് ആധികാരികതയില്ല എന്നെനിക്കറിയാം. ഞാൻ പോകട്ടെ, വിശുദ്ധരും പണ്ഡിത കേസരികളുമായ ഡയനീഷ്യസ്[ii], അഗസ്റ്റിൻ, ഗ്രിഗറി, പീറ്റർ ലൊംബാർഡ്, ബൊനവഞ്ചർ, അക്വീനാസ് എന്നിവർ പോലും നിയതമായ അർത്ഥത്തിൽ മാലാഖാശാസ്ത്രത്തിൽ അറിവ് തികഞ്ഞവരാണ് എന്ന് ഞാൻ കരുതുന്നില്ല. അത്ര മാത്രം നിഗൂഢവും മനുഷ്യ ജ്ഞാനത്തിന് അപ്പുറമുള്ളതുമാണ് ഈ വിഷയം.

Angelology-യിലെ ഈ പഠനങ്ങളിൽ പ്രധാനമായും സഭാപഠനങ്ങളെ തന്നെയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ, പൗരാണിക കബാല, അപ്പോക്രിഫാ, നൊസ്റ്റിക്ക് ഗ്രന്ഥങ്ങളും, മധ്യകാല സഭാബാഹ്യ കൃതികളും പഠന വിധേയമാക്കിയിട്ടുണ്ട്. എന്നിരിക്കിലും, ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും, വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളും പരിപൂർണ്ണമായും സഭാപിതാക്കന്മാർക്ക് അഭിപ്രായ ഐക്യമുള്ള ആധികാരിക പഠനങ്ങളും, സഭയുടെ നിലപാടുമാണ്. സഭാപിതാക്കന്മാരിൽ തന്നെ, ഡയനീഷ്യസ്, അഗസ്റ്റിൻ, ഗ്രിഗറി, പീറ്റർ ലൊംബാർഡ്, ബൊനവഞ്ചർ, അക്വീനാസ് എന്നിവരെയാണ് അധികവും ആശ്രയിച്ചിരിക്കുന്നത്. അത് കൂടാതെ, ജെറോമിൻറെയും, ഹിലരിയുടേയും, ഹില്ഡഗാർഡിൻറെയും നിരീക്ഷണങ്ങളും കണക്കിലെടുത്തിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും, സുപ്രസിദ്ധ ആനുകാലിക Angelologist ആയ Peter Kreeft നമുക്ക് മാലാഖാമാരെക്കുറിച്ചുള്ള അവബോധത്തിൻറെ ആഴം സംബന്ധിച്ച് നൽകുന്ന ഒരു ഉദാഹരണം വളരെ പ്രാധാന്യമർഹിക്കുന്നതാണ് തോന്നുന്നു. “We know as much about angels as our pets know about what we do at our offices”.

ചുരുക്കിപ്പറഞ്ഞാൽ നമുക്ക് നമുക്ക് മാലാഖമാരെക്കുറിച്ചു വളരെ ചെറിയ അറിവേയുള്ളൂ. അവ ഇവയാണ്: മാലാഖമാർ ക്രിസ്തുവിൻറെ മാലാഖാമാരാണ്. മനുഷ്യരെപ്പോലെ തന്നെ അവരും ദൈവത്തിൻറെസൃഷ്ടികളാണ്.

മാലാഖമാർ സൃഷ്ടിക്കപ്പെട്ടത് എപ്പോൾ

അവർ സൃഷ്ടികൾ ആണെങ്കിൽ അവർ സൃഷ്ടിക്കപ്പെട്ട ഒരു സമയവും ഉണ്ടായിരിക്കണമല്ലോ? എപ്പോഴാണ് ദൈവം മാലാഖമാരെ സൃഷ്ടിച്ചത്? സമയങ്ങൾക്ക് മുൻപാണ് ദൈവം മാലാഖമാരെ സൃഷ്ടിച്ചത്. വസ്തു (matter) ഉണ്ടായതിനു മുൻപാണ് മാലാഖമാർ സൃഷ്ടിക്കപ്പെട്ടത്. അതിനുമുമ്പ് സമയത്തിനു സാംഗത്യം ഇല്ലല്ലോ? അതായത്, പ്രപഞ്ച സൃഷ്ടിക്കു മുൻപ് മാലാഖമാർ സൃഷ്ടിക്കപ്പെട്ടു. അതിനാൽ തന്നെ, വസ്തുക്കളുടെ ബന്ധനം (limitation) അവർക്ക് ഇല്ല. അവർ ശരീരം ഇല്ലാത്തവർ ആയിരുന്നതിനാൽ, ജഡബന്ധികൾ അല്ലാതിരുന്നതിനാൽ അവർക്ക് നിലനിൽപ്പിന് സ്ഥലം (space) ആവശ്യമുണ്ടായിരുന്നില്ല.

