Select Page

ആമസോൺ സിനഡ്

 

“ആമസോൺ സിനഡ്” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന The Synod of Bishops for the Pan-Amazon Region ഈ ഒക്ടോബർ 6 മുതൽ 27 വരെ റോമിൽ കൂടിച്ചേർന്നത് വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണല്ലോ? യഥാർത്ഥത്തിൽ, സിനഡിന്റെ അന്തിമ രേഖയെ സംബന്ധിച്ച മാർപാപ്പയുടെ തീരുമാനം ഇനിയും ലഭ്യമല്ലാത്തതിനാൽ, പ്രാരംഭ-അന്തിമ രേഖകളെക്കുറിച്ചുള്ള ചർച്ചകളും, പഠനങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വിവരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസുവെല, സുരിനാം എന്നീ രാജ്യങ്ങളിലായി ഏതാണ്ട് 6,000,000 ച. കിമി. പരന്നുകിടക്കുന്ന ഈ ദേശത്ത് 400 ഗോത്രവിഭാഗങ്ങളിലായി, 240 ഭാഷകൾ സംസാരിക്കുന്ന 2.8 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്നു. ഫ്രാൻസിസ് പാപ്പയുടെ തന്നെ അഭിപ്രായത്തിൽ, ഈ സിനഡിന്റെ ചർച്ചാവിഷയം “ആ ദേശങ്ങളിലെ ജനവിഭാഗങ്ങളെ സുവിശേഷവൽക്കരിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ കണ്ടെത്തുക” എന്നതാണ്.

യാത്രാസൗകര്യങ്ങളുടെ അഭാവം, ഭാഷാ വൈപുല്യം, സമ്പന്നരായ എസ്റ്റേറ്റ് ഉടമകളുടെയും ബിസിനസ്സുകാരുടെയും എതിർപ്പ് എന്നിവയാണ് തദ്ദേശീയരായ ഈ ജനതകളുടെ സുവിശേഷവൽക്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നവയായി സിനഡിന്റെ മുന്നൊരുക്ക സമിതി കണ്ടെത്തിയ പ്രധാന കാരണങ്ങൾ.

യഥാർത്ഥത്തിൽ ഈ പ്രതിസന്ധികൾ സമകാലീന സൃഷ്ടിയല്ല എന്ന് വേണം കരുതാൻ, കാരണം,  1912 ലെ ചാക്രികലേഖനം “Lacrimabili statu”[i] പെറുവിലെ റബ്ബർ എസ്റ്റേറ്റ് മുതലാളിമാരിൽനിന്നും തദ്ദേശ വാസികൾ അനുഭവിക്കുന്ന ചൂഷണത്തെ അപലപിക്കുകയും, ആ ജനങ്ങളെ സംരക്ഷിക്കാതിരുന്ന കപ്പൂച്ചിൻ സന്യാസിമാരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടല്ലോ?

2017 ൽ പെറുവിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ച  താല്പര്യപ്രകാരം ഉരുത്തിരിഞ്ഞതാണ് “ആമസോൺ സിനഡ്”. നാലായിരത്തോളം ആമസോൺ വനവാസികളുമായി 2018 ജനുവരി 19-ന് അദ്ദേഹം നടത്തിയ മീറ്റിങ്ങിൽ പറഞ്ഞതനുസരിച്ച്, “ഈ ജനതകൾ ഇന്ന് മറ്റെല്ലാ കാലങ്ങളിലേക്കാളും അധികമായി ചൂഷണവിധേയരായിക്കൊണ്ടിരിക്കുന്നു”. കൂടാതെ ഇവർക്ക് സഹായകരമായ “ഒരു ആഗോള മാർക്കറ്റിന്റെ (a globalized market) ആവശ്യകത”യും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മേൽപ്പറഞ്ഞ സംഗതികളുടെ വെളിച്ചത്തിലാണ് പാപ്പാ ‘ആമസോൺ സിനഡി’ന് മുൻകൈ എടുത്തത്. 2019 ജൂൺ 17 ന് പ്രസിദ്ധപ്പെടുത്തിയ സിനഡിന്റെ (പ്രാരംഭ) പ്രവർത്തന രേഖ (instrumentum laboris[ii]) പ്രകാരം,, സിനഡിന്റെ പ്രധാന ചർച്ചാ വിഷയങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ കൂടാതെ, താഴെപ്പറയുന്ന “തർക്കവിഷയങ്ങളും”  ഉൾപ്പെട്ടിരുന്നു. (പ്രധാനമായും മൂന്ന് തർക്ക വിഷയങ്ങളാണ്  സിനഡിന്റെ പ്രാരംഭാരേഖയെ ചർച്ചാവിഷയമാക്കിയത്):