മാലാഖമാരുടെ പ്രത്യേകതകൾ

വിശുദ്ധ അക്വീനാസിൻറെ പഠനം അനുസരിച്ച്, ശരീരവും ആല്മാവും സമ്മേളിക്കുന്ന മനുഷ്യർക്ക് വികാരം, ഭാവന, ഇച്ഛ, ബുദ്ധി (emotion, imagination, will and intelligence) എന്നീ കഴിവുകൾ ഉണ്ട്. അവയിൽ വികാരം, ഭാവന എന്നിവ ശാരീരികമായ കഴിവുകളാണ് (physical properties). അതേസമയം, ഇച്ഛ, ബുദ്ധി എന്നിവ ആല്മാവിൻറെ ഗുണങ്ങളും. തിനാൽത്തന്നെ, പൂർണ്ണമായും ആല്മാവ്‌ മാത്രമായ മാലാഖമാർക്ക്  ഇച്ഛ, ബുദ്ധി എന്നീ ഗുണങ്ങൾ മാത്രമാണുള്ളത്, വികാരം, ഭാവന എന്നിവ ഇല്ല.

ബുദ്ധിയുടെ കാര്യത്തിൽ ജ്ഞാനികളായാണ് അവർ സൃഷ്ടിക്കപ്പെട്ടത്. അതിനാൽ തന്നെ ഒരു മനുഷ്യ ശിശു വളർന്നു വരുന്നതു പോലെ ശൈശവം ബാല്യം കൗമാരം യൗവനം തുടങ്ങിയ ശാരീരികവും മാനസികവുമായ അവസ്ഥകളിലൂടെ അവർ കടന്നു പോയിട്ടില്ല.

അറിവ് നിറഞ്ഞവരായാണ് അവർ സൃഷ്ടിക്കപ്പെട്ടത് എന്നിരിക്കിലും, ആ ഘട്ടത്തിൽ അവക്ക് ത്രിത്വദർശനം ലഭിച്ചിരുന്നില്ല. എങ്കിലും അവർക്ക് പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള അറിവ് ലഭ്യമാക്കപ്പെട്ടിരുന്നു. അതാകട്ടെ അവരിൽ നിവേശിപ്പിക്കപ്പെട്ടതാണ് (infused). അതായത്, അവർ ആ അറിവ് പ്രായേണ കരഗമാക്കിയതോ, അനുഭവത്തിൽ നിന്നും കാലക്രമേണ നേടിയെടുത്തതോ ആയിരുന്നില്ല എന്ന് സാരം. അതുപോലെ തന്നെ  വിശ്വാസം, പരസ്നേഹം, പ്രത്യാശ എന്നീ പുണ്യങ്ങൾ നിറഞ്ഞവരാണ് എല്ലാ മാലാഖമാരും.

മനുഷ്യർ പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്നത് പോലെയുള്ള ഭാഷകൾ അവർക്ക് ആവശ്യം ഉണ്ടായിരുന്നില്ല ഒരുതരം ടെലിപ്പതി പോലെയാണ് അവർ പരസ്പരം ആശയവിനിമയം നടത്തുന്നത്. അതായത്, ഒരു മാലാഖ മറ്റൊരു മാലാഖാ അറിയണമെന്ന് ആഗ്രഹിക്കുന്ന അറിവ് ആ നിമിഷം അതിൻറെ പൂർണ്ണതയിൽ മറ്റേ മാലാഖ ധരിക്കുന്നു എന്ന് സാരം.

ഒരു പ്രവർത്തിയുടെ ഫലം അറിയുന്നതിന് ഫലപൂർത്തി വരെ കാത്തിരിക്കേണ്ട ആവശ്യം അവർക്കില്ല.

കാര്യകാരണബന്ധം സംബന്ധമായ അറിവ് അവരിൽ ജന്മസിദ്ധമാണ്. കാരണം കാണുമ്പോൾ തന്നെ അതിൻറെ ഫലം അവർക്കറിയാം. കാരണം അവർക്ക് മനുഷ്യർ ഉള്ളതുപോലെ സമയത്തിൻറെ ബന്ധനം ഇല്ല. ഒരുതരം അന്തർജ്ഞാനം കൊണ്ടാണ് അവർ ഇതെല്ലാം മനസ്സിലാക്കുന്നത്.

ഇതു പറയുമ്പോൾ ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ ആണ് മാലാഖമാർ സർവ്വജ്ഞരാണ് എന്നത്. എന്നാൽ അത് ശരിയല്ല: അല്ല ദൈവം മാത്രമാണ് സർവജ്ഞൻ. മാലാഖമാർക്ക് “നൽകപ്പെട്ട” അറിവ് മാത്രമാണ് ഉള്ളത്.

അവർക്ക് അറിവില്ലാത്ത ധാരാളം കാര്യങ്ങൾ ഉണ്ട്. അവർക്ക് വെളിപ്പെടുത്തപ്പെടുന്ന കാര്യങ്ങൾ മാത്രമാണ് അവർക്ക് അറിയുന്നത്. (ഇക്കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല ധാരണ ഉണ്ടാകണം കാരണം തുടർന്നുള്ള നമ്മുടെ പഠനങ്ങളിൽ ഈ അറിവ് നമുക്ക് ഗുണകരമായിത്തീരും.)

എന്നാൽ അവർക്ക് അറിവുള്ള കാര്യങ്ങളിൽ അവർക്ക് അബദ്ധം (mistakes) സംഭവിക്കുകയില്ല. മറവി കൊണ്ടും മറ്റും മനുഷ്യർക്ക് അറിവുള്ള കാര്യങ്ങളിൽ പോലും അബദ്ധം സംഭവിക്കാം. ഉദാഹരണമായി ഒരു നല്ല ഡ്രൈവർക്ക് അശ്രദ്ധമൂലം അപകടം സംഭവിക്കാം. എന്നാൽ മാലാഖമാരെ സംബന്ധിച്ചിടത്തോളം, തങ്ങൾക്ക് അറിവുള്ള കാര്യത്തിൽ അബദ്ധം സംഭവിക്കുകയില്ല

ഇതു പറയുമ്പോൾ ദൈവം മുൻകൂട്ടി പ്ലാൻ ചെയ്തിരിക്കുന്ന വഴികളിലൂടെ മനുഷ്യൻ സഞ്ചരിച്ച് ദൈവത്തിൻറെ തന്നെ പദ്ധതിയുടെ ഭാഗമായി അബദ്ധത്തിൽ വീണുപോകുന്നു എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഈ അബദ്ധപഠനം ഒരു വലിയ വിഷയം ആയതിനാൽ അതിനെ കുറിച്ച് നാം പിന്നീട് പഠിക്കുന്നതാണ്. എന്തായാലും, വിധി വിശ്വാസം എന്നത് ശരിയായ ധാരണ അല്ല. (തോമിസ്റ്റുകളും മോളിനിസ്റ്റുകളും തമ്മിൽ നാനൂറോളം വർഷങ്ങൾ ഇക്കാര്യത്തെക്കുറിച്ചു നടന്ന സംവാദത്തെക്കുറിച്ചു ഞാൻ മുൻപ് നിങ്ങളോട് പറഞ്ഞത് ഓർമ്മയുണ്ടല്ലോ?)

മനുഷ്യചരിത്രം എങ്ങനെയാണ് കടന്നു പോകേണ്ടത് എന്ന് ദൈവം നേരത്തെ തീരുമാനിച്ചു വെച്ചിട്ട് അങ്ങനെതന്നെ മനുഷ്യചരിത്രം സംഭവിക്കുകയില്ല ഉണ്ടായിട്ടുള്ളത്. എന്താണ് നേർവഴി എന്ന് ദൈവം പറഞ്ഞു തന്നെങ്കിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം, അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മനുഷ്യൻറെ തീരുമാനത്തിൻറെ ഫലമാണ് ഇന്ന് ആയിരിക്കുന്ന മനുഷ്യ ചരിത്രം. ഇതിൽ ഉണ്ടായിരിക്കുന്ന അബദ്ധങ്ങളിൽ ദൈവം ഇടപെടുകയും അവയെ നന്മയ്ക്കായി പരിണമിപ്പിക്കുകയും ചെയ്ത സാഹചര്യമുണ്ടായിട്ടുണ്. മനുഷ്യാവതാരം തന്നെ അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ?