  1. സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുക.
  2. തദ്ദേശീയ വൈദീകരുടെ അഭാവത്തിൽ കൂദാശാപരികർമ്മത്തിന് വിവാഹിതരായ പുരുഷന്മാരെയും വൈദീകരാക്കുക. (പസഫിക് ദേശത്തെ ജനത അനുഭവിക്കുന്ന വൈഷമ്യം കണക്കിലെടുത്ത്, വിവാഹിതരായ പുരുഷന്മാരെയും വൈദീകരാക്കുന്ന വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് 2019 ജനുവരിയിൽ പാപ്പാ പറഞ്ഞിരുന്നു എന്നത് ഇവിടെ സൂചനീയമാണ്.)
  3. ആമസോൺ ദേശത്തെ പ്രത്യേക കാലാവസ്ഥയിൽ പെട്ടന്ന് നശിച്ചുപോകുവാൻ സാധ്യതയുള്ള ഗോതമ്പ് നിർമ്മിതമായ ഓസ്തിക്ക് പകരം, യൂക്ക സസ്യത്തിന്റെ (കിഴങ്ങിലെ) പൊടിയിൽ നിന്നുണ്ടാക്കുന്ന ഓസ്തി ഉപയോഗിക്കുന്നതിന്റെ സാംഗത്യം (ആരാധനാക്രമത്തിൽ അനുയോജ്യമായ മാറ്റം വരുത്തണം).

അന്തിമ രേഖയിൽ ഈ വിഷയങ്ങൾ യഥാക്രമം 103, 111, 119 ഉപഭാഗങ്ങളായി സിനഡ് വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചു. (സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകൽ 137 – 30; വിവാഹിതരായ പുരുഷന്മാരെയും വൈദീകരാക്കൽ 128 41; ആരാധനാക്രമമാറ്റം 140 – 19 എന്ന പ്രകാരം അനുകൂല-പ്രതികൂല വോട്ടുകളുടെ പിന്തുണയോടെ) .

എതിർപ്പുകൾ

എന്നാൽ ഈ തീരുമാനങ്ങൾ ആഗോള സഭയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തി എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ?

മുൻകൂട്ടി ഉറപ്പിച്ച ചില തീരുമാനങ്ങൾ നടപ്പിൽവരുത്തുക എന്ന ഉദ്ദേശത്തോടെ “പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട” ഒരു വിഭാഗം ബിഷപ്പുമാരെയും പ്രതിനിധികളെയുമായിരുന്നു സിനഡിന് വിളിച്ചത് എന്നതായിരുന്നു സിൻഡിനെതിരെ ഉയർന്ന ഒരു ആരോപണം.

ഈ ആരോപണത്തിനപ്പുറം, പല പ്രഗത്ഭ ദൈവശാസ്ത്രജ്ഞരും മറ്റുചില അപകടങ്ങളും രേഖയിൽ ദർശിച്ചു. കർദിനാൾ Walter Brandmüller അഭിപ്രായപ്പെട്ടതനുസരിച്ച്, ഈ രേഖ “അലംഘനീയങ്ങളായ (binding) സഭാ നിയമങ്ങൾക്ക് എതിരായതിനാൽ പാഷണ്ഡ പഠനമാണ്”.

വിശ്വാസ തിരുസംഘത്തിന്റെ തലവനായിരുന്ന കർദിനാൾ Gerhard Müller, “ദൈവീക വെളിപ്പെടുത്തലിനെതിരായ അബദ്ധ പഠനമാണ്” ഇത് എന്നും, “മാർപാപ്പയ്ക്കോ, സിനഡുകൾക്കോ, സൂനഹദോസുകൾക്കോ സ്ത്രീകളെ ബിഷപ്പുമാരോ, വൈദീകരോ, ഡീക്കന്മാരോ ആക്കുന്നത് സാധുവായി പ്രഖ്യാപിക്കുവാൻ അധികാരമില്ല” എന്നും അഭിപ്രായപ്പെട്ടു.

Raymond Leo Burke, Athanasius Schneider തുടങ്ങിയ പ്രഗത്ഭ കര്ദിനാള്മാർ “അബദ്ധപഠനങ്ങളും പാഷണ്ഡതകളും സിൻഡിനെ ദുഷിപ്പിക്കാതിരിക്കാൻ” നാൽപ്പത് ദിവസത്തെ ഉപവാസപ്രാര്ഥന യജ്ഞം ആഹ്വാനം ചെയ്തു. ബർക്കിന്റെ അഭിപ്രായത്തിൽ രേഖ “ക്രിസ്തുവിന്റെ രാജത്വത്തിൻമേലുള്ള നേർ ആക്രമണവും, വിശ്വാസ പരിത്യാഗവുമാണ്”.

വെനിസുവേലൻ കർദിനാൾ Jorge Liberato Urosa Savino അഭിപ്രായപ്പെടുന്നതനുസരിച്ച്, പ്രാരംഭ രേഖ “പാരിസ്ഥിതി വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നുണ്ടെങ്കിലും, സഭയുടെ അനുഷ്ഠാനരീതികളെയും സുവിശേഷ പ്രഘോഷണവിഷയത്തെയും സംബന്ധിച്ച് അബദ്ധജടിലമാണ്”.