എന്നാൽ, ദൈവം ചരിത്രത്തെപൂർണ്ണമായും നിയന്ത്രിച്ച്, ഓരോ വ്യക്തിയുടേയും പ്രവർത്തനങ്ങളെ മുന്നോട്ട്   കൊണ്ടുപോകാറില്ല. എന്നാൽ അതേസമയം, അവൻറെ അനന്തജ്ഞാനത്തിൻറെ പിൻബലത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ദൈവത്തിനുണ്ട് താനും. ഇതാണ് ‘ദൈവത്തിൻറെ അനന്തജ്ഞാനം’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

മുമ്പ് നാം പറഞ്ഞതുപോലെ പ്രപഞ്ച സൃഷ്ടിയും മനുഷ്യ സൃഷ്ടിയും സംഭവിക്കുന്നതിന് മുമ്പ് തന്നെ മാലാഖമാർക്ക് അവരുടെ സൃഷ്ടിയുടെ വേളയിൽ തന്നെ മനുഷ്യവർഗ്ഗത്തിന് പതനം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്ന പരിശുദ്ധത്രിത്വം, മനുഷ്യപുത്രനെയും, മനുഷ്യാവതാരത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. “മനുഷ്യപുത്രൻ” എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക: ഇത് ഒരു വലിയ സംഗതിയാണ്

ഒരർത്ഥത്തിൽ പറഞ്ഞാൽ ദൈവത്തിൻറ സത്തയുടെ അഥവാ സ്വത്വത്തിൻറെ നിഷേധമാണ്, മഹത്വത്തിൽ താഴെയാണ്, മനുഷ്യൻറെ സ്ഥാനം എന്നത് ഓർമ്മയുണ്ടല്ലോ?

ഇത് മാത്രവുമല്ല അവർക്ക് ലഭിച്ചിരിക്കുന്ന ജ്ഞാനം വെച്ച് എന്താണ് മനുഷ്യാവതാരത്തിൻറെ ആവശ്യകത എന്നും അതിന് കാരണമായിരിക്കുന്ന മനുഷ്യൻ ബലഹീനതയെ കുറിച്ചും അവർക്ക് അറിവ് ലഭിച്ചിട്ടുണ്ട്. മനുഷ്യന് ദൈവം നൽകിയിരിക്കുന്ന സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം മാലാഖമാർക്കും ഉണ്ട്.

മാലാഖമാരുടെ പരീക്ഷണം

നാം പഠിക്കുന്ന വിഷയത്തിൻറെ വളരെ രസകരമായ ഒരു ഭാഗത്തിലേക്ക് ആണ് നാം ഇപ്പോൾ കടന്നുവരുന്നത്. തങ്ങൾ സൃഷ്ടിക്കപ്പെട്ട ഉടനെ ആദത്തിനും ഹവ്വയ്ക്കും ലഭിച്ച ഏക കല്പന പോലെ തന്നെ മാലാഖമാർക്കും ഒരു കല്പന  ലഭിച്ചിരുന്നു: ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതായിരുന്നു കൽപ്പന.

മാലാഖാമാരെ സംബന്ധിച്ചിടത്തോളം, അത് അവർക്ക് നൽകപ്പെട്ട ഒരു പരീക്ഷയാണ്. ‘പരീക്ഷ നൽകപ്പെട്ടു’ എന്ന്  പറയുമ്പോൾ ഇപ്പോഴുള്ള സമയക്രമത്തിനുള്ളിൽ നിന്നുള്ളതല്ല അത്. കാരണം ഇതുവരെയും വസ്തു സൃഷ്ടിക്കപ്പെട്ടിട്ടില്ല: ആയതിനാൽ സമയത്തിന് സാംഗത്യം ഇല്ലല്ലോ? ഇതിനെ ‘സമയം’ എന്നതിനേക്കാൾ ‘ഒരുഘട്ടം’ എന്ന് കരുതുന്നതാകും കൂടുതൽ ശരി. ഈ പരീക്ഷണം ഇവർക്ക് നൽകപ്പെട്ടത് അവരുടെ സൃഷ്ടിക്ക് ശേഷം അവരിൽ അറിവിനെ നിവേശിപ്പിച്ചതിന് (infuse) ശേഷമാണ്.

ഒരു അനുസരണത്തിൻറെ പരീക്ഷണമാണ് അവർക്ക് നൽകപ്പെട്ടത്. ഒരുപക്ഷേ ഈ കഥകളെല്ലാം നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽ നിന്നോ വല്യപ്പൻമാരിൽ നിന്നോ കേട്ടിട്ടുണ്ടാകണം.

അവർക്ക് നൽകപ്പെട്ട പരീക്ഷണം മനുഷ്യനായി ജനിക്കുന്ന ക്രിസ്തുവിനെ ആരാധിക്കുന്നതിനുള്ള നിർദ്ദേശം ആയിരുന്നു എന്ന് കരുതപ്പെടുന്നു. ചില ദൈവ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇപ്രകാരം ജനിക്കേണ്ട മനുഷ്യപുത്രൻറെ  മാതാവായ മറിയത്തെ അവരുടെ രാജ്ഞിയായി നിയമിക്കുകയും ചെയ്തു.

മാലാഖമാർക്ക് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു

ഈ നിർദ്ദേശം അനുസരിച്ച മാലാഖമാർക്ക് ദൈവ തിരുമുഖം ദർശിക്കുന്നതിന് ഉള്ള അനുഗ്രഹം (beatification) ലഭിച്ചു. ഇതിനെക്കുറിച്ച് ഞാൻ മുൻപ് പറഞ്ഞകാര്യം ഓർമയുണ്ടല്ലോ: തങ്ങൾ സൃഷ്ടിക്കപ്പെട്ട സമയം അവർക്ക് ദൈവദർശനം ലഭിച്ചിരുന്നില്ല. സൃഷ്ടിയുടെ സമയത്ത് അവർക്ക് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ദൈവതിരുമുഖ ദർശനം ലഭിച്ചിരുന്നില്ല.

ഈ പരീക്ഷയുടെ ഘട്ടത്തെ കുറിച്ച് നല്ല ധാരണ ഉണ്ടാകണം. ഈ ഘട്ടത്തിൽ പ്രപഞ്ചസൃഷ്ടി നടന്നിട്ടില്ല.     അതിനാൽ തന്നെ വസ്തു ഉണ്ടായിട്ടില്ല. സ്വാഭാവികമായും മനുഷ്യസൃഷ്ടി സംഭവിച്ചിട്ടില്ല. മനുഷ്യസൃഷ്ടി സംഭവിച്ചിട്ടില്ലാത്തതിനാൽ മനുഷ്യൻറെ വീഴ്ചയും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ മനുഷ്യാവതാരത്തിൻറെ ആവശ്യകതയും ഉണ്ടായിട്ടില്ല. എന്നിരിക്കലും തൻറെ അനന്ത ജ്ഞാനത്തിൽ മനുഷ്യാവതാരത്തിൻറെ ആവശ്യകതയെക്കുറിച്ച് അറിവുള്ള പരിശുദ്ധ ത്രിത്വം മാലാഖമാരിൽ നിവേശിപ്പിച്ചിരിക്കുന്ന അറിവിൽ, വരാനിരിക്കുന്ന മനുഷ്യാവതാരത്തെക്കുറിച്ച് മാലാഖമാർക്ക് ധാരണ നൽകി.

ഇക്കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയില്ല. ദൈവീക വെളിപ്പെടുത്തലുകളും പാരമ്പര്യങ്ങളുമാണ് നമ്മുടെ നിഗമനങ്ങൾക്ക് നിദാനം. പാരമ്പര്യമനുസരിച്ച് മാലാഖമാരിൽ മൂന്നിൽ രണ്ടു വിഭാഗം ദൈവകല്പന പൂർണമായും അനുസരിച്ചപ്പോൾ മൂന്നിലൊരുഭാഗം അതിനു വിസമ്മതിച്ചു. അതിന് ഉപോൽബലകമായ വിശുദ്ധഗ്രന്ഥ ഭാഗമാണ് വെളിപാട് 12. 3-4: “സ്വർഗ്ഗത്തിൽ മറ്റൊരടയാളം കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരു വലിയ സർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. അതിൻറെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു” എന്ന ഭാഗം എന്ന് കരുതപ്പെടുന്നു.

നിർദ്ദേശം അനുസരിക്കാതിരുന്ന മാലാഖമാർക്ക് ദൈവതിരുമുഖം ദർശിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുകയും അവർ നരകത്തിന് അവകാശികൾ ആയിത്തീരുകയും ചെയ്തു. എന്നാൽ, അവർ പൂർണ്ണമായും നരകത്തിൽ ബന്ധിതരാണ് എന്ന് കരുതപ്പെടുന്നില്ല. അവർക്ക് ഭൂമിയിൽ ചുറ്റി സഞ്ചരിക്കുന്നതിനും സാധിക്കുമെങ്കിൽ മനുഷ്യരെ പ്രലോഭനത്തിൽ ഉൾപ്പെടുത്തുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ഇതുപോലെ തന്നെ മനുഷ്യനാവശ്യമായ സൽബോധനങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനും മാലാഖമാരുടെയും സാന്നിധ്യമുണ്ട്. ഇവരാണ് കാവൽ മാലാഖമാർ എന്നറിയപ്പെടുന്നത്.

ഇനി നമുക്ക് മാലാഖമാരുടെ വിവിധ വിഭാഗങ്ങളെ കുറിച്ച് പഠിക്കാം.

[i] Hamlet (1.5.167-8)

[ii] De Coelesti Hierarchia (On the Celestial Hierarchy)

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031