Congregation for Divine Worship-ന്റെ തലവനായ കർദിനാൾ Robert Sarah യുടെ അഭിപ്രായത്തിൽ, ഈ വിഷയങ്ങൾ സഭയിലെ ചില തൽപരകക്ഷികൾ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഉപയോഗിക്കുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇവ ഒരു പ്രാദേശീക സിനഡിൽ ചർച്ച ചെയ്യപ്പെടാൻ പാടില്ല. സഭയിലെ നവീകരണ വാദികൾക്ക് പൊതുവെ നേതൃത്വം നൽകുന്നത്  ജർമൻ സഭ യാണല്ലോ? അവരിൽ പ്രമുഖനായ ബിഷപ് Franz-Josef Bode ആമസോൺ സിനഡിന്റെ മാതൃകയിൽ യൂറോപ്പിലും വിവാഹിതരായ വൈദീകരെ അംഗീകരിക്കുന്നതും, സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു സിനഡ് ഉടനെ കൂടേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു എന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്..

ഉക്രേനിയൻ-ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ Sviatoslav Shevchuk, കർദിനാൾ Camillo Ruini തുടങ്ങിയ പ്രഗത്ഭരും ഈ വിഷയങ്ങൾ ചർച്ചയ്ക്ക് വരേണ്ടവയല്ല എന്ന അഭിപ്രായക്കാരാണ്.

“മോഡേണിസ”ത്തിന്റെ സഭയിലെ ദുസ്വാധീനത്തിന്റെ ഏറ്റവും പുതിയതും ദൂരവ്യാപകമായ ഭീകരഫലങ്ങൾ ഉളവാക്കുന്നതുമാണ് ഈ സിനഡ് രേഖ എന്ന് പാരമ്പര്യവാദികൾ ആരോപിക്കുന്നു. 1832 -ൽ ഗ്രിഗറി പതിനാറാമൻ Mirari vos[iii], 1907- ൽ  പത്താം പീയൂസ് Pascendi Dominici gregis[iv]  എന്നീ ചാക്രിക ലേഖനങ്ങളിലൂടെ “എല്ലാ പാഷണ്ടതകളുടെയും വിളനിലം” എന്ന് പ്രഖ്യാപിച്ചിട്ടുള്ളതും, ജോൺ പോൾ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും നഖശിഖാന്തം എതിർത്തിരുന്നതുമാണ് മോഡേണിസം എന്ന് അവർ ആരോപിക്കുന്നു. പാരമ്പര്യവാദികളുടെ അഭിപ്രായത്തിൽ, സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നവീകരണവാദികൾ ഇത്തരം ‘തിരുത്തലുകൾ’ ആവശ്യപ്പെടുന്നത്.

സിനഡിനോടനുബന്ധിച്ചുനടന്ന ചില ചടങ്ങുകളും പലർക്കും ഇടർച്ചയ്ക്ക് കാരണമായി. ആമസോൺ ദേശക്കാരുടെ ദേവതയായ പാച്ചമാമയുടേത് (Pachamama) അടക്കം അനേകം പ്രതിമകളും രൂപങ്ങളും സിനഡിനിടയിൽ കൈകാര്യം ചെയ്യപ്പെട്ട രീതി “ദൈവനിന്ദാപരവും, അന്ധവിശ്വാസപരവുമായിരുന്നു” എന്ന് ആരോപിക്കപ്പെടുന്നു.

എന്തായാലും, “ആമസോൺ ദേശത്തെ അസാധാരണ സാഹചര്യങ്ങളും, വ്യവസ്ഥിതിയും പരിഗണിച്ച്” 2019 ഒക്റ്റോബർ 26 ന്, 41-ന് എതിരെ 128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്തിമരേഖ പാസാക്കപ്പെടുകയും, മാർപാപ്പയുടെ അനുമതിക്കായി സമർപ്പിക്കപ്പെടുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ മാർപാപ്പയുടെ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാർപാപ്പയ്ക്ക് രേഖയിലെ തീരുമാനങ്ങളെ പൂർണ്ണമായോ, ഭാഗീകമായോ അംഗീകരിക്കുന്നതിനും, തള്ളിക്കളയുന്നതിനും അധികാരമുണ്ട് എന്നതിനാൽ ആകാംക്ഷയോടെയാണ് സഭാ സമൂഹം അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. സിനഡിന്റെ തീരുമാനങ്ങളെ അദ്ദേഹം അംഗീകരിക്കുന്ന പക്ഷം, അത് ഒരുപക്ഷെ ആഗോള സഭയെ നെടുകെ പിളർക്കാനും സാധ്യതയുണ്ട് എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്.

[i] http://w2.vatican.va/content/pius-x/en/encyclicals/documents/hf_p-x_enc_07061912_lacrimabili-statu.html

[ii] http://www.sinodoamazonico.va/content/sinodoamazonico/en/documents/pan-amazon-synod–the-working-document-for-the-synod-of-bishops.html

[iii] https://w2.vatican.va/content/gregorius-xvi/it/documents/encyclica-mirari-vos-15-augusti-1832.html

[iv] http://w2.vatican.va/content/pius-x/en/encyclicals/documents/hf_p-x_enc_19070908_pascendi-dominici-gregis.html

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